ഭാര്യക്കു നഷ്ടപരിഹാരം കൊടുക്കാന്‍ മടി; ബിസിനസുകാരന്‍ കത്തിച്ചുകളഞ്ഞത് 5.3 കോടി 


FEBRUARY 8, 2020, 12:40 AM IST

ഒട്ടാവ: വിവാഹമോചനത്തെത്തുടര്‍ന്ന് മുന്‍ ഭാര്യക്കും കുഞ്ഞിനും നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ കോടികള്‍ ചൂട്ടെരിച്ച് കനേഡിയന്‍ ബിസിനസുകാരന്‍. ഒട്ടാവയില്‍ മേയര്‍ സ്ഥാനത്തേക്കു മത്സരിച്ചു തോറ്റ ബ്രൂസ് മക്കോണ്‍വില്ലെ എന്ന ബിസിനസുകാരനാണ് ഒരു മില്യണ്‍ കനേഡിയന്‍ ഡോളര്‍ (ഏകദേശം 5.3 കോടി) കത്തിച്ചുകളഞ്ഞത്. 

വിവാഹമോചനത്തിന്റെ ഭാഗമായി ബ്രൂസ് ഒരു മില്യണ്‍ കനേഡിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമായിരുന്നു. കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കായി ഭാര്യക്കു പണം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഭാര്യക്കു പണം നല്‍കാതിരിക്കാന്‍ ബ്രൂസ് സമ്പാദ്യം ചുട്ടെരിക്കുകയായിരുന്നു. പിന്നാലെ ഇക്കാര്യം ഒട്ടാവ സുപ്പീരിയര്‍ കോടതിയില്‍ പറയുകയും ചെയ്തു. അതോടെ, കോടതി വിധി പാലിക്കാത്തതിന് ബ്രൂസിനു 30 ദിവസത്തേക്കു ജയില്‍വാസം വിധിച്ചു. സാമ്പത്തിക സ്ഥിതി കോടതിയില്‍ ബോധിപ്പിക്കുന്നതിനൊപ്പം ദിവസവും 2000 ഡോളര്‍ ഭാര്യക്കു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 

സെപ്റ്റംബര്‍ 23നും ഡിസംബര്‍ 15നുമാണ് ബ്രൂസ് പണം കത്തിച്ചത്. ആറു ബാങ്ക് അക്കൗണ്ടുകളില്‍നിന്നും ആറുതവണകളായിട്ടാണ് പണം പിന്‍വലിച്ചത്. പണം പിന്‍വലിച്ചതിന്റെ രസീതുകള്‍ കൈയിലുണ്ടെന്നും ബ്രൂസ് പറഞ്ഞു. അതേസമയം, ബ്രൂസ് ഇത്രയും തുക കത്തിക്കുന്നത് ആരെങ്കിലും കണ്ടതായി അറിവില്ല. ആരും അറിയാതെയണ് ഇതെല്ലാം ചെയ്തതെന്നാണ് ബ്രൂസിന്റെ വാദം.

Other News