മിസിസാഗ: മൂന്നരപ്പതിറ്റാണ്ടിലേറെ കാലം മിസിസാഗയുടെ മേയറായിരുന്ന ഹേസല്‍ മക്കലിയന്‍ 101-ാം വയസ്സില്‍ നിര്യാതയായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മേയറായ വനിതയാണ് ഹേസല്‍ മാക്കില്ലന്‍. 102 വയസ്സ് പൂര്‍ത്തിയാകാനിരിക്കെയായിരുന്നു അന്ത്യം.
ബിസിനസുകാരിയും കായികതാരവും ഭാര്യയും മാതാവുമായി വ്യത്യസ്ത വേഷങ്ങളെല്ലാം ഏറ്റവും നല്ല രീതിയിലാണ് അവര്‍ കൈകാര്യം ചെയ്തത്. മികച്ച രാഷ്ട്രീയ ശൈലി പുറത്തെടുത്ത ഹേസലിനെ ചുഴലിക്കാറ്റെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ക്യുബെക്കിലെ ഗാസ്പെ പെനിന്‍സുലയിലെ ഒരു ചെറിയ പട്ടണത്തില്‍ 1921-ല്‍ കുടുംബത്തിലെ അഞ്ച് കുട്ടികളില്‍ ഇളയവളായാണ് മക്കലിയന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1940-ല്‍ ലൂയിസ് റോളണ്ട് പേപ്പര്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ മോണ്‍ട്രിയലിലേക്ക് പോയ മക്കലിയന്‍ പിന്നീട് സെക്രട്ടേറിയല്‍ സ്‌കൂളില്‍ ചേര്‍ന്നു.
മോണ്‍ട്രിയലിലായിരിക്കെ അഞ്ചടി മൂന്നിഞ്ച് ഉയരക്കാരിയായ അവര്‍ ഹോക്കിയോടുള്ള ഇഷ്ടം പ്രൊഫഷണല്‍ താരമാക്കുകയും രണ്ട് സീസണുകള്‍ കളിക്കുകയും ചെയ്തു. പിന്നീട് എഞ്ചിനീയറിംഗ് സ്ഥാപനമായ കനേഡിയന്‍ കെല്ലോഗില്‍ ഓഫീസ് മാനേജരായിത്തീര്‍ന്ന അവര്‍ 1943-ല്‍ ടൊറന്റോയിലെ കമ്പനിയുടെ ആസ്ഥാനത്തേക്ക് മാറ്റി.
1945ലാണ് മക്കലിയന്‍ സാം മക്കലിയനെ കണ്ടുമുട്ടിയത്. പിന്നീട് 1951-ല്‍ വിവാഹിതരായ ഇവര്‍ സ്്ട്രീറ്റ്സ്വില്ലെയിലേക്ക് മാറി.
മക്കലിയന്‍സിന് മൂന്ന് മക്കളാണ് പിറന്നത്. സാം മക്കലിയന്‍ അല്‍ഷിമേഴ്സ് രോഗബാധിതനായി 1997ലാണ് മരിച്ചത്. 1963-ല്‍ മക്കലിയന്‍ കെല്ലോഗ് വിട്ട് തന്റെ ഭര്‍ത്താവിന്റെ പ്രിന്റിംഗ് ബിസിനസിലെത്തി. 1966 ആയപ്പോഴേക്കും അവര്‍ സ്ട്രീറ്റ്സ്വില്ലെയുടെ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനായും പ്രാദേശിക ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും മാറി. നഗര വികസനത്തെ കുറിച്ച് അവര്‍ കൂടുതല്‍ ശ്രദ്ധാലുവായിരുന്നു. ഈ ഘട്ടത്തിലാണ് സമീപ ഗ്രാമങ്ങളായ ക്ലാര്‍ക്സണ്‍, ലേക്വ്യൂ, കുക്ക്സ്വില്ലെ, എറിന്‍ഡേല്‍, ഷെറിഡന്‍, ഡിക്സി, മെഡോവ്വെയ്ല്‍, മാള്‍ട്ടണ്‍ എന്നിവ മിസ്സിസ്സാഗയില്‍ ലയിപ്പിച്ചത്.
