ഒട്ടാവ: ഏപ്രില്‍ ഒന്നുമുതല്‍ കാനഡയില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഏറ്റവും കുറഞ്ഞ മണിക്കൂര്‍ വേതനം 16.65 ഡോളര്‍ ആയി ഉയര്‍ത്തി ഫെഡറല്‍ ഗവണ്‍മെന്റ്. 15.55-ഡോളറില്‍ നിന്നാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്.
2022ല്‍ 6.8 ശതമാനം ഉയര്‍ന്ന ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് വര്‍ധനയെന്ന് സര്‍ക്കാര്‍ പറയുന്നു.
ഫെഡറല്‍ ഗവര്‍മെന്റ് മിനിമം വേതനം ബാങ്കുകള്‍, തപാല്‍, കൊറിയര്‍ സേവനങ്ങള്‍, അന്തര്‍ പ്രവിശ്യാ എയര്‍, റെയില്‍, റോഡ്, മറൈന്‍ ഗതാഗതം എന്നിവയുള്‍പ്പെടെ ഫെഡറല്‍ നിയന്ത്രിത സ്വകാര്യ മേഖലകള്‍ക്ക് ബാധകമാണ്.
ഒട്ടാവ 2021-ല്‍ ഫെഡറല്‍ മിനിമം വേതനം മണിക്കൂറിന് 15 ഡോളര്‍ ആയി നിശ്ചയിക്കുകയും പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി ഓരോ വര്‍ഷവും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ വര്‍ഷവും ഏപ്രില്‍ 1 നാണ് മാറ്റങ്ങള്‍ വരുത്തുന്നത്. പ്രൊവിന്‍ഷ്യല്‍ അല്ലെങ്കില്‍ ടെറിട്ടോറിയല്‍ മിനിമം വേതന നിരക്ക് ഫെഡറല്‍ നിരക്കിനേക്കാള്‍ കൂടുതലാണെങ്കില്‍, തൊഴിലുടമകള്‍ ഉയര്‍ന്ന തുക നല്‍കണം .