വാവേയ് സിഎഫ്ഒയെ അമേരിക്കയ്ക്ക് കൈമാറുന്നത് ദേശതാല്‍പര്യത്തിന് വിരുദ്ധമെന്ന് അഭിഭാഷകര്‍


JUNE 25, 2019, 3:59 PM IST

ടൊറന്റോ: വാവേയ് സിഎഫ്ഒ മെങ് വാന്‍ഴുവിനെ അമേരിക്കയ്ക്ക് കൈമാറുന്നതിനെതിരെ അവരുടെ വക്കീലന്മാര്‍ രംഗത്ത്. വാന്‍ഴുവിനെ അമേരിക്കയ്ക്ക് നല്‍കുന്നത് കനേഡിയന്‍ ദേശീയ താല്‍പര്യത്തിന് വിരുദ്ധമായിരിക്കുമെന്ന് വാന്‍ഴുവിന്റെ അഭിഭാഷകര്‍ നിയമ മന്ത്രി ഡേവിഡ് ലാമെറ്റിയ്ക്ക് എഴുതിയ കത്തില്‍ പറഞ്ഞു. എല്ലാകാലത്തും കാനഡ തങ്ങളുടെ ദേശീയത ഉയര്‍ത്തിപിടിച്ചിട്ടുണ്ടെന്നും അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വാന്‍ഴുവിനെ കൈമാറുന്നത് ഈ പ്രവണതയ്ക്ക് വിരുദ്ധമാകുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ചൈനയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ മോശമാകുന്നതിനും നടപടി വഴിവയ്ക്കും. 

വാന്‍കൂവറില്‍ വച്ചാണ് അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചാരക്കേസില്‍ വാന്‍ഴു അറസ്റ്റിലാകുന്നത്. തുടര്‍ന്ന് പ്രതികാര നടപടിയായി ചൈന രണ്ട് കനേഡിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേരെ മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. കാനഡയില്‍ നിന്നുള്ള പല ഉല്‍പന്നങ്ങളുടെയും ഇറക്കുമതി ചൈന റദ്ദാക്കുന്നതിനും വാന്‍ഴുവിന്റെ അറസ്റ്റ് കാരണമായി.


Other News