മോണ്‍ട്രിയല്‍: വിമാന യാത്രക്കെത്തുന്നവരില്‍ ചിലര്‍ വളരെ മോശമായി പെരുമാറുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) വ്യക്തമാക്കി. അയാട്ട പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് മോശം പെരുമാറ്റം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വിമാന യാത്രയ്ക്കിടെ അച്ചടക്കമില്ലാതെയും തോന്നിയതു പോലെയുമാണ് ചിലര്‍ പെരുമാറുന്നത്. അടുത്തകാലത്തായി മോശമായി പെരുമാറുന്നവരുടെ എണ്ണം വലിയ രീതിയിലാണ് വര്‍ധിച്ചിരിക്കുന്നത്. 568 വിമാനങ്ങളെടുത്താല്‍ അതിലൊരു യാത്രികന്‍ മോശമായി പെരുമാറുന്നുണ്ട്. 2022ലെ കണക്കു പ്രകാരമാണ് ഈ സംഖ്യ പുറത്തുവന്നത്. എന്നാല്‍ എന്നാല്‍ 2021ലെ കണക്കു പ്രകാരം 835 വിമാനങ്ങളില്‍ ഒരാളായിരുന്നു മോശമായി പെരുമാറിയിരുന്നത്. അതായത് മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഇരുന്നൂറിലേറെ വിമാനങ്ങളുടെ എണ്ണത്തിലാണ് കുറവുണ്ടായിരുന്നത്.
വിമാന ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുക, മോശം വാക്കുകള്‍ ഉപയോഗിക്കുക, ലഹരി എന്നിവയാണ് 2022ല്‍ കൂടുതലായി കണ്ടത്. അപൂര്‍വ്വമായിട്ടാണ് ശാരീരികോപദ്രവം നടത്തുന്നതെങ്കിലും അതിന്റെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2021നെ അപേക്ഷിച്ച് 2022ല്‍ 61 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
സിഗററ്റ്, ഇ-സിഗററ്റ് എന്നിവ ക്യാബിനിലും ലാവറ്ററികളിലും ഉപയോഗിക്കുക, നിര്‍ദേശം നല്‍കിയാലും വേഗത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, സ്വന്തം നിലയില്‍ മദ്യം വിമാനത്തിനകത്തേക്ക് കൊണ്ടുവരിക തുടങ്ങി യാത്രികരുടെ പെരുമാറ്റങ്ങളിലെ മോശം വശം വര്‍ധിച്ചു വരുകയാണ്. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യങ്ങളും കമ്പനികളും ശ്രമം നടത്തണമെന്ന് അയാട്ട ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കോണ്‍റാഡ് ക്ലിഫോര്‍ഡ് ആവശ്യപ്പെട്ടു.