ടൊറന്റോ: കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും പെട്ട വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലേക്ക് ഒന്റാരിയോയിലെ 401 ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കനത്ത മഞ്ഞുവീഴ്ച സംഭവിച്ച കിംഗ്സ്റ്റണുസമീപമാണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ പരിക്കേറ്റ ഇരുപതോളം പേരെ കിംഗ്സ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഏതാണ്ട് 40 ഓളം വാഹനങ്ങളാണ് ഇവിടെ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചത്. വഴിയില്‍ കുടുങ്ങിയ യാത്രക്കാരെ ഒന്റാരിയോ പ്രവിശ്യാ പോലീസ് കിംഗ്സ്റ്റണ്‍ ട്രാന്‍സിറ്റ് ബസുകളില്‍ പുറത്തെത്തിച്ചു. വരുന്ന ഞായര്‍ വരെ ഹൈവേ അടച്ചിടുമെന്നാണ് അറിയാന്‍ കഴിയുന്നത്.
നയാഗ്ര പ്രദേശത്തെ ജോര്‍ദാന്‍ റോഡ് ഏരിയയിലെ ക്യൂ ഈസ്റ്റ് ബൗണ്ടില്‍ നടന്ന കൂട്ടിയിടിയിലാണ് മറ്റു രണ്ട് പേര് മിരിച്ചത്. ജിടിഎയില്‍ ഇത്തരത്തില്‍ നാനൂറോളം കൂട്ടിയിടികള്‍ നടന്നിട്ടുണ്ട്.
ഒന്റാരിയോയില്‍ ഇനിയും മഞ്ഞുവീഴ്ച രൂക്ഷമാകുമെന്നുതന്നെയാണ് കാലാവസ്ഥ പ്രവചനം.