മലാല യൂസഫ്‌സായിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ക്യുബെക്ക് പ്രവിശ്യാമന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം


JULY 8, 2019, 7:12 PM IST

ക്യൂബെക്ക്:  സര്‍ക്കാര്‍ ഓഫീസുകളും സ്‌ക്കൂളുകളും ഉള്‍പ്പടെയുള്ള

പൊതു സ്ഥലങ്ങളില്‍ ഹിജാബ് ഉള്‍പ്പടെയുള്ള മതചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് രണ്ടാഴ്ചയ്ക്ക് ശേഷം ഫ്രാന്‍സിലെ ഒരു ചടങ്ങില്‍ പാകിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്‌സായിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത മന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ക്യൂബെക്ക് വിദ്യാഭ്യാസമന്ത്രി ജീന്‍ ഫ്രാന്‍കോയിസ് റോബര്‍ജാണ് കാപട്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ പഴി കേട്ടത്.

ഫ്രാന്‍സിലെ ചടങ്ങില്‍ വച്ച് തങ്ങള്‍ അന്തര്‍ദ്ദേശീയ വികസനത്തെക്കുറിച്ചും വിദ്യാഭ്യാസം നേടുന്നതിന് പെണ്‍കുട്ടികള്‍ നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും സംസാരിച്ചുവെന്ന് മലാലയോടൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്ത് മന്ത്രി കുറിച്ചപ്പോള്‍ 

 വിദ്യാര്‍ത്ഥിനികളുടെ സ്‌ക്കൂള്‍ പ്രവേശനത്തിന് സംസാരിച്ചതിന്റെ പേരില്‍ താലിബാന്റെ അക്രമം നേരിട്ട മലാലയ്ക്ക് തട്ടം ധരിച്ചുകൊണ്ട് ക്യൂബെക്കിലെ സ്‌ക്കൂളില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന വിരോധാഭാസം ചിലര്‍ പങ്കുവച്ചു.

'നിങ്ങളൊരു കാപട്യക്കാരനാണെന്നും മലാലയോടൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്യുന്നതുകൊണ്ട് അതിന് മാറ്റമുണ്ടാകില്ലെന്നും' ചിലര്‍ ചൂണ്ടിക്കാട്ടി.

2014ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച യൂസഫ്‌സായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ താലിബാന്‍ വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത്.

Other News