കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകണം; ഹിന്ദുക്കളോട് ഭീഷണി മുഴക്കി ഖലിസ്ഥാന്‍ നേതാവ് പന്നൂന്‍


SEPTEMBER 21, 2023, 6:44 AM IST

ഒട്ടാവ:   കാനഡയിലെ ഹിന്ദുക്കളോട് ഇന്ത്യ വിട്ടുപോകാനാവശ്യപ്പെട്ട് നിരോധിത ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍.

സിഖ് ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ  ഇന്ത്യയെ കുറ്റപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പന്നൂന്റെ ഭീഷണി.

കാനഡയില്‍ കഴിയുന്ന ഹിന്ദുക്കളോട് എത്രയും വേഗം ഇന്ത്യയിലേക്ക് പോകാനാണ് പന്നൂന്‍ ആവശ്യപ്പെട്ടത്.

'ഇന്തോ-കനേഡിയന്‍ ഹിന്ദുക്കള്‍ക്ക് കാനഡയോടും കനേഡിയന്‍ ഭരണഘടനയോടും കൂറില്ലെന്ന്  തെളിയിച്ചു കഴിഞ്ഞു. നിങ്ങളുടെ ലക്ഷ്യം ഇന്ത്യയാണ്. എത്രയും പെട്ടെന്ന് കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകൂ.'-  ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ വീഡിയയിലൂടെ ആഹ്വാനം ചെയ്തു. എന്നാല്‍ ഖാലിസ്ഥാന്‍ അനുകൂല സിഖുകാര്‍ എപ്പോഴും കാനഡയോട് വിശ്വസ്തരായിരുന്നുവെന്നും അവര്‍ എല്ലായ്പ്പോഴും കാനഡയുടെ പക്ഷത്തായിരുന്നുവെന്നും പന്നൂന്‍ വീഡിയോയിലൂടെ അവകാശപ്പെട്ടു.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരും തമ്മില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ  ഇന്ത്യന്‍ ഹൈകമ്മീഷനിലെ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കുകയും ചെയ്തു.

എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സര്‍ക്കാര്‍, നിയമവാഴ്ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍  നയതന്ത്രജ്ഞരെ പുറത്താക്കിയ കാനഡയുടെ തീരുമാനത്തിന് ബദലായി ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ ഉത്തരവിറക്കി.

അതേസമയം കാനഡയില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, മറ്റ് ഉന്നത നേതാക്കള്‍ എന്നിവര്‍ക്കെതിരെ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ഭീഷണി മുഴക്കിയിരുന്നു.

Other News