ഹേസല്‍ മക്കലിയണിന്റെ വിയോഗത്തില്‍ അനുശോചിച്ച് മിസ്സിസാഗ 


JANUARY 29, 2023, 9:47 PM IST

മിസിസാഗ: മുന്‍ മേയല്‍ ഹേസല്‍ മക്കലിയോണിന്റെ വിയോഗത്തില്‍ സങ്കടവും അനുശോചനവും അറിയിച്ച് മിസ്സിസാഗ.  ജനുവരി 29ന് രാവിലെ ആറരയ്ക്കാണ് 101-ാം വയസ്സില്‍ ഹേസല്‍ മക്കലിയോണ്‍ വീട്ടില്‍ നിര്യാതയായത്.

പരേതനായ സാം മക്കലിയോണാണ് ഹെയ്‌സലിന്റെ ഭര്‍ത്താവ്. പോള്‍ (മേരി), ലിന്‍ഡ ബര്‍ഗെസ് (പരേതനായ പീറ്റര്‍), പീറ്റര്‍ മക്കലിയോണ്‍ എന്നിവര്‍ മക്കളും എറിക്ക കൊച്ചുമകളുമാണ്. 

തങ്ങളുടെ മനോഹരമായ നഗരത്തില്‍ ഏറ്റവും കൂടുതല്‍ കാലം മേയറായിരുന്ന ഹേസല്‍ മക്കലിയോണിന്റെ വേര്‍പാടില്‍ താമസക്കാരുടേയും ജീവനക്കാരുടേയും കൗണ്‍സില്‍ സഹപ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ താന്‍ നില്‍ക്കുന്നതായി മേയര്‍ ബോണി ക്രോംബി പറഞ്ഞു. ഹേസല്‍ തന്റെ ഉപദേഷ്ടാവും രാഷ്ട്രീയ മാതൃകയും മാത്രമല്ല, നിരവധി കനേഡിയന്‍ സ്ത്രീകളെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിച്ചതിന്റെ കാരണവും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഹേസലിന്റെ പൈതൃകം വരും തലമുറകള്‍ക്കും മാത്ൃകയാണെന്നും അത് പിന്തുടരാന്‍ എല്ലാവരും ശ്രമിക്കണമെന്നും പറഞ്ഞ ബോണി ക്രോംബി ഹേസലിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നതില്‍ മിസ്സിസാഗയിലെ എല്ലാ നിവാസികളോടും പങ്കുചേരുന്നതായും മേയര്‍ അറിയിച്ചു. 

1978 നവംബര്‍ മുതല്‍ 2014 നവംബര്‍ വരെ 36 വര്‍ഷമാണ് മിസ്സിസാഗ സിറ്റിയില്‍ മേയറായി ഹേസല്‍ മക്കലിയോണ്‍ സേവനമനുഷ്ഠിച്ചത്. മേയറുടെ ഓഫീസ് വിട്ടതിനുശേഷം, ടൊറന്റോ മിസ്സിസാഗ യൂണിവേഴ്‌സിറ്റി, ഷെറിഡന്‍ കോളേജ്, ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട്ട് അതോറിറ്റി, ഒന്റാറിയോ വിമന്‍സ് ഹോക്കി അസോസിയേഷന്‍ എന്നിവയില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നു. 

നഗരത്തിന് അനുഭവപ്പെടുന്ന നഷ്ടമാണ് മക്കലിയോണിന്റെ നിര്യാണമെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും (സി എ ഒ) സിറ്റി മാനേജരുമായ പോള്‍ മിച്ചം പറഞ്ഞു. ഹേസലിന്റെ കഠിനാധ്വാനത്തിനും അഭിനിവേശത്തിനും നന്ദിയെന്നും കാനഡയിലെ ഏഴാമത്തെ വലിയ നഗരമായി മിസിസാഗ മാറിയതിന് പിന്നില്‍ ഹേസല്‍ സമ്മാനിച്ച പാരമ്പര്യമുണ്ടെന്നും പോള്‍ മിച്ചം പറഞ്ഞു. 

മക്കലിയന്റെ ചരമത്തില്‍ അനുശോചിച്ച് പൂക്കള്‍ അര്‍പ്പിക്കുന്നതിന് പകരം ട്രിലിയം ഹെല്‍ത്ത് പാര്‍ട്ണേഴ്സ് ഫൗണ്ടേഷനോ കല, സംസ്‌കാരം, പൈതൃകം എന്നിവയ്ക്കായുള്ള ഹേസല്‍ മക്കലിയന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനോ സംഭാവനകള്‍ നല്‍കണമെന്ന് മക്കലിയന്‍ കുടുംബം ആവശ്യപ്പെട്ടു.

Other News