പണപ്പെരുപ്പം 4.8 ശതമാനം ഉയര്‍ന്ന് കാനഡ


JANUARY 20, 2022, 12:10 AM IST

ടൊറന്റോ: കാനഡയിലെ പണപ്പെരുപ്പ നിരക്ക് 30 വര്‍ഷത്തെ ഏറ്റവും വലിയ തലത്തില്‍ 4.8 ശതമാനമായി ഉയര്‍ന്നു. ഡിസംബറിലെ ഉപഭോക്തൃ വില സൂചിക 4.8 ശതമാനം വര്‍ധിച്ചു. ഇതേതുടര്‍ന്ന് ഭക്ഷണ പദാര്‍ഥങ്ങളുടെ വില 1991ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കും ജീവിതച്ചെലവ് വര്‍ധിക്കുകയും ചെയ്തു. 

പലചരക്ക് സാധനങ്ങളുടെ വില 5.7 ശതമാനം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. 2011ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്. 

ഫ്രഷ് ഉത്പന്നങ്ങളുടെ വില വര്‍ധനവിന് പ്രതികൂല കാലാവസ്ഥയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണങ്ങളാണെന്ന് ഡാറ്റാ ഏജന്‍സി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആപ്പിളിന് 6.7 ശതമാനവും ഓറഞ്ചിന് 6.6 ശതമാനവുമാണ് വില വര്‍ധിച്ചത്. 

കാനഡയിലേക്കുള്ള ഓറഞ്ച് പ്രധാനമായും യു എസില്‍ നിന്നാണ് വരുന്നത്. മോശം കാലാവസ്ഥയും സിട്രസ് ഗ്രീനിംഗ് എന്ന സസ്യരോഗവും കാരണം ഏറ്റവും കൂടുതല്‍ ഓറഞ്ച് ഉത്പാദിപ്പിക്കുന്ന ഫ്‌ളോറിഡയില്‍ 1945ന് ശേഷമുള്ളമുള്ള ഏറ്റവും കുറവ് ഉത്പാദനം മാത്രമാണുണ്ടായത്. അതോടെ വിപണിയില്‍ ശീതീകരിച്ച സാന്ദ്രീകൃത ഓറഞ്ച് ജ്യൂസിന്റെ വില കുതിച്ചുയരാന്‍ കാരണമായി. ഏതാനും മാസങ്ങള്‍ക്കിടയില്‍ ഓറഞ്ച് ജ്യൂസിന്റെ വില ഇരട്ടിയോളമാണ് വര്‍ധിച്ചത്. 

ശീതീകരിച്ച ബീഫിന്റെ വില 12 ശതമാനവും പന്നിയുടെ തുടയിറച്ചിക്കും ഉപ്പിട്ടുണക്കിയ പന്നിയിറച്ചിക്കും 15 ശതമാനവുമാണ് വര്‍ധിച്ചത്. 

വാക്‌സിനേഷനെടുക്കാത്തവരുമായെത്തുന്ന ട്രക്കുകള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന പുതിയ നിയമത്തെ തുടര്‍ന്ന് വരും വാരവും മാസവും ഭക്ഷ്യവിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധന്‍ ടു എന്‍ഗുയേന്‍ പറയുന്നത്. 

ഭക്ഷ്യ വിലകള്‍ ഉയര്‍ത്തുന്ന ആഗോള ശക്തികളില്‍ നിന്ന് വ്യത്യസ്തമായി ഭവന വിലയില്‍ വര്‍ധനവുണ്ടാക്കുന്ന ഘടകങ്ങള്‍ കനേഡിയന്‍ നിര്‍മിതമാണെന്നാണ് ടി ഡി ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ജെയിംസ് മാര്‍പ്പിള്‍ പറയുന്നത്. 

എന്നാല്‍ പണപ്പെരുപ്പത്തിന്റെ കുറ്റം ഫെഡറല്‍ ഗവണ്‍മെന്റിന്റേതാണഎന്നാണ് കണ്‍സര്‍വേറ്റീവ് സാമ്പത്തിക നിരൂപകന്‍ പിയറി പൊയ്‌ലിവ്രെ പറയുന്നത്. സമൃദ്ധമായ ഊര്‍ജ്ജവും ഭക്ഷ്യവിഭവങ്ങളും ഉള്ള രാജ്യമെന്ന നിലയില്‍ കാനഡയ്ക്ക് നേട്ടമുണ്ടാക്കാനാവുമായിരുന്നെന്നും വില നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അര്‍ധചാലക മൈക്രോചിപ്പുകള്‍ കുറഞ്ഞതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. വാഷിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളുടെ വില കഴിഞ്ഞ 12 മാസത്തിനകം 5.7 ശതമാനമാണ് വര്‍ധിച്ചത്. പുതിയ കാറുകളുടെ വിലയാവട്ടെ 7.2 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 

ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കുന്നത് ഗ്യാസ് വില മാത്രമാണ്. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവായ 4.1 ശതമാനമാണ് വില കുറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഗ്യാസ് വില 2020 ഡിസംബറില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 33 ശതമാനം കൂടുലാണ്.

Other News