ഉയര്‍ന്ന ഫലപ്രാപ്തി കാണിച്ച് കാനഡയിലെ ആദ്യ സ്വദേശി വാക്‌സിന്‍


DECEMBER 7, 2021, 11:27 PM IST

ടൊറന്റോ: കാനഡയിലെ ആദ്യ സ്വദേശീയ കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം രോഗബാധയ്‌ക്കെതിരെ ഉയര്‍ന്ന ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ ഉപയോഗത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ക്യൂബെക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെഡിക്കാഗോയും ബ്രിട്ടീഷ്- അമേരിക്കന്‍ വാക്‌സിന്‍ ഭീമന്‍ ഗ്ലാക്‌സോസ്മിത്ത്‌ക്ലെയ്‌നും ഹെല്‍ത്ത് കാനഡയുടെ അന്തിമ നിയന്ത്രണ സമര്‍പ്പണത്തിന് തയ്യാറെടുക്കുന്നുണ്ട്. 

എല്ലാ വൈറസ് വകഭേദങ്ങള്‍ക്കുമെതിരായ വാക്‌സിന്റെ ആകെ ഫലപ്രാപ്തി നിരക്ക് 71 ശതമാനമാണ്. ഡെല്‍റ്റ വകഭേദത്തില്‍ നിന്നുള്ള ഏതെങ്കിലും തീവ്രതയുള്ള കോവിഡ് അണുബാധയ്‌ക്കെതിരെ 75 ശതമാനം ഉയര്‍ന്ന ഫലപ്രാപ്തി നിരക്കാണെന്നും കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോവിഡ് മൂന്നാംഘട്ടവും ഡെല്‍റ്റാ വകഭേദവും ബന്ധപ്പെടുത്തിയാണ് പഠനങ്ങള്‍. കാഡന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ അടുത്തിടെ പ്രചരിച്ച ഒമിക്രോണ്‍ വകഭേദം പരീക്ഷണ കാലയളവില്‍ പ്രചരിച്ചിരുന്നില്ല.

വാക്‌സിന് അംഗീകാരം ലഭിക്കുന്നതോടെ വൈറസ് പോലുള്ള കണികാ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ കോവിഡ് വാക്‌സിനും മനുഷ്യോപയോഗത്തിനായി അംഗീകരിച്ച ആദ്യത്തെ സസ്യാധിഷ്ഠിത വാക്‌സിന്‍ ഷോട്ടുമായിരിക്കും ഇതെന്ന് മെഡിക്കാഗോയിലെ മെഡിക്കല്‍ ഓഫിസര്‍ ബ്രയാന്‍ വാര്‍ഡ് പറഞ്ഞു. 

ക്യൂബെക്കിലും കാനഡയിലും മാത്രമല്ല ലോകത്തില്‍ തന്നെ ആദ്യത്തേതായിരിക്കും ഇത്തരത്തിലുള്ള വാക്‌സിനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസിനോട് സാമ്യമുണ്ടെങ്കിലും അതിന്റെ ജനിതക വസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതും രോഗപ്രതിരോധ പ്രതികരണം വര്‍ധിപ്പിക്കാന്‍

സഹായിക്കുന്നതുമാണെന്നും അദ്ദേഹം വിശദീകരിച്ചു. 

വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ വാക്‌സിനേഷനെടുത്ത ഗ്രൂപ്പില്‍ കോവിഡിന്റെ ഗുരുതരമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല ഷോട്ടുകളോടുള്ള പ്രതികരണങ്ങള്‍ സാധാരണയായി സൗമ്യവും ക്ഷണികവുമാണെന്നും രോഗലക്ഷണങ്ങള്‍ ശരാശരി ഒന്നുമുതല്‍ മൂന്നു ദിവസം വരെ മാത്രം നീണ്ടുനില്‍ക്കുമെന്നും പഠനത്തില്‍ പറയുന്നു. 

ഇതുവരെ വാക്‌സിനുകളൊന്നും എടുത്തിട്ടില്ലാത്തവര്‍ക്ക് ലഭ്യമായ ഡോസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് തങ്ങളുടെ വാക്‌സിന്‍ പ്രധാന ആവശ്യമാണെന്നാണ് കരുതുന്നതെന്നും ബൂസ്റ്റര്‍ ഡോസ് ആവശ്യമുള്ളവര്‍ക്കും ഇതുപയോഗപ്പെടുമെന്നും വാര്‍ഡ് പറഞ്ഞു. 

കാനഡയിലേയും യു എസിലേയും ഒന്നിലേറെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷണത്തിന്റെ രണ്ടാംഘട്ടത്തില്‍ ആരോഗ്യമുള്ള മുതിര്‍ന്നവരും രോഗബാധിതരും 65 വയസ്സിന് മുകളിലുള്ളവരും ഉള്‍പ്പെട്ടിരുന്നു. അതേസമയം മൂന്നാംഘട്ടത്തില്‍ വിവിധ രാജ്യങ്ങളിലായി കാല്‍ലക്ഷത്തോളം പേരാണ് പങ്കാളികളായത്. 

ഉപയോഗത്തിന് അംഗീകാരം ലഭിച്ചാല്‍ കാനഡയിലെ മന്ദഗതിയിലുള്ള വാക്‌സിന്‍ ഉത്പാദന മേഖല കുതിച്ചുയരാന്‍ ഷോട്ട് സഹായിച്ചേക്കാം.

വാക്‌സിനേഷന്‍ പരീക്ഷണം നടത്തിയ ഗ്രൂപ്പില്‍ ആല്‍ഫ, ലാംഡ, മു വകഭേദങ്ങളൊന്നും കണ്ടെത്തിയില്ല. എന്നാല്‍ 12 കേസുകള്‍ പ്ലേസിബോ നിരീക്ഷിച്ചപ്പോള്‍ ഗാമാ വകഭേദത്തിനെതിരെ 89 ശതമാനം ഫലപ്രാപ്തിയാണ് കാണിച്ചിരിക്കുന്നത്. 

ഹെല്‍ത്ത് കാനഡ വാക്‌സിന് അംഗീകാരം നല്കുകയാണെങ്കില്‍ കാനഡയില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള അഞ്ചാമത്തെ കോവിഡ് വാക്‌സിനായിരിക്കുമിത്.

Other News