കനേഡിയന്‍ സ്ഥാപനങ്ങളില്‍ കുടിയേറ്റക്കാര്‍ വിവേചനമനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്


DECEMBER 2, 2019, 7:49 PM IST

ടൊറന്റോ: വിവിധസ്ഥാപനങ്ങളുടെ നേതൃ പദവിയിലേയ്ക്ക് ഉയരാന്‍ ടൊറന്റോയിലെ കുടിയേറ്റക്കാര്‍ക്ക് സാധിക്കുന്നില്ലെന്ന് പഠനം. ടൊറന്റോ റീജിയന്‍ ഇമിഗ്രറ്റ് എംപ്ലോയ്‌മെന്റ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കനുസരിച്ച് നഗരത്തിലെ 50 ശതമാനമാളുകളും കുടിയേറ്റക്കാരാണ്. മാത്രമല്ല, ഇവര്‍ക്ക് ജോലി ലഭിക്കാന്‍ പ്രയാസവുമില്ല. പക്ഷെ ഉയര്‍ന്ന സ്ഥാനത്തേയ്ക്ക് കുതിക്കാന്‍ നിരവധി പ്രതിബന്ധങ്ങളെ കുടിയേറ്റക്കാര്‍ക്ക് നേരിടേണ്ടതായി വരുന്നു. സ്വകാര്യ,പൊതു,ചാരിറ്റി സ്ഥാപനങ്ങളിലെല്ലാം സ്ഥിതി സമാനമാണെന്ന് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ബഹുസ്വര സമൂഹമാണ് ടൊറന്റോയിലേത് എന്ന് പഠനം വിലയിരുത്തുന്നുണ്ട്. 

രാജ്യത്തുടനീളം ഇതുതന്നെയാണ് സ്ഥിതി. അതായത്  ഉയര്‍ന്ന സ്ഥാനങ്ങളില്‍ കുടിയേറ്റക്കാരെ അവരോധിക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. നിലവില്‍ ടൊറന്റോ ജനസംഖ്യയുടെ 50 ശതമാനം കുടിയേറ്റക്കാരായിട്ടും സ്ഥാപനങ്ങളുടെ തലപ്പത്തുള്ള കുടിയേറ്റക്കാര്‍ വെറും ആറുശതമാനം മാത്രമാണ്. 

ഭൂരിഭാഗം കുടിയേറ്റക്കാരുടേയും കരിയറുകള്‍ സ്തംഭനാവസ്ഥയിലാണെന്നും അത് അഭിവൃദ്ധിപ്പെടുന്നില്ലെന്നും കൗണ്‍സില്‍ പുറത്തുവിട്ട പ്രസ്താവന പറയുന്നു. സാമ്പത്തിക,ഇന്‍ഷൂറന്‍സ്,പ്രൊഫഷണല്‍,ശാസ്ത്രീയ സാങ്കേതിക,സേവന മേഖലകളിലെ ജീവനക്കാര്‍ ഭൂരിഭാഗവും കുടിയേറ്റക്കാരാണെങ്കിലും അവര്‍ സാധാരണ ജോലിക്കാര്‍ മാത്രമായി വിരമിക്കുകയാണ് പതിവ്.

സ്ത്രീകളും കറുത്തവര്‍ഗ്ഗക്കാരും കൂടുതല്‍ വിവേചനം നേരിടേണ്ടിവരുന്നു.ടൊറന്റോയിലെ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളില്‍ ഒരുശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. സ്ഥാപനങ്ങളുടെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്ന വെളുത്തവര്‍ഗ്ഗക്കാര്‍ തങ്ങളുടേതുപോലെയുള്ള പശ്ചാത്തലമുള്ള ആളുകളെയാണ് പിന്‍ഗാമികളാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഇമിഗ്രേറ്റ് എംപ്ലോയീസ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ഗരറ്റ് ഈറ്റണ്‍ പറഞ്ഞു. അതേസമയം യു.എസ്, യു.കെ എന്നിവിടങ്ങളില്‍ കാനഡയെ അപേക്ഷിച്ച് മെച്ചപ്പെട്ട സാഹചര്യമാണെന്നും അവര്‍ കഴിവ് മാനദണ്ഢമാക്കിയാണ് സ്ഥാനകയറ്റം നല്‍കുന്നതെന്നും മാര്‍ഗരറ്റ് പറയുന്നു. കാനഡയെ അപേക്ഷിച്ച് ഈ രാജ്യങ്ങൡ കടുത്ത മത്സരം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത്. കുടിയേറ്റക്കാരെ അകറ്റി നിര്‍ത്തുക എന്നത് രാജ്യത്തെ ഒരു നയമായി മാറിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കനുസരിച്ച് കുടിയേറ്റക്കാരില്‍ വെറും 24 തമാനം മാത്രമാണ് തങ്ങള്‍ക്ക് വൈദഗ്ദ്ധ്യമുള്ള മേഖലകളില്‍ ജോലി ചെയ്യുന്നുള്ളൂ. അതേസമയം തദ്ദേശീയരായ കനേഡിയന്‍ വംശജരുടെ കാര്യത്തില്‍ ഇത് 62 ശതമാനമാണ്. വിവേചനമൂലമാണ് ഇങ്ങിനെയൊരവസ്ഥ സംജാതമായതെന്നും മാര്‍ഗരറ്റ് പറഞ്ഞു.

Other News