തന്റെ അറസ്റ്റ് യു.എസ്-കനേഡിയന്‍ ഗൂഢാലോചനയുടെ ഫലമാണെന്ന് മെങ് വാന്‍ഴു


AUGUST 21, 2019, 6:13 PM IST

ഓട്ടവ: തന്റെ അറസ്റ്റ് ഗൂഢാലോചനയുടെ ഫലമാണെന്ന ആരോപണവുമായി ഹുവാവേ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഴു. യു.എസിലേയ്ക്ക് നാടുകടത്തുന്നതിനെതിരെ  നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കനേഡിയന്‍ കോടതിയിലാണ് വാന്‍ഴുവിന്റെ അഭിഭാഷകര്‍ ഇക്കാര്യം ബോധിപ്പിച്ചത്. യു.എസ്,കാനഡ അധികൃതര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ അറസ്റ്റിലായതെന്നും തനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും വാന്‍ഴുവിന്റെ അഭിഭാഷകര്‍ പറഞ്ഞു. വാന്‍ഴുവിനെതിരെ ബാങ്ക് തട്ടിപ്പ്,വ്യാപാര രഹസ്യങ്ങളുടെ മോഷണം, ഉപരോധം ലംഘിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് യു.എസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ വാങ്‌ഴുവും കമ്പനിയും ഈ കുറ്റകൃത്യങ്ങളെല്ലാം നിഷേധിക്കുകയാണ്. പകരം എഫ്.ബി.ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ അന്വേഷണസംഘം തെറ്റിദ്ധരിപ്പിച്ച് രേഖകളെല്ലാം സ്വന്തമാക്കിയെന്നും ഇത് വഞ്ചനയാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്.

ഡിസംബര്‍ ഒന്നിന് വാന്‍കൂവറിലെ അന്തര്‍ദ്ദേശീയ വിമാനതാവളത്തില്‍ വച്ച് യു.എസിനുവേണ്ടി കനേഡിയന്‍ അധികൃതര്‍ വാന്‍ഴുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തെ ജയില്‍ വാസത്തിനുശേഷം 7.5 മില്ല്യണ്‍ ഡോളര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ നഗരത്തിലെ രണ്ട് വസതികളിലായി മാറി മാറി താമസിക്കുകയാണ്. അധികൃതരുടെ ആവശ്യപ്രകാരം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുകയും മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

വാന്‍ഴുവിന്റെ പിതാവ് സ്ഥാപിച്ച ഹുവാവേ കമ്പനിയെ ഉപയോഗിച്ച് ചൈന മറ്റുരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് യു.എസ് മുന്നോട്ട് വയ്ക്കുന്ന പ്രധാന ആരോപണം. അത്യാധുനികമായ ഹുവാവേയുടെ ഉപകരണങ്ങളാണ് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ടെലികോം  മേഖലയില്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഈ ഉപകരണങ്ങളില്‍ ചാരപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുണ്ടെന്നാണ് ട്രമ്പ് ഭരണകൂടം പറയുന്നത്. തുടര്‍ന്ന് 5 ജി നടപ്പാക്കുമ്പോള്‍ ഹുവാവെയുടെ ഉപകരണങ്ങള്‍ വാങ്ങരുതെന്ന് അവര്‍ പലരാജ്യങ്ങളെയും നിര്‍ബന്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹുവാവേയെ ഉപരോധിക്കുന്ന പക്ഷം തിരിച്ചും വ്യാപാരനഷ്ടം നേരിടേണ്ടിവരുമെന്ന ഭീഷണിയിലൂടെയാണ് ചൈന ഈ പ്രതിസന്ധിയെ നേരിടുന്നത്.

 യു.എസ്-ചൈന വ്യാപരയുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ ട്രമ്പ് ഭരണകൂടം നടത്തുന്ന രാഷ്ട്രീയ നീക്കമാണ് വാന്‍ഴുവിന്റെ അറസ്റ്റെന്നും ചൈന ആരോപിക്കുന്നു. മെങ് വാന്‍ഴു അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി കനേഡിയന്‍ പൗരന്മാരെ ചൈന തുറുങ്കിലടക്കുകയും കനേഡിയന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി വെട്ടിച്ചുരുക്കുയും ചെയ്തിരുന്നു.

Other News