ടൊറന്റോ: ഇന്ത്യയില്‍ നിന്നുള്ള അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണെന്ന് ടൊറന്റോയിലെ ശവസംസ്‌ക്കാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കാനഡയില്‍ പഠിക്കാനെത്തി മൃതദേഹമായി ഇന്ത്യയിലേക്ക് മടങ്ങുന്ന യുവതയുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇത്തരം ആശങ്ക ശവസംസ്‌ക്കാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായത്.
ഇന്ത്യയില്‍ നിന്നുമെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ആത്മഹത്യയും മരണവും വര്‍ധിച്ചുവെന്നാണ് ഒ്ന്റാരിയോയിലെ എറ്റോബിക്കോക്കിലുള്ള ലോട്ടസ് ഫ്യൂണറല്‍ ആന്റ് ക്രിമേഷന്‍ സെന്ററിലെ ശവസംസ്‌കാര പ്രവര്‍ത്തകര്‍ പറയുന്നത്.
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കിടയിലെ മരണങ്ങളുമായി ബന്ധപ്പെട് വ്യക്തമായ കണക്കുകളൊന്നും അധികാരികള്‍ സൂക്ഷിക്കാത്തതിനാല്‍ കൃത്യമായി ആത്മഹത്യയുടെ കണക്കുകള്‍ പറയാനാവില്ല. വിദ്യാര്‍ഥികള്‍ക്കിടയിലെ മരണങ്ങള്‍ കണ്ടെത്താത്തത് പ്രശ്നകരമാണെന്നാണ് ഒരു വിദ്യാര്‍ഥി ആക്ടിവിസ്റ്റ് പറഞ്ഞത്. കണക്കുകളും അതുമായി ബന്ധപ്പെട്ട ഡാറ്റയും ഇല്ലെങ്കില്‍ പരിഹാരം കണ്ടെത്താനുമാവില്ല.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെയും മറ്റ് പ്രവാസി അംഗങ്ങളുടെയും അഭ്യര്‍ഥന മാനിച്ച് ലോട്ടസ് വര്‍ഷങ്ങളായി കാനഡയിലുടനീളമുള്ള ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നു.
നേരത്തെ ഇത് മാസത്തില്‍ രണ്ടില്‍ കൂടുതല്‍ നാട്ടിലേക്ക് അയക്കാറില്ലായിരുന്നു. അതുതന്നെ ചിലര്‍ വിദ്യാര്‍ഥികളും ചിലര്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറിയവരുമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആ സംഖ്യ ഇരട്ടിയിലധികമായെന്ന് ഫ്യൂണറല്‍ ഹോമുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഇപ്പോള്‍ മാസത്തില്‍ ഏകദേശം നാലോ അഞ്ചോ പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ സ്വദേശത്തേക്ക് പോകുന്നുണ്ടെന്നാണ് പ്രസിഡന്റും ഉടമയുമായ കമല്‍ ഭരദ്വാജ് പറയുന്നത്. ചില മാസങ്ങളില്‍ ഏഴെണ്ണം വരെ അയച്ചിട്ടുണ്ട്. ശവസംസ്‌കാര പ്രവര്‍ത്തകര്‍ ന്യൂ ബ്രണ്‍സ്വിക്ക്, നോവ സ്‌കോട്ടിയ, മാനിറ്റോബ, ക്യൂബെക്ക് എന്നിവിടങ്ങളിലേക്ക് മൃതദേഹങ്ങള്‍ ശേഖരിക്കാനായി യാത്ര ചെയ്തിട്ടുണ്ട്. മൃതദേഹങ്ങളില്‍ കാണുന്ന ചില അടയാളങ്ങള്‍ തങ്ങളെ അസ്വസ്ഥരാക്കുന്നുവെന്നും ഇവര്‍ പറയുന്നു. സ്വകാര്യതാ അവകാശങ്ങളുള്ളതിനാല്‍ ശവസംസ്‌ക്കാര പ്രവര്‍ത്തകര്‍ക്ക് മരണത്തിന്റെ പ്രത്യേക കാരണങ്ങള്‍ വിശദമാക്കാനാവില്ല.
