സണ്‍വിംഗ് വിമാനത്തിലെ പാര്‍ട്ടിയെ കുറിച്ച് അന്വേഷിക്കണമെന്ന് ഫെഡറല്‍ ഗതാഗത മന്ത്രി


JANUARY 5, 2022, 11:36 PM IST

ടൊറന്റോ: മെക്‌സിക്കോയിലെ കാന്‍കൂണിലേക്ക് പറന്ന സണ്‍വിംഗ് എയര്‍ലൈന്‍സ് വിമാനത്തിലെ സ്വീകരിക്കാനാവാത്ത പെരുമാറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡയോട് ആവശ്യപ്പെട്ടതായി ഫെഡറല്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു. 

ഡിസംബര്‍ 30ന് പറന്ന വിമാനത്തിനുള്ളിലെ ചില വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാസ്‌ക്ക് ധരിക്കാത്ത യാത്രക്കാര്‍ അടുത്തിടപഴകുന്നതും വിമാനത്തില്‍ സീറ്റുകള്‍ക്കിടയില്‍ നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. വലിയൊരു കുപ്പി വോഡ്ക യാത്രക്കാര്‍ പരസ്പരം കൈമാറുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം ചാര്‍ട്ടേഡ് വിമാനമായിരുന്നു അതെന്നാണ് സൂചന. യാത്രക്കാരില്‍ ചിലര്‍ ക്യൂബെക്ക് റിയാലിറ്റി ടെലിവിഷന്‍ ഷോകളില്‍ നിന്നുള്ള കാസ്റ്റ് ചെയ്ത അംഗങ്ങളാണ്. 

കോവിഡ് വ്യാപനത്തിന്റെ അപകട സാധ്യതകള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് അല്‍ഗാബ്ര ട്വീറ്റ് ചെയ്തു. 

വിമാനത്തിലെ പെരുമാറ്റം അസ്വീകാര്യമാണെന്നാണ് ഏകദേശം ആയിരം സണ്‍വിംഗ് ഫ്‌ളൈറ്റ് അറ്റന്റന്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക്ക് എംപ്ലോയീസ് ലോക്കലിന്റെ പ്രസിഡന്റ് റീന കിസ്ഫാല്‍വിയും പറഞ്ഞത്. 

വിമാനത്തിനുള്ളിലുണ്ടായ പെരുമാറ്റത്തെ കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കാനഡയെ അറിയിച്ചിട്ടുണ്ടെന്നും സുരക്ഷാ വിഭാഗം കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പ്രസ്താവനയില്‍ സണ്‍വിംഗ് അറിയിച്ചു. തങ്ങളുടെ ജീവനക്കാരുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും യാത്രക്കാരുടെ പെരുമാറ്റം അനിയന്ത്രിതവും കനേഡിയന്‍ ഏവിയേഷന്‍ റെഗുലേഷനുകളും പൊതുജനാരോഗ്യ ചട്ടങ്ങളും ലംഘിക്കുന്നതുമായിരുന്നെന്ന് സണ്‍വിംഗ് പറഞ്ഞു. 

ജനുവരി അഞ്ചിന് മോണ്‍ട്രിയലിലേക്കുള്ള തിരിച്ചുവരവിന് വ്യവസ്ഥകള്‍ വെച്ചതായും എന്നാല്‍ എല്ലാ നിബന്ധനകളും അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സണ്‍വിംഗ് വിമാനം റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.

Other News