ഇന്ത്യക്കെതിരായ കാനഡയുടെ നീക്കം; ട്രൂഡോ  പിന്തുടരുന്നത്‌ പിതാവിന്റെ പാതയെന്ന് നിരീക്ഷകര്‍


SEPTEMBER 22, 2023, 7:48 AM IST

ഒട്ടാവ: ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയ ആരോപണങ്ങളും നടപടികളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുകയാണ്. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യയുടെ പക്ഷം. ഇരുരാജ്യങ്ങളുടെയും നയതന്ത്രത്തെയാണ് ഇത്തരം ആരോപണങ്ങള്‍ ബാധിക്കുന്നത്.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കനത്ത വിള്ളലാണ് ഉണ്ടാക്കിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുകളായിരിക്കാം കാനഡയില്‍ വെച്ച് നിജ്ജാറിനെ കൊന്നത് എന്നായിരുന്നു ട്രൂഡോയുടെ പ്രസ്താവന. വിവാദം മുറുകിയതോടെ ഇന്ത്യാ വിരുദ്ധ നടപടികളില്‍ ട്രൂഡോ തന്റെ പിതാവിന്റെ പാതയാണ് പിന്തുടരുന്നതെന്നാണ് ചില വിദേശകാര്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

1985ല്‍ എയര്‍ ഇന്ത്യ വിമാനത്തിലെ 331 യാത്രക്കാരുടെ ജീവനെടുത്ത ബോംബാക്രമണത്തിന് പദ്ധതിയിട്ട തല്‍വീന്ദര്‍ സിംഗ് പാര്‍മറിന് അഭയം നല്‍കിയ രാജ്യമാണ് കാനഡ. ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയര്‍ ട്രൂഡോയായിരുന്നു അന്ന് കാനഡയുടെ പ്രധാനമന്ത്രി. ഇന്ത്യ ആവശ്യപ്പെട്ടിട്ടും തല്‍വീന്ദറിനെ കൈമാറാന്‍ അദ്ദേഹം അന്ന് തയ്യാറായിരുന്നില്ല.

ഖലിസ്ഥാന്‍ പ്രസ്ഥാനത്തിലുള്‍പ്പെട്ട സിഖ് തീവ്രവാദി ഗ്രൂപ്പായ ബാബ്ബര്‍ ഖല്‍സ എന്നറിയപ്പെടുന്ന ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ സ്ഥാപക നേതാവാണ് തല്‍വീന്ദര്‍ സിംഗ് പാര്‍മര്‍.

'' പാര്‍മറിനെ വിട്ടുതരണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന നിരസിച്ചത് പിയര്‍
 ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. ബ്രിട്ടീഷ് രാജ്ഞിയോട് ഇന്ത്യയ്ക്ക് വിധേയത്വമില്ലെന്ന് കാട്ടിയായിരുന്നു അഭ്യര്‍ത്ഥന നിരസിച്ചത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കൈമാറല്‍ പ്രോട്ടോക്കോള്‍ ഇക്കാര്യത്തില്‍ ബാധകമല്ലെന്ന് കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യന്‍ പ്രതിനിധികളോട് പറയേണ്ടി വന്നു,'' എന്ന് കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ടെറി മിലാവ്സ്‌കി പറഞ്ഞു.

1981ല്‍ രണ്ട് പഞ്ചാബ് പോലീസുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പാര്‍മര്‍. 1983ല്‍ ഇയാള്‍ ജര്‍മനിയില്‍ വെച്ച് അറസ്റ്റിലാകുകയും ചെയ്തു. 1984ല്‍ മോചിതനായ ഇദ്ദേഹം കാനഡയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ പാര്‍മര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. എന്നാല്‍ പഞ്ചാബ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. കാനഡയിലെ ഖലിസ്ഥാനി പ്രവര്‍ത്തകര്‍ അധികാരികള്‍ നോക്കിനില്‍ക്കെ തന്നെ പാര്‍മറെ സ്തുതിച്ച് രംഗത്തെത്തിയിരുന്നു. 1985ലെ എയര്‍ ഇന്ത്യ വിമാനത്തിലെ ബോംബാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനാണ് പാര്‍മര്‍ എന്ന് പിന്നീട് കണ്ടെത്തി.

അതേസമയം ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിക്കാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന നിലയില്‍ അസ്വീകാര്യമാണ്. അതുകൊണ്ടാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിവരം പുറത്തുവിടുന്നത്' മെലാനി ജോളി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.

ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Other News