പ്രകൃതിവാതക പൈപ്പ്‌ലൈന്‍: കാനഡയില്‍ പ്രതിഷേധം ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍


FEBRUARY 12, 2020, 11:23 AM IST

വാന്‍കൂവര്‍: ഗോത്ര മേഖലയിലൂടെ കടന്നുപോകുന്ന പ്രകൃതി വാതക പൈപ്പ്‌ലൈനിനെതിരെ കാനഡയില്‍ പ്രതിഷേധം ശക്തം. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതു തടയാന്‍ ഏതറ്റംവരെയും പോകാനാണ് ഗോത്ര വിഭാഗമായ വെറ്റ് സുവെറ്റ് ജനതയുടെ തീരുമാനം. ഗോത്ര ജനതയോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാജ്യമൊന്നാകെ പ്രതിഷേധത്തില്‍ പങ്കുചേരുകയാണ്. ട്രെയിന്‍ ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടതോടെ പൊലീസും രംഗത്തെത്തി. പൈപ്പ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാക്കരുതെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി 28 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 

ബ്രിട്ടീഷ് കൊളംബിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നു തീരമേഖലയായ കിതിമതിലേക്കുള്ളതാണ് പൈപ്പ് ലൈന്‍. പ്രകൃതിവാതക വിതരണം മെച്ചപ്പെടുത്തുകയാണ് 670 കിലോമീറ്റര്‍ നീളമുള്ള കോസ്റ്റല്‍ ഗ്യാസ് ലിങ്ക് പൈപ്പ് ലൈന്‍ പ്രോജക്ടിന്റെ ലക്ഷ്യം. എന്നാല്‍ നിര്‍ദ്ദിഷ്ട പൈപ്പ് ലൈനിന്റെ പാതയില്‍ താമസിക്കുന്ന വെറ്റ് സുവെറ്റ് ഗോത്ര ജനത പദ്ധതിയെ എതിര്‍ത്തു. പൈപ്പ് ലൈനിന്റെ 30 ശതമാനത്തോളം വെറ്റ് സുവെറ്റ് ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. പരാമ്പരാഗത താമസ സ്ഥലത്തെയും വനഭൂമിയെയും തകിടംമറിക്കുന്ന പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവരുടെ വാദം. പ്രതിഷേധത്തിന്റെ ഭാഗമായി നിര്‍മാണ സൈറ്റുകളിലേക്കുള്ള പ്രവേശനം തടയാന്‍ നിര്‍ദ്ദിഷ്ട പാതയിലുടനീളം അവര്‍ ക്യാംപുകള്‍ ആരംഭിച്ചു. ആളുകള്‍ കൂട്ടത്തോടെ അവിടങ്ങളില്‍ തമ്പടിക്കുകയും ചെയ്തു.  

അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പായി സ്ഥലം ഒഴിഞ്ഞുകൊടുക്കുന്നത് സംബന്ധിച്ച് ഗോത്ര ഭരണ കൗണ്‍സിലുകളിലെ തെരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുമായി കരാറുണ്ടാക്കിയിരുന്നുവെന്നു കോസ്റ്റല്‍ ഗ്യാസ് ലിങ്ക് പറയുന്നു. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സാമുഹ്യ ക്ഷേമം എന്നിവക്കായി സഹായവും വാഗ്ദാനം ചെയ്യുന്ന കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്തിരുന്നുവെന്നു അവര്‍ അറിയിച്ചു. ഇക്കാര്യം കൗണ്‍സില്‍ അംഗങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരാമ്പരഗത ഭൂമിയുടെ അവകാശം അവിടെ താമസിക്കുന്നവര്‍ക്കാണ് അല്ലാതെ ഗോത്ര കൗണ്‍സിലുകള്‍ക്കല്ലെന്നു വെറ്റ് സുവെറ്റ് ഗോത്ര തലവന്‍മാര്‍ എതിര്‍പ്പുന്നയിച്ചു. മറ്റു മനുഷ്യരില്‍നിന്നൊട്ടു വ്യത്യസ്തരല്ല തങ്ങള്‍. അവകാശങ്ങള്‍ക്കുവേണ്ടി പോരാടും. പ്രകൃതിയെ മലിനപ്പെടുത്തിയും വനജീവിതത്തെ നശിപ്പിച്ചുമുള്ള പദ്ധതിക്കെതിരെ ഏതറ്റംവരെയും പോകുമെന്നും അവര്‍ അറിയിച്ചു. 

സന്നദ്ധ സംഘടനകളും മനുഷ്യാവകാശ, വനസംരക്ഷണ പ്രവര്‍ത്തരും പി്ന്തുണയുമായെത്തിയതോടെ പ്രതിഷേധം രാജ്യമൊന്നാകെ വ്യാപിച്ചു. ഇതോടെ, കഴിഞ്ഞയാഴ്ച മുതല്‍ പൊലീസും രംഗത്തെത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസം ഒഴിവാക്കണമെന്ന കോടതി ഉത്തരവുമായാണ് പൊലീസിന്റെ ഇടപെടല്‍. ഒരു വര്‍ഷത്തിനു മുമ്പുവന്ന കോടതി വിധിയാണ് പൊലീസ് ഇപ്പോള്‍ നടപ്പാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പൈപ്പ് ലൈന്‍ പാതയില്‍ തമ്പടിച്ചിരുന്ന 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡെല്‍റ്റ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ അമ്പതിലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിട്ടുണ്ട്. ഇതോടെ,  ചൊവാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറി. ബ്രിട്ടീഷ് കൊളംബിയയില്‍നിന്ന് നോവ സ്‌കോറ്റിയയിലേക്കുള്ള ആറ് റെയില്‍വേ ലൈനുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ 157 ട്രെയിനുകള്‍ റദ്ദാക്കി. 25,000 യാത്രക്കാരെയാണ് സമരം വലച്ചത്.

Other News