ടൊറന്റോയുടെ പ്രാന്തപ്രദേശം മാത്രമല്ല, താമസയോഗ്യമായ നഗരമായി അതിനെ വിഭാവനം ചെയ്തു 1978-ല്‍ മക്കലിയന്‍ മിസിസാഗയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മക്കലിയോണിന് കീഴില്‍ മിസിസാഗ ചെറിയ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും സ്ഥാനത്തു നിന്നും കാനഡയിലെ ആറാമത്തെ വലിയ നഗരമായി വളര്‍ന്നു. എന്നാല്‍ മിസിസാഗ വികസിപ്പിച്ചപ്പോള്‍ കുറഞ്ഞ സാന്ദ്രതയും കാറുകളെ ആശ്രയിച്ചുള്ള താമസ വികസനവുമുള്ള പ്രദേശവുമായി മാറി.
തന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ ഒരിക്കലും സ്വീകരിക്കാതിരുന്ന മക്കലിയന്റെ നിലപാടുകള്‍ വോട്ടര്‍മാരില്‍ സ്വാധീനിച്ചു. 1980-ല്‍ വീണ്ടും അധികാരത്തിലേറിയ മക്കലിയന്‍ 1982, 1985, 1988, 1991, 1994, 1997, 2000, 2003, 2006, 2010 വര്‍ഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു.
1979 നവംബറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കനേഡിയന്‍ പസഫിക് ചരക്ക് തീവണ്ടി പാളം തെറ്റിയപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമാധാനകാല ഒഴിപ്പിക്കല്‍ കൈകാര്യം ചെയ്തത് മക്കലിയന്‍ ആയിരുന്നു. നഗരം ഒഴിപ്പിച്ച മക്കലിയന്‍ നഗരം ഒഴിപ്പിക്കുകയും നഗരം അടച്ചിടുകയും ചെയ്തു.
വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ മാതൃകയായ മക്കലിയന്‍ ഒരിക്കലും സ്വയം ഫെമിനിസ്റ്റായി കണക്കാക്കിയിരുന്നില്ല. 2014-ല്‍ അവര്‍ വിരമിച്ചപ്പോള്‍ 181,098 ഡോളര്‍ സമ്പാദിച്ച് രാജ്യത്തെ ആറാമത്തെ ഉയര്‍ന്ന ശമ്പളമുള്ള മേയറായിരുന്നു.
രാഷ്ട്രീയം വിട്ടതിനുശേഷം ഷെറിഡന്‍ കോളേജിന്റെ ചാന്‍സലറായി നിയമിതയായ മക്കലിയന്‍ ടൊറന്റോ, മിസ്സിസാഗ സര്‍വകലാശാലയുടെ പ്രിന്‍സിപ്പലിന്റെ പ്രത്യേക ഉപദേശകയുമായിരുന്നു.
2019 ജനുവരിയില്‍ ഒന്റാറിയോ സര്‍ക്കാര്‍, മുനിസിപ്പല്‍ കാര്യ മന്ത്രി സ്റ്റീവ് ക്ലാര്‍ക്കിന്റെ പ്രത്യേക ഉപദേഷ്ടാവായി മക്കാലിയനെ നിയമിച്ചതായി പ്രഖ്യാപിച്ചു. അതിന് അവര്‍ക്ക് പ്രതിവര്‍ഷം ഒന്നരലക്ഷം ഡോളര്‍ വരെ പ്രതിഫലം ലഭിക്കും. എന്നാല്‍ മറ്റ് നിരവധി ഉത്തരവാദിത്വങ്ങളുള്ളതിനാല്‍ മാസാവസാനം മക്കലിയന്‍ ജോലി അവസരം ഒഴിവാക്കുകയായിരുന്നു.