സോഷ്യല്‍മീഡിയയിലെ താരം വായ്പാ തട്ടിപ്പുവീരനെന്ന് ഒന്റാരിയോ പോലീസ്


NOVEMBER 26, 2023, 6:47 AM IST

ഒന്റാറിയോ: സോഷ്യല്‍ മീഡിയയില്‍ ആഢംബര ജീവിതത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിച്ചും താരപ്പകിട്ടോടെ പ്രത്.ക്ഷപ്പെടുകയും ചെയ്യുന്ന അനസ് അയൂബ് എന്നയാള്‍ക്കെതിരെ ഒന്റാരിയോ പോലീസിന്റെ അന്വേഷണം. ഇയാള്‍ മോര്‍ട്ട്‌ഗേജ് വായ്പാപദ്ധതികളിലൂടെ വന്‍തോതില്‍ പണംതട്ടിപ്പുനടത്തിയാണ് ധനികനായതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. സിബിസി ന്യൂസിന്റെ മാര്‍ക്കറ്റ് പ്ലെയ്‌സ് നടത്തിയ അന്വേഷണത്തിലൂടെയാണ് തട്ടിപ്പു പുറത്തുവന്നത്.

വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും വീട്ടുപകരണങ്ങള്‍ വാങ്ങാനും വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് അനസ് അയൂബിന്റെ രീതിയെന്നാണ് പോലീസ് പറയുന്നത്. വായ്പ ലഭ്യമാക്കാന്‍ വീട്ടുടമകളുടെ വീടും വസ്തുവും തന്നെയാണ് ജാമ്യമായി നല്‍കുന്നത്. വായ്പാ അപേക്ഷയെന്ന വ്യാജേന ഉടമകളുടെ ഒപ്പും രേഖകളും സമ്പാദിക്കുന്ന അയൂബ് ഈ രേഖള്‍ ഉപയോഗിച്ച് ഉടമ അറിയാതെ അധിക തുക വായ്പയായി തട്ടിയെടുക്കുന്നതായാണ് കണ്ടെത്തല്‍. അധികവും മുതിര്‍ന്ന പൗരന്മാരാണ് തട്ടിപ്പിന് ഇരകളാക്കപ്പെട്ടിട്ടുള്ളത്.

ഒരിക്കല്‍ ദരിദ്രമായ ചുറ്റുപാടില്‍ ജീവിച്ച അനസ് അയൂബ് ഈ തട്ടിപ്പിലൂടെ ഇപ്പോള്‍ ധനികനായി മാറിയെന്നും 1.4 ദശലക്ഷം ഡോളര്‍ വിലയുള്ള ലംബോര്‍ഗിനി പോലുള്ള ആഢംബരവാഹനങ്ങളുടെ ഉടമയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മാര്‍ച്ചില്‍ സിബിസിയുടെ മാര്‍ക്കറ്റ്പ്ലെയ്സ് ഈ തട്ടിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷം, ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് (OPP) മിസ്സിസാഗയിലെ അയ്യൂബിന്റെ വീട്ടില്‍ ഒരു നടത്തിയ പരിശോധനയില്‍ ലംബോര്‍ഗിനി പിടിച്ചെടുത്തു. അന്വേഷണങ്ങളെതുടര്‍ന്ന് കാനഡ വിട്ട അയ്യൂബിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.

അയൂബിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അയാള്‍ കാനഡയില്‍ നിന്ന് മുങ്ങിയിരിക്കുകയാണെന്ന് തട്ടിപ്പിനിരകളായ നിരവധിപേരുടെ അഭിഭാഷകനായ ഗ്രെഗ് വീഡന്‍ പറഞ്ഞു.

'ഇരകളുടെ പണവുമായി അയൂബ് രാജ്യം വിട്ടെന്നും ഇത് ഇത് നിയമസംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണെന്നും വീഡണ്‍ പറഞ്ഞു.

അതേസമയം താനിപ്പോഴും കാനഡയില്‍ തന്നെസ്ഥിരതാമസമുണ്ടെന്നാണ് തന്റെ അഭിഭാഷകന്‍ മുഖേന മാര്‍ക്കറ്റ്പ്ലേസിന് നല്‍കിയ ഒരു പ്രസ്താവനയില്‍, അയ്യൂബ് അറിയിച്ചത്. 'തന്റെ ബിസിനസ്സ് ഇടപാടുകള്‍ നിയമപരമായും മുതിര്‍ന്ന അഭിഭാഷകരുടെയും കണ്‍സള്‍ട്ടന്റുമാരുടെയും ഉപദേശത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും അനുസൃതമായും ആണ് നടത്തിയിട്ടുള്ളതെന്നും അയൂബ് പറയുന്നു.

അതേസമയം നേരത്തെ എല്ലാവര്‍ക്കും ലഭ്യമായിരുന്ന അയൂബിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഇപ്പോള്‍ സ്വകാര്യമാക്കി നിയന്ത്രിച്ചിരിക്കുകയാണ്.

ക്രിമിനല്‍ അന്വേഷണം നടക്കുന്നതിനാല്‍ ഗുരുതരമായ ഈ കേസുമായി ബന്ധപ്പെട്ട പ്രത്യേക വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് മാര്‍ക്കറ്റ്‌പ്ലേസിന് നല്‍കിയ പ്രസ്താവനയില്‍ ഒന്റാരിയോ പോലീസ്  വക്താവ് പറഞ്ഞു. ഇരകളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കൂടുതല്‍ ഇരകളെ തട്ടിപ്പിനിരയാകുന്നതില്‍നിന്ന് തടയുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ ഈ വഞ്ചനയെക്കുറിച്ചുള്ള അവബോധവും വിദ്യാഭ്യാസവും വര്‍ധിപ്പിക്കുന്നത് പരമപ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടയില്‍, നിരവധി വീട്ടുടമസ്ഥര്‍ക്ക് ജപ്തി നേരിടേണ്ടി വന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ മാര്‍ക്കറ്റ്‌പ്ലെയ്സിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

Other News