ട്രമ്പിനെ ചെറുക്കാന്‍ തന്നെ തെരഞ്ഞെടുക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ


OCTOBER 16, 2019, 6:15 PM IST

ടൊറന്റോ:  മുതലാളിത്തത്തിനും കലഹത്തിനും കൂട്ടുനില്‍ക്കുന്ന ട്രമ്പിനെപോലെയുള്ളവരെ ചെറുക്കാന്‍ ശക്തമായ സര്‍ക്കാറിന്റെ ആവശ്യമുണ്ടെന്നും അതിനായി  പ്രധാനമന്ത്രി പദത്തിലേയ്ക്ക് തന്നെ വീണ്ടും തെരഞ്ഞെടുക്കണമെന്നും ജസ്റ്റിന്‍ ട്രൂഡോയുടെ അഭ്യര്‍ത്ഥന. താങ്ക്‌സ് ഗിവിംഗ് അവധി ദിവസത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.എസ്-മെക്‌സിക്കോ-കാനഡ, നാഫ്ത്ത കരാറില്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച തന്റെ സര്‍ക്കാറിന്റെ നടപടി അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം കരാര്‍ ചര്‍ച്ചയ്ക്കിടെ  മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യു.എസിനുവേണ്ടി വാദിക്കുകയായിരുന്നെന്നും അവരുടെ നേതാവായ ആന്‍ഡ്രൂഷീര്‍ ട്രമ്പിന് വിടുവേല ചെയ്യുകയായിരുന്നെന്നും ട്രൂഡോ കുറ്റപ്പെടുത്തി. 

ട്രൂഡോ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് കഴിഞ്ഞവര്‍ഷം ട്രമ്പ് കുറ്റപ്പെടുത്തിയിരുന്നു.അതിന് മറുപടികൂടിയാകണം ട്രൂഡോയുടെ  പരാമര്‍ശമെന്ന് കരുതപ്പെടുന്നു. മാത്രമല്ല,  അധികാരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായസര്‍വ്വേ റിസള്‍ട്ടുകളും ശക്തമായ വാക്കുകള്‍ പ്രയോഗിക്കാന്‍ ട്രൂഡോയെ പ്രേരിപ്പിച്ചിരിക്കണം. ഒക്ടോബര്‍ 21 ന് കാനഡ പോളിംഗ് ബൂത്തിലേയ്ക്ക് പ്രവേശിക്കാനിരിക്കെ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടി നേരിടുമെന്നാണ് അഭിപ്രായസര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം ഏതാണ്ട് പകുതി ഘട്ടം പിന്നിടുമ്പോഴാണ് ഈ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതുവരെ നടത്തിയതില്‍ വലുതെന്ന് സിറ്റി ന്യൂസ് വെബ്‌സൈറ്റ് അവകാശപ്പെടുന്ന അഭിപ്രായസര്‍വേയില്‍ ആന്‍ഡ്രൂഷീറിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ 34 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കുമ്പോള്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകള്‍ക്ക് ലഭിക്കുക 32 ശതമാനമാണ്. എന്‍ഡിപി 14 ശതമാനവും ഗ്രീന്‍പാര്‍ട്ടി 11 ശതമാനം വോട്ടുകളും നേടും. വിവിധ വിഭാഗങ്ങളില്‍ പെട്ട 5000 സാമ്പിളുകളില്‍ നിന്നാണ് വെബ്‌സൈറ്റ് അഭിപ്രായങ്ങള്‍ സ്വരൂപിച്ചത്.  

ഇത്രയും ബൃഹത്തായ സാമ്പിളുകളെ ആധാരമാക്കിയുള്ള സര്‍വ്വേ പ്രാദേശിക ചായ് വുകള്‍ പ്രതിഫലിക്കുന്നതാണെന്ന് രാഷ്ട്രീയ വിശകലന വിദഗ്ദ്ധന്‍ നിക്ക് കൗവാലിസ് അഭിപ്രായപ്പെട്ടു. അതേസമയം മൂന്നൂമാസത്തെ പ്രചരണം അവസാനിച്ചപ്പോള്‍ പാര്‍ട്ടികളുടെ വോട്ടുബാങ്കുകളില്‍ പ്രബലമായ ചോര്‍ച്ചയുണ്ടായിട്ടില്ല എന്നും സര്‍വ്വേ കണ്ടെത്തുന്നു.

