ഇന്ത്യന്‍ വാര്‍ത്താ ചിത്രങ്ങള്‍ക്ക് ടൊറോന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്‌ക്കാരങ്ങള്‍


SEPTEMBER 20, 2022, 10:09 PM IST

ടൊറന്റോ: കാനഡയിലെ 'ഉത്സവങ്ങളുടെ ഉത്സവ'മായ ടൊറോന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നാല്പത്തേഴാം വര്‍ഷം  പുരസ്‌ക്കാര പ്രഖ്യാപനങ്ങളോടെ അവസാനിക്കുമ്പോള്‍ രണ്ട് ഇന്ത്യന്‍ വാര്‍ത്താചിത്രങ്ങള്‍ മികച്ച ബഹുമതികള്‍ക്ക് അര്‍ഹമായി. നിഷ പഹൂജയുടെ 'റ്റു കില്‍ എ ടൈഗര്‍', വിനയ് ശുക്ലയുടെ 'വൈല്‍ വി വാച്ച്ഡ്' എന്നീ ചിത്രങ്ങളാണവ.  

നാഷനല്‍ ഫിലിം ബോര്‍ഡ് ഒഫ് കാനഡയുടെ സഹായത്തോടെ എട്ടു വര്‍ഷമെടുത്ത് ചിത്രീകരിച്ച ഡോക്യുമെന്ററിയാണ് 'റ്റു കില്‍ എ ടൈഗര്‍'. ഝാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നിര്‍ധനരായ ഒരു കുടുംബത്തിലെ 13കാരി പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ഈ ചലച്ചിത്രം പറയുന്നത്. രാത്രിയില്‍ പെണ്‍കുട്ടി ഇറങ്ങിനടന്നതും ആണ്‍കുട്ടികളോടു സൗഹൃദം സ്ഥാപിച്ചതുമാണ് സംഭവത്തിനു കാരണമെന്നും കുറ്റക്കാരിലൊരാളെ വിവാഹം കഴിച്ചു പ്രശ്‌നം പരിഹരിക്കണമെന്നും ഗ്രാമസഭ തീരുമാനിക്കുകയാണ്. ചില സന്നദ്ധസംഘടനകള്‍ ആ തീരുമാനത്തിനെതിരെ നിയമപരമായി മുമ്പോട്ടുപോയി കുറ്റവാളികള്‍ക്ക് നീണ്ടകാലത്തെ തടവുശിക്ഷ വാങ്ങിക്കൊടുക്കുകയാണ്. അതിജീവിതയുടെ കുടുംബത്തെ ഊരുവിലക്കു കല്പിച്ച് ഗ്രാമത്തില്‍ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തിയിരുന്നു. ഈ യഥാര്‍ഥ കഥയുടെ സത്യം തേടിയലയുന്നതിനിടയില്‍ ഈ സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് പല രീതിയിലുള്ള പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിരുന്നതായി സംവിധായിക പുരസ്‌ക്കാരവേദിയില്‍ പറഞ്ഞു.

ബോളിവുഡ് ബൗണ്ട്, ഡയമണ്ട് റോഡ്, ദ് വേള്‍ഡ് ബിഫോര്‍ ഹേര്‍ എന്നീ മുന്‍കാല വാര്‍ത്താചിത്രങ്ങളുടെ സംവിധായികയാണ് ദല്‍ഹിയില്‍ നിന്നു കാനഡയ്ക്ക് കുടിയേറിയ നിഷ പഹൂജ.