സ്വാഭാവിക കാരണങ്ങളാല്‍ സാധാരണയായി വിദ്യാര്‍ഥികളും മറ്റ് യുവ ഇന്ത്യക്കാരും പ്രതിമാസം ഒന്നോ രണ്ടോ മരണങ്ങളുമായി മാത്രമേ ബന്ധപ്പെടാറുള്ളു. അപകടങ്ങള്‍, ആത്മഹത്യകള്‍, ആകസ്മികമായ മയക്കുമരുന്ന് അമിത അളവ്, അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പല മരണങ്ങളും. ചില സന്ദര്‍ഭങ്ങളില്‍ മരണകാരണം നിര്‍ണ്ണയിക്കാന്‍ സമയമെടുക്കും. കാരണം അന്വേഷണങ്ങള്‍ സ്ഥിരീകരിക്കാന്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്ന് ഫ്യൂണറല്‍ ഹോം ജീവനക്കാര്‍ പറയുന്നു.
ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ ആര്‍ സി സി) പ്രകാരം, കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ വന്നിരുന്നു. 319,000 എന്നാണ് കണക്ക്. 2021ല്‍ ഇത് 216,500 ആയിരുന്നു.
ഐ ആര്‍ സി സി ഡാറ്റ അനുസരിച്ച് സാധുവായ പഠനാനുമതിയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
2018ല്‍ 171,505, 2019ല്‍ 218,540, 2020ല്‍ 179,510, 2021ല്‍ 216,500, 2022ല്‍ 319,000 എന്നിങ്ങനെയാണ് കണക്ക്.
സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ച വിദേശ പൗരന്മാരുടെ അവശിഷ്ടങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ലെന്ന് ഐ ആര്‍ സി സി പറഞ്ഞു. മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍, മരിച്ചയാള്‍ ഒരു വിദേശ വിദ്യാര്‍ഥിയാണോ എന്ന് നിര്‍ണ്ണയിക്കാന്‍ മതിയായ വിവരങ്ങള്‍ ഇല്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു.
ഒന്റാറിയോയിലെ വിദ്യാര്‍ഥികളുമായി പ്രധാനമായും ഇടപെടുന്ന ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (സി ജി ഐ) പറയുന്നത് പ്രകാരം 2021-ല്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 22 പേരാണ് മരിച്ചത്. അതില്‍ നാലെണ്ണം ആത്മഹത്യയായിരുന്നു.
കോണ്‍സുലേറ്റിലെ വിദ്യാര്‍ഥികളുടെയും ആത്മഹത്യകളുടെയും എണ്ണം 2022-ല്‍ ഉയര്‍ന്നു- 236,565ല്‍ 25 പേര്‍ മരിച്ചതില്‍ ഏഴുപേരുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു.
ഈ വര്‍ഷം ഇതുവരെ, മാര്‍ച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ കൂടി മരിച്ചതായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ രണ്ടെണ്ണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ മരണം സര്‍ക്കാരുകള്‍ നിരീക്ഷിക്കുന്നില്ലെങ്കില്‍ താനും സമൂഹത്തിലെ മറ്റുള്ളവരും കാണുന്ന പ്രതിസന്ധി ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ ബുദ്ധിമുട്ടാണെന്ന് ഇന്റര്‍നാഷണല്‍ സിഖ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ സ്ഥാപകനും മുന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥിയുമായ ജസ്പ്രീത് സിംഗ് പറയുന്നു.
കാനഡയില്‍ എല്ലാം വളരെ ചിട്ടയോടെയാണ് നടക്കുന്നതെങ്കിലും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ കാര്യത്തില്‍ മാത്രം ഒന്നും സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പഠനാനുമതി വിപുലീകരണത്തിന് അപേക്ഷിക്കുന്നത് മുതല്‍ ഫീസ് അടയ്ക്കല്‍, ജോലിയില്‍ തുടരുന്നത് വരെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് കാലക്രമേണ സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി സിംഗ് പറയുന്നു.
