വ്യാജവാഗ്ദാനങ്ങള്‍ നല്‍കി വിദേശവിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍തുക തട്ടുന്ന റിക്രൂട്ടിംഗ് ലോബി കാനഡയില്‍ സജീവമെന്ന് റിപ്പോര്‍ട്ട്


JUNE 28, 2019, 4:58 PM IST

ടൊറന്റോ: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ കാനഡയിലേയ്ക്ക് കടത്തുന്ന റിക്രൂട്ടിംഗ് ലോബി പ്രൈവറ്റ് കോളജുകളുടെ ഒത്താശയോടെ  കാനഡയില്‍പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഗ്ലോബ് ആന്റ് മെയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപെട്ടത്. കാനഡയിലെത്തിയാലുടന്‍ ജോലി ചെയ്യാമെന്നും തുടര്‍ന്ന് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് ലഭിക്കുമെന്നും ഈ കൂട്ടര്‍ വിദ്യാര്‍ത്ഥികളെ ധരിപ്പിക്കുന്നു. തുടര്‍ന്ന് വന്‍ തുക വസൂലാക്കി കാനഡയിലേയ്‌ക്കെത്തിക്കുകയാണ് ചെയ്യുന്നത്. പെര്‍മനന്റ് റെസിഡന്റ് ഉറപ്പാണെന്ന് കരുതി വിദ്യാര്‍ത്ഥികള്‍ റിക്രൂട്ടിംഗ് ഏജന്റുകള്‍ക്ക് വന്‍ തുക നല്‍കുന്നു. 

ഇത്തരത്തില്‍ നിരവധി പേരാണ് കാനഡയിലെത്തിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പലരും തങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്ത വിഷയങ്ങളാണ് പഠനവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. പഠിക്കാതെ ജോലി ചെയ്ത് പണമുണ്ടാക്കുകയും തുടര്‍ന്ന് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് നേടി കാനഡയില്‍ സ്ഥിരതാമസമാക്കുകയുമാണ് ഇവരുടെ ലക്ഷ്യം. 

എന്നാല്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തുന്നവര്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഗ്രാജ്വേഷന്‍ പൂര്‍ത്തിയായാല്‍ ഭാഷാ നൈപുണ്യമുള്‍പ്പടെ നിരവധി കടമ്പകള്‍ കടന്നാലാണ് പെര്‍മനന്റ് സ്റ്റാറ്റസ് ലഭിക്കുക. 

എന്നാല്‍ ഈ യാഥാര്‍ത്ഥ്യം ഇവര്‍ കാനഡയിലെത്തുമ്പോള്‍ മാത്രമാണ് മനസ്സിലാക്കുന്നതെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും പണം നഷ്ടപ്പെട്ടുവെന്നും പിന്നീടാണ് ഇവര്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

നിലവില്‍ ഒന്റാരിയോവില്‍ 476 ഉം ബ്രിട്ടീഷ് കൊളംബിയയില്‍ 256 ഉം പ്രൈവറ്റ് കോളജുകള്‍ക്കാണ്  വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രാദേശിക വിദ്യാഭ്യാസ ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളജുകള്‍ പബ്ലിക്ക് കോളജുകളേക്കാള്‍ ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ സര്‍ക്കാര്‍ പരിശോധനയും കുറവാണ്. എന്നുമാത്രമല്ല, ഇവിടെ കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കുന്നുമില്ല.

ഇത്തരത്തില്‍ റിക്രൂട്ടിംഗ് ഏജന്‍സി വഴി പ്രൈവറ്റ് കോളജില്‍ പ്രവേശനം നേടിയ രണ്ടുഡസന്‍ വിദ്യാര്‍ത്ഥികളെ അഭിമുഖം നടത്തിയതില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ദുരനുഭവം ഗ്ലോബ് ആന്റ് മെയിലിനോട് തുറന്നുപറഞ്ഞു.

പഠനം കഴിഞ്ഞിറങ്ങിയാലും ഇത്തരം കോളജുകളില്‍ പ്രവേശനം നേടിയവരെ ആരും ജോലിക്കെടുക്കുന്നില്ലെന്നും പിന്നീട് ഈ കൂട്ടര്‍ അനധികൃതമായി രാജ്യത്ത് തങ്ങുകയാണെന്നും ഇവര്‍ വെളിപെടുത്തുന്നു. എങ്ങിനെയെങ്കിലും ഒരു കനേഡിയന്‍ സ്‌പോണ്‍സറെ കണ്ടെത്തി പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പലരും പഠനം പാതിവഴിയിലുപേക്ഷിച്ച് അനുവദനീയമായതില്‍ കൂടുതല്‍ സമയം ജോലിചെയ്യുകയാണ്. 

വിദേശവിദ്യാര്‍ത്ഥികളെ ചാക്കിട്ടുപിടിക്കുന്നതിന് റിക്രൂട്ടിംഗ് ഏജന്റുമാരെ നിയമിക്കുന്ന കോളേജുകളുമുണ്ട്. പബ്ലിക്ക് കോളജുകള്‍ നല്‍കുന്നതിനേക്കാള്‍ ഇരട്ടി കമ്മീഷനാണ് പ്രൈവറ്റ് കോളേജുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് നല്‍കുന്നത്. പലരും ട്യൂഷന്‍ ഫീസിന്റെ 25 ശതമാനം കമ്മീഷനായി വാങ്ങുകയും ചെയ്യുന്നു. 

എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. കഴിഞ്ഞവര്‍ഷം കാനഡയിലെത്തുന്ന വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും 358,190 പേരാണ് കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിയതെന്നും 2015 ല്‍ ഇത് 219,195 മാത്രമായിരുന്നെന്നും കുടിയേറ്റവകുപ്പ് മന്ത്രി പറഞ്ഞു. ഈ വിദ്യാര്‍ത്ഥികള്‍ 15 ബില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Other News