ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പുതിയ ഇന്തോ-പസഫിക് തന്ത്രത്തിന് രൂപം നല്‍കി; ശ്രദ്ധാകേന്ദ്രം ഇന്ത്യ


NOVEMBER 25, 2021, 8:28 AM IST

ഓട്ടവ: ഇന്തോ-പസഫിക്ക് മേഖലയില്‍ കാനഡ ഒരു പുതിയ തന്ത്രം രൂപപ്പെടുത്തുന്നു. ഈ മേഖലയും ഇന്ത്യയും കാനഡയുടെ വിദേശകാര്യ നയത്തിന്റെ പ്രധാന ഘടകങ്ങളായിരിക്കുമെന്നാണ് പുതിയ പാര്‍ലമെന്റിന് മുമ്പുള്ള ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ അജണ്ടയിലെ പരാമര്‍ശം തെളിയിക്കുന്നത്.

സെപ്തംബര്‍ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ഹൗസ് ഓഫ് കോമണ്‍സ് യോഗം ചേര്‍ന്നപ്പോള്‍, കാനഡ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ നടത്തിയ പ്രഖ്യാപനത്തിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിന്റെ നയ മുന്‍ഗണനകള്‍ വിവരിച്ചത്. അവയില്‍ 'ഇന്തോ-പസഫിക്കിലെ പങ്കാളിത്തം ആഴത്തിലാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍' നടത്തുമെന്ന് ഊന്നിപ്പറയുന്നു.

ഇന്‍ഡോ-പസഫിക്കിനായി ഒരു പുതിയ നയം രൂപീകരിക്കാന്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയമായ ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ ശ്രമിക്കുന്നതായി ഈ മാസമാദ്യം ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനഡയുടെ ഇടപെടല്‍ വൈവിധ്യവല്‍ക്കരിക്കാനും നയതന്ത്ര, സാമ്പത്തിക, സുരക്ഷ, സുസ്ഥിര വികസന പങ്കാളിത്തം ആഴത്തിലാക്കാനും ലക്ഷ്യമിട്ട് ഇന്‍ഡോ-പസഫിക് മേഖലയിലേക്കുള്ള ഒരു പുതിയ സംയോജിത സമീപനം ഇതില്‍ ഉള്‍പ്പെടുമെന്ന് കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ വക്താവ് പറഞ്ഞു.

മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ജോനാഥന്‍ ഫ്രൈഡിന്റെ നേതൃത്വത്തിലാണ് നയം വികസിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രത്യേക സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നത്.

ഈ മേഖലയെ കുറിച്ച് കാനഡ ഇന്ത്യയുമായി അടുത്ത കാലത്ത് ചര്‍ച്ച നടത്തിയിരുന്നു. ഫ്രൈഡ് അടുത്തിടെ ഒട്ടാവയില്‍ വച്ച് ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ കണ്ടതാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ നീക്കം.

ഇന്തോ-പസഫിക്ക് മേഖലയില്‍, കനേഡിയന്‍ സൈനിക കപ്പലുകളും വിമാനങ്ങളും നാവികരും ശക്തമായ സാന്നിധ്യം നിലനിര്‍ത്തുന്നതായി കഴിഞ്ഞ ആഴ്ച, ഹാലിഫാക്സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാനഡയുടെ പുതിയ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറയുകയുണ്ടായി.

'ഓപ്പറേഷന്‍ പ്രൊജക്ഷനിലൂടെ, കനേഡിയന്‍ യുദ്ധക്കപ്പലുകള്‍ ഇന്‍ഡോ-പസഫിക് മേഖലയിലും ലോകമെമ്പാടുമുള്ള അര്‍ത്ഥവത്തായ, പരസ്പര പ്രവര്‍ത്തനക്ഷമതയുള്ള, സഖ്യ സാന്നിദ്ധ്യം നിലനിര്‍ത്തുന്നതിന് ഞങ്ങളുടെ പങ്കാളികളുമായി ലോക്ക് സ്റ്റെപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  അടുത്തിടെ ഒക്ടോബറില്‍ നടന്ന ഒരു 'തായ്വാനീസ് കടലിടുക്കിലൂടെയുള്ള കപ്പലോട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പ്രതിരോധ മന്ത്രി പരാമര്‍ശിച്ചു.

ചൈന ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിക്കുമ്പോഴും മേഖലയില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കാന്‍ കാനഡയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം ആദ്യം വാഷിംഗ്ടണില്‍ വച്ച് ട്രൂഡോ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കണ്ടപ്പോഴും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

Other News