കാനഡയില്‍ മുസ്‍ലിമുകള്‍ക്കെതിരായ അതിക്രമങ്ങള്‍ പാതിയായി കുറഞ്ഞു:വിവരശേഖരണ ഏജന്‍സി


JULY 26, 2019, 9:59 PM IST

ടൊറന്റോ: കാനഡയില്‍ മുസ്‍ലിമുകൾക്കെതിരായ അതിക്രമങ്ങള്‍ 2018ൽ 50 ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട്.സ്റ്റാറ്റിസ്‌റ്റിക്‌സ് കാനഡ എന്ന വിവരശേഖരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഏറ്റവും പുതിയ കണക്കുകൾ.അതേസമയം, അതിക്രമങ്ങളില്‍ ഭൂരിഭാഗവും കൃത്യമായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് കഴിഞ്ഞ കൊല്ലം മുസ്‌ലിമുകൾക്കെതിരായ 639 അക്രമ സംഭവങ്ങളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്‌തത്. തൊട്ടു മുൻവര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്.842 കേസുകളാണ് 2017 ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്‌തത്. അതേസമയം, 2014, 2015 വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ വളരെ കൂടുതലാണ്.

അതേസമയം,വ്യക്തികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ കുറഞ്ഞെങ്കിലും മതസ്ഥാപനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യസ്‌തമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2018 ല്‍ 103 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2017ലും 2016 യഥാക്രമം ഇത് 74 ഉം 63 ഉം ആയിരുന്നു.

വ്യക്തി കേന്ദ്രീകൃതമായ പുതിയ കണക്കുകള്‍ രാജ്യത്തെ മുസ്‍ലിംസംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്‍ലിംസ് (എൻ സി സി എം ) സ്വാഗതം ചെയ്‌തു. അതേസമയം, മുസ്‍ലിം ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ ഇക്കാലയളവില്‍ 41 ശതമാനം വർധിച്ചത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് എൻ‌ സി‌ സി എം പറഞ്ഞു. 

കനേഡിയന്‍ മുസ്‍ലിമുകളുടെ ജീവിത ചുറ്റുപാടുകളെ കുറിച്ചും അവരുടെ മതസ്ഥാപനങ്ങളുടെ സുരക്ഷയെ കുറിച്ചും രാജ്യത്തുടനീളം നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്ന് എൻ‌ സി‌ സി‌ എം എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മുസ്‌തഫ ഫാറൂഖ് പറഞ്ഞു.2017 ല്‍ ക്യുബെക്കിലെ സിറ്റി മസ്‌ജിദിലുണ്ടായ വെടിവെപ്പില്‍ ആറ് മുസ്‍ലിമുകള്‍ മരിക്കുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഈ മുറിവുകള്‍ കനേഡിയന്‍ ജനതയുടെ ഉള്ളില്‍ ഇനിയും ഉണങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയില്‍ മുസ്‍ലിമുകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണവും കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇപ്പോള്‍ പുറത്ത് വന്ന കണക്കുകള്‍ അവ്യക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ മാസം കനേഡിയന്‍ സർക്കാർ പുറത്തിറക്കിയ ബില്‍ 21 പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ട്. നിശ്ചിത പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ മത ചിഹ്നമായി ഒരു വസ്ത്രവും ധരിക്കാന്‍ പാടില്ലെന്നതാണ് ബില്ലിന്‍റെ ഉള്ളടക്കം. ഇതോടെ ഹിജാബും സിഖ് തലപ്പാവും ജൂതത്തൊപ്പിയുമെല്ലാം ധരിക്കുന്നത് നിയമവിരുദ്ധമായി മാറി. കിഴക്കന്‍ കാനഡയിലെ ക്യുബക്ക് പട്ടണത്തില്‍ ഇതിനെ തുടര്‍ന്ന് മുസ്‍ലിംകള്‍ക്ക് നേരെ വ്യപകമായി അധിക്ഷേപങ്ങളുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ രാജ്യത്തിനകത്ത് നിന്ന് തന്നെ വിമര്‍ശനമുയരുന്നുണ്ട്.

Other News