കടുത്ത മത്സരം നിലനില്‍ക്കുന്നത് ബ്രിട്ടീഷ് കൊളംബിയയിലാണ്. എല്ലാ പാര്‍ട്ടികളും ഇവിടെ 19 മുതല്‍ 30 ശതമാനം വരെയുളള വോട്ടുകള്‍ കയ്യാളുമ്പോള്‍ എന്‍ഡിപിയോ ജിപിസിയോ ആദ്യ രണ്ടുസ്ഥാനങ്ങളില്‍ എത്തിക്കൂടാനുള്ള സാധ്യതയും സര്‍വ്വേ തള്ളികളയുന്നില്ല.   പതിനേഴ് ദിവസത്തിനകം ഇവിടെ എന്തും സംഭവിക്കാമെന്നാണ് പ്രവചനം.നേരത്തെ മറ്റു രണ്ടുസര്‍വേകളില്‍ ജസ്റ്റിന്‍ട്രൂഡോയുടെ ലിബറലുകള്‍ക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ആന്‍ഡ്രൂഷീറിന്റെ വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധനയാണ് ഇവ രേഖപ്പെടുത്തിയത്.

മാത്രമല്ല, ടെലിവിഷന്‍ ഡിബേറ്റിലും ആന്‍ഡ്രൂഷീറിന് വ്യക്തമായ മുന്‍തൂക്കം നേടാനായി. ജസ്റ്റിന്‍ ട്രൂഡോ തികഞ്ഞഫ്രോഡും കാപട്യം മുഖമുദ്രയാക്കിയവനുമാണെന്നുള്ള ആന്‍ഡ്രൂഷീറിന്റെ പരാമര്‍ശം വിവാദമാവുകയും ചെയ്തു.  അധികാരത്തിന്റെ ഏഴയലത്തേക്കുപോലും  പ്രവേശിപ്പിക്കാന്‍ യോഗ്യതയില്ലാത്തവനാണ് ഇയാളെന്നും ട്രൂഡോയ്‌ക്കെതിരെ ഷീര്‍ വാക്ശരമെയ്തു.

നേരത്തെ  അഭിപ്രായസര്‍വേകള്‍ ആന്‍ഡ്രൂഷീറിന് അനുകൂലമായി പുറത്തുവന്നിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് വിദഗ്ദ്ധമതം.മുഖത്ത് കറുത്തഛായമടിച്ചുള്ള ഒരു പഴയകാല ഫോട്ടോ പുറത്തുവന്നതോടെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ജനസമ്മിതിയില്‍ വന്‍ ഇടിവുണ്ടായത്.  തുടര്‍ന്ന് നിരവധി തവണ ട്രൂഡോ മാപ്പപേക്ഷിച്ചെങ്കിലും വംശീയാധിക്ഷേപം നടത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. 

കണ്‍സര്‍വേറ്റീവ് എന്‍ഡിപി നേതാക്കള്‍ക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പുപോലും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എല്ലായിപ്പോഴും വംശീയതയ്‌ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും  താലിബന്‍ സേനാംഗമായി പ്രവര്‍ത്തിച്ചതിനു ശേഷം രാജ്യത്തേയ്ക്ക് തിരിച്ചെത്തിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പോലുള്ള വിചിത്ര ആചാരങ്ങള്‍ പാലിക്കുകയും ചെയ്ത ട്രൂഡോ ഇത്തരം പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്.

എന്നാല്‍ നമ്മള്‍ ഒരു ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂവെന്നും എത്രതവണ ട്രൂഡോ ഇത്തരം തരംതാഴ്ന്ന പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട് എന്ന കാര്യം ഇപ്പോഴും അറിയില്ലെന്നും ഡിബേറ്റില്‍ ഷീര്‍ പറഞ്ഞു. '' വിവിധ മുഖം മൂടികള്‍ മാറിമാറി ധരിക്കുന്നതുകൊണ്ട് എത്ര തവണ ട്രൂഡോ കറുത്തഛായമടിച്ചിട്ടുണ്ട് എന്ന കാര്യം അദ്ദേഹത്തിന് തന്നെ അറിയില്ല. മിസ്റ്റര്‍ ട്രൂഡോ നിങ്ങളൊരു ഫ്രോഡും വ്യാജനുമാണ്. അതുകൊണ്ടുതന്നെ ഈ രാജ്യംഭരിക്കാന്‍ കൊള്ളാത്തവനും. '' ഷീര്‍ പരിഹസിച്ചു.

Other News