എന്‍ ഡി ടി വി രവീഷ് കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ വഴി കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ പോരാടുന്ന വിഷയമാണ് 'വൈല്‍ വി വാച്ച്ഡി'ലൂടെ വിനയ് ശുക്ല അവതരിപ്പിച്ചത്. ജനാധിപത്യത്തിലും സ്വതന്ത്ര വാര്‍ത്താ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളാണ് ഈ വാര്‍ത്താ ചിത്രത്തിന്റെ ഇതിവൃത്തം. വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ജാതി മത സ്പര്‍ധകളുണ്ടാക്കുന്ന മാധ്യമ പ്രവര്‍ത്തനവും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ''ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നുള്ള നിലയില്‍ എന്റെ പ്രാഥമിക ധര്‍മ്മം തന്നെ അധികാരികളോട് അവരെ ബുദ്ധിമുട്ടിലാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുക'' എന്നുള്ള ധീരമായ പ്രഖ്യാപനം നടത്തിയ രവീഷ് കുമാറിനു രണ്ടു തവണ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള രാം നാഥ് ഗോയങ്ക പുരസ്‌ക്കാരവും 2019ലെ റമോണ്‍ മഗ്സസായ് പുരസ്‌ക്കരവും ലഭിച്ചിട്ടുണ്ട്.

ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പുരസ്‌ക്കാരമായ പീപ്പിള്‍സ് ചോയ്സ് അവോഡ് നേടിയത് വിഖ്യാത ചലച്ചിത്രകാരനായ സ്റ്റീവെന്‍ സ്പീല്‍ബെര്‍ഗിന്റെ 'ദ് ഫേബല്‍മന്‍സ്' എന്ന അത്മകഥാചിത്രമാണ്. പ്രശ്‌നഭരിതമായ വിദ്യാര്‍ഥി ജീവിതത്തില്‍ തുടങ്ങി കുടുംബ ബന്ധങ്ങളുടെ ഉള്‍ക്കാഴ്ചകളിലേയ്ക്ക് പോകുന്ന ചിത്രത്തിലെ, ചലനചിത്രതല്പരനായ  സാമി ഫേബല്‍മന്‍ എന്ന കഥാപാത്രം യഥാര്‍ഥ ജീവിതത്തിലെ സ്പീല്‍ബെര്‍ഗ് തന്നെയാണ്. കാനഡക്കാരനായ യുവനടന്‍ ഗാബ്രിയേല്‍ ലബേല്‍ ആണ് ആ വേഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. ഈ പുരസ്‌ക്കാരം കാണികളുടെ തിരഞ്ഞെടുപ്പാണ്.

സാറാ പോളിയുടെ 'വിമിന്‍ ടോക്കിങ്', റയന്‍ ജോണ്‍സന്റെ'ഗ്ലാസ് ഒനിയന്‍' എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ബ്ലാക്ക് ഐസ്, പേള്‍, വിയേഡ്, ദ് ബ്ലാക്കെനിങ്, മായ ആന്റ്് ദ് വേവ്, 752 ഈസ് നോട്ട് എ നമ്പര്‍, ദ് വെയ്ല്‍, സ്‌നോ ഇന്‍ സെപ്‌റ്റെംബര്‍, സെയിം ഓള്‍ഡ്, നൈനിറ്റിക്, സ്വീറ്റ് ആസ്, വൈക്കിങ്, ലിയൊനോര്‍ വില്‍ നെവെര്‍ ഡൈ, എ ഗാസ വീക്കെന്‍ഡ്, സംതിങ് യൂ സെഡ് ലാസ്റ്റ് നൈറ്റ്, ബഫി സെയിന്റ്് മേരി: കാരി ഇറ്റ് ഓണ്‍, എയര്‍ ഹോസ്റ്റെസ്-737, സീമോ എന്നീ വിവിധ ഭാഷാ ചിത്രങ്ങളാണ് പല വിഭാഗങ്ങളിലായി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹമായത്.  

250 കഥാ- വാര്‍ത്താ ചലച്ചിത്രങ്ങളും ഇരുപതോളം ഹ്രസ്വചിത്രങ്ങളുമാണ് ഇക്കുറി ചലച്ചിത്ര മേളയിലുണ്ടായിരുന്നത്.

- സുരേഷ് നെല്ലിക്കോട്‌