ജോജി തോമസ് ഫൊക്കാനയുടെ  ലണ്ടന്‍ കാനഡ പ്രതിനിധി


JULY 31, 2020, 8:06 PM IST

ലണ്ടന്‍(കാനഡ):  നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ ഫൊക്കാനയുടെ 2020-2022 വര്‍ഷ ഭരണസമിതിയുടെ അഡീഷണല്‍ സെക്രട്ടറി ആയി ലണ്ടന്‍ കാനഡ ആസ്ഥാനമായുള്ള LOMA യുടെ പ്രസിഡന്റ് ജോജി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ നാല്പത്തിയഞ്ച് വര്‍ഷമായി സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ ലണ്ടന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ LOMA യില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ FOKANA യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ലണ്ടനിലെയും പരിസരപ്രദേശങ്ങളിലെയും മലയാളികളുടെ ഇടയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോജി തോമസ് ലണ്ടനിലെ അറിയപ്പെടുന്ന വ്യവസായിയും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമാണ്. വിവിധ പള്ളി കമ്മറ്റികളുടെയും , ലണ്ടന്‍ ജാഗ്രതാസമിതിയുടേയും നേതൃത്വത്തിലൂടെ ജോജി   നടത്തിപ്പോരുന്ന സാമൂഹിക ഇടപെടലുകളാണ് ലണ്ടന്‍ മലയാളികളുടെ ഇടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്.

നോര്‍ത്ത് അമേരിക്കയിലെമ്പാടുമുള്ള മലയാളി സംഘടനകളും അവരുടെ കൂട്ടായ്മയായ FOKANA യും ലണ്ടന്‍ മലയാളികള്‍ക്ക് തരുന്ന ആദരവായാണ് തന്റെ ഈ സ്ഥാനലബ്ദിയെ കാണുന്നതെന്നായിരുന്നു അഭിനന്ദനം അറിയിച്ച സംഗമം ന്യൂസിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ലണ്ടന്‍ മലയാളികളുടെയിടയില്‍ മാത്രം  ജോജിയുടെ പ്രവര്‍ത്തനമേഖല ഒതുങ്ങാതെ നോര്‍ത്ത് അമേരിക്ക മുഴുവനുള്ള മലയാളികളുടെ നന്മക്കായി അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്ന് Team LOMA ആശംസിച്ചു.

Other News