ദക്ഷിണേഷ്യന്‍ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ പരാജയപ്പെട്ടുവെന്ന് തോന്നുകയും അത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്‌നമായി മാറുകയും ചെയ്യുന്നതായും സിങ് പറഞ്ഞു.
ഇവരില്‍ പലരും വലിയ കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍ അവരെ കുറിച്ച് ആരെങ്കിലുമൊക്കെ എല്ലാ ദിവസവും അന്വേഷണം നടത്തുകയും എങ്ങനെയാണ് കാര്യങ്ങളെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ടെന്ന് മാനസികാരോഗ്യ പിന്തുണ ലഭ്യമാക്കാന്‍ സഹായിക്കുന്ന പഞ്ചാബി കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസസിലെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് മാനേജര്‍ അമന്‍ജിത് കഹ്‌ലോണ്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇത്തരത്തില്‍ പിന്തുണ നല്‍കേണ്ട നിരവധി പേരെ അദ്ദേഹം കണ്ടു.
റാപ്പിഡ് റെസ്പോണ്‍സ്, സേവിംഗ് ലൈവ്‌സ് പ്രോഗ്രാമിലൂടെ ചിലരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതുവരെ പോലും വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കാന്‍ സംഘടനയ്ക്ക് മുന്‍കാലങ്ങളില്‍ ഇടപെടേണ്ടി വന്നിട്ടുണ്ടെന്ന് കഹ്ലോണ്‍ പറയുന്നു. വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അഭ്യര്‍ഥന പ്രകാരം ഒമ്പത് വിദ്യാര്‍ഥികളെ അവരുടെ മാനസികാരോഗ്യം മോശമാകുന്നതിന് മുമ്പ് വീട്ടിലേക്ക് അയയ്ക്കാന്‍ സഹായിക്കുകയും ചെയ്തു.
റാപ്പിഡ് റെസ്പോണ്‍സ് സേവിംഗ് ലൈവ്‌സ് പ്രോഗ്രാമിനായി ഓര്‍ഗനൈസേഷന് ഇനി പ്രൊവിന്‍ഷ്യല്‍ ഫണ്ടിംഗ് ലഭിക്കില്ല. പഞ്ചാബി കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസസിലെ കേസ് മാനേജര്‍മാര്‍ക്ക് ഒരു സമയം 100 കേസുകള്‍ വരെ ഉണ്ടാകാമെന്ന് കഹ്ലോണ്‍ പറയുന്നു.
അന്താരാഷ്ട്ര വിദ്യാര്‍ഥി ജനസംഖ്യാ വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ അവരെ പിന്തുണയ്ക്കുന്ന പ്രോഗ്രാമുകള്‍ക്കുള്ള ഫണ്ടിംഗിലും വര്‍ധനവ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒന്റാറിയോ ബിരുദ വിദ്യാര്‍ഥി സഖ്യത്തിന്റെ ബോര്‍ഡ് അംഗമായ ജോഷ് ശങ്കര്‍ലാല്‍ പറയുന്നത് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം പരിഹരിക്കാന്‍ സ്ഥാപനങ്ങള്‍ പാടുപെടുകയാണെന്നാണ്.
സ്ഥാപനങ്ങളും സര്‍ക്കാരുകളും കമ്മ്യൂണിറ്റി സമീപനം സ്വീകരിക്കണമെന്ന് ഒന്റാരിയോ ബിരുദ വിദ്യാര്‍ഥി സഖ്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന സേവന ദാതാക്കളുമായി പ്രവര്‍ത്തിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
അടുത്തിടെ, കോളേജുകള്‍ ഒന്റാറിയോയും ഒരു പുതിയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള പരിശീലനവുമായി രംഗത്തെത്തി. അത് 2024 ജൂണില്‍ അതിന്റെ 23 സിഗ്‌നേറ്ററി കോളേജുകള്‍ക്കായി പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.
വിദ്യാര്‍ഥികള്‍ അവരുടെ ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യവും അടിയന്തിരമായി പരിശോധിച്ച് ചികിത്സിക്കേണ്ടതുണ്ട്.