പൈലറ്റുമാരുടെ എണ്ണം കുറവ്; പറക്കല്‍ പ്രതിസന്ധി നേരിട്ട് കാനഡ


JANUARY 31, 2023, 10:49 PM IST

ടൊറന്റോ: കോവിഡും കാലാവസ്ഥയും പലവിധ പ്രതിസന്ധികളുണ്ടാക്കിയ വ്യോമയാന മേഖലയില്‍ യോഗ്യതയുള്ള പൈലറ്റുമാരുടെ അഭാവം കൂടി അനുഭവിച്ച് കാനഡ. പൈലറ്റുമാരുടെ കുറവ് കാനഡയിലെ വിമാന യാത്രകളുടെ താളം തെറ്റിക്കുകയാണ്. 

ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ കണക്കനുസരിച്ച് കോവിഡിന് മുമ്പ് പ്രതിവര്‍ഷം ഏകദേശം 1100 പൈലറ്റ് ലൈസന്‍സുകള്‍ വരെ നല്‍കിയിരുന്നു. എന്നാല്‍ 2020-ല്‍ വിമാന യാത്രയില്‍ കുറവ് അനുഭവപ്പെട്ടതോടെ പുതിയ പൈലറ്റുമാരുടെ എണ്ണവും താഴേക്ക് പോയി. 2020ല്‍ 500-ല്‍ താഴെ ലൈസന്‍സുകളാണ് നല്‍കിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. ഇത് 2021ല്‍ 300ല്‍ താഴെയും 2022്ല്‍ 238-ഉം ആയി കുറഞ്ഞു.

എയര്‍ലൈന്‍ മേഖലയിലെ തൊഴിലാളി ക്ഷാമം പ്രവര്‍ത്തനത്തിനുള്ള മുന്‍ഗണനാ മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ നിലവില്‍ പദ്ധതികളൊന്നുമില്ല. കടുത്ത കാലാവസ്ഥയ്ക്ക് പുറമേ ജീവനക്കാരുടെ കുറവും കൂടി പരിഗണിച്ച് ഡിസംബറിലെ അവസാന രണ്ടാഴ്ചയ്ക്കുള്ളില്‍ 67 ഫ്ളൈറ്റുകളാണ് ചാര്‍ട്ടര്‍ എയര്‍ലൈനായ സണ്‍വിംഗ് റദ്ദാക്കിയത്. 

പരിചയസമ്പന്നരായ പൈലറ്റുമാര്‍ക്ക് പ്രധാന എയര്‍ലൈനുകളില്‍ ശമ്പളം വളരെ വേഗത്തിലാണ് വര്‍ധിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുക്കുന്നു. അതോടെ പല സ്ഥാപനങ്ങളിലും പൈലറ്റ് ക്ഷാമം അനുഭവപ്പെടുകയാണ്. 

കോവിഡിന് മുമ്പുതന്നെ വര്‍ഷങ്ങളായി നിലവിലുള്ള പ്രശ്‌നമാണിതെന്ന് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് കാനഡയുടെ തലവന്‍ പറയുന്നു. വര്‍ഷങ്ങളായി തങ്ങള്‍ക്ക് ആവശ്യമായത്ര പൈലറ്റുമാരില്ലെന്നും പ്രാദേശികതലത്തില്‍ അതിന്റെ അഭാവം കൂടുതലാണെന്നുമാണ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് കാനഡ തലവന്‍ ജോണ്‍ മക്കെന്ന പറഞ്ഞു. 

പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച് നിരവധി വര്‍ഷത്തെ പരിശീലനത്തിലൂടെയാണ് കൊമേഴ്സ്യല്‍ ലൈസന്‍സ് നേടുന്നത്. കാനഡയില്‍ വെസ്റ്റ്ജെറ്റിലോ എയര്‍ കാനഡയിലോ ഒരു സ്വപ്ന ജോലിയില്‍ ആ യാത്ര അവസാനിക്കുന്നു. എന്നാല്‍ ഒരു പുതിയ പൈലറ്റിനെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവും സമയവും കാരണം പ്രധാന എയര്‍ലൈനുകള്‍ പലപ്പോഴും അവരുടെ സ്വന്തം ജീവനക്കാരെ കൂടുതല്‍ പരിശീലിപ്പിക്കുന്നതിന് പകരം ചെറിയ വിമാനക്കമ്പനികളില്‍ നിന്ന് ഉയര്‍ന്ന ജീവനക്കാരെ നിയമിക്കുകയാണ് ചെയ്യുന്നത്. 

പൈലറ്റുമാരുടെ ആവശ്യം നിറവേറ്റുന്നതിന് അറുപതിലേറെ താത്ക്കാലിക വിദേശ തൊഴിലാളികളെ കൊണ്ടുവരാന്‍ സണ്‍വിംഗ് അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. 2022 അവസാനത്തോടെ പ്രശ്‌നം രൂക്ഷമായതോടെ  എയര്‍ലൈന്‍ സസ്‌കാച്ചെവാനില്‍ നിന്നുള്ള മിക്കവാറും എല്ലാ വിമാനങ്ങളും റദ്ദാക്കി. ശീതകാല യാത്രാ സീസണില്‍ മാനിറ്റോബയില്‍ നിന്നും റദ്ദാക്കി.

Other News