തീവ്രവാദ ഗ്രൂപ്പുമായി ബന്ധം; 22 കാരന്‍ അറസ്റ്റില്‍


DECEMBER 7, 2019, 4:58 PM IST

ടൊറന്റോ: തുര്‍ക്കിയില്‍ നിന്നും കുടുംബസമേതം കാനഡയില്‍ തിരിച്ചെത്തിയ യുവാവിനെ തീവ്രവാദഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) അറസ്റ്റ് ചെയ്തു. 22 കാരനായ ഇക്കര്‍ മാവോയാണ് അറസ്റ്റിലായത്. ഇയാളും ഭാര്യയും കാനഡ വിട്ട് തുര്‍ക്കിയിലേയ്ക്ക് പോയത് തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനായിരുന്നുവെന്നത് അന്വേഷണത്തില്‍ വ്യക്തമായതായി ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ ലിങ്കഡ് ഇന്‍ പ്രൊഫൈലില്‍  ഇത്തരം ഗ്രൂപ്പുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല തുര്‍ക്കി സിറിയ അതിര്‍ത്തിയില്‍ വച്ച് സമാനകുറ്റത്തിന് മാവോയേയും ഭാര്യയേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് തങ്ങള്‍ ഐസ്‌ഐസില്‍ ചേര്‍ന്നതായുള്ള കത്ത് ദമ്പതികള്‍ കുടുംബാംഗങ്ങള്‍ക്കയച്ചത് കണ്ടുകിട്ടിയിട്ടുണ്ട്. എന്നാല്‍ പിടിക്കപ്പെട്ടപ്പോള്‍ തുര്‍ക്കി കോടയില്‍ വച്ച് ഇയാള്‍ കുറ്റം നിഷേധിച്ചു. കത്തിലെഴുതിയ കാര്യം അധികൃതര്‍ തെറ്റിദ്ധരിച്ചതാണെന്നും തങ്ങള്‍ ഒരു ഇസ്ലാം രാജ്യത്ത് ജീവിക്കാന്‍ മാത്രമാണ് ആഗ്രഹിച്ചതെന്നും ഇയാള്‍ വാദിച്ചു. വീഡിയോ അശ്രദ്ധമൂലം അപ് ലോഡ് ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് കസ്റ്റഡിയില്‍ നിന്നും ഇയാള്‍ക്ക് വിടുതല്‍ നല്‍കുകയായിരുന്നു. അതേസമയം കാനഡയിലെത്തിയതിനുശേഷം ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാവോ നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോദിച്ച് വരികയാണെന്ന് ചീഫ് സൂപ്പര്‍ഇന്റന്‍ഡ് മൈക്കേല്‍ ലേ സെജ് അറിയിച്ചു.

Other News