ഹുറയ് 2019 നോര്‍ത്ത് അമേരിക്കന്‍ വടംവലി മത്സരവും പിക്‌നിക്കും സംഘടിപ്പിച്ചു


AUGUST 23, 2019, 4:44 PM IST

മിസ്സിസ്സാഗ:നോര്‍ത്ത് അമേരിക്കന്‍ കൊമേര്‍ഷ്യല്‍ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘടനയായ മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ (MTAC) ഓഗസ്റ്റ് മാസം 17 നു മെഡോവയില്‍ പാര്‍ക്കില്‍ വെച്ച് നോര്‍ത്ത് അമേരിക്കന്‍ വടംവലി മത്സരവും പിക്‌നിക്കും സംഘടിപ്പിച്ചു.  രാവിലെ 10മണിക്ക് സംഘടനാ പ്രസിഡന്റ് സോമോന്‍ സക്കറിയ കൊണ്ടൂര്‍  പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാന്‍ ഉതകുന്ന തരത്തില്‍ വിപുലമായമായ രീതിയില്‍ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മലബാര്‍ ധം ബിരിയാണി ഉള്‍പ്പെടെ ഉള്ള നാടന്‍ വിഭവങ്ങള്‍ നിരത്തിയ തട്ടുകടയും കൂടാതെ മറ്റു വിഭവങ്ങളും ഒരുക്കിയിരുന്നു.

M TAC നേതൃത്വം നല്‍കിയ വടംവലി ആയിരുന്നു പ്രധാന ആകര്‍ഷണം. കാനഡയിലെ പ്രബല വടംവലി ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍, പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് കപ്പ് നേടിയപ്പോള്‍, വനിതകളുടെ വടംവലി മത്സരത്തില്‍ ഗ്ലാഡിയേറ്റര്‍സ് ടീമിന്റെ വനിതാ വിഭാഗം ഒന്നാം സമ്മാനം നേടി. പുരുഷ വിഭാഗത്തിന് ഒന്നാം സമ്മാനമായ MTAC എവര്‍ റോളിങ്ങ് ട്രോഫിയും ബ്രാംപ്ടണ്‍ LKA ഓട്ടോമൊബൈല്‍സ് സ്‌പോണ്‍സര്‍ ചെയ്ത മൂവായിരം ഡോളറിന്റെ ചെക്കും കൈമാറി. വനിതാ വിജയികള്‍ക്ക് ട്രോഫിയും പങ്കെടുത്ത ഓരോ അംഗത്തിനും ബ്രാംപ്ടണ്‍ അംബികാ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്ത സ്വര്‍ണനാണയവും വിതരണം ചെയ്തു.പ്രശസ്ത റീയാലിറ്റര്‍  ജിഷാ തോട്ടം ആയിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.

വടംവലി മത്സരത്തിന് മുന്നോടിയായി നടന്ന പൊതു സമ്മേളനത്തില്‍ ആല്‍ബര്‍ട്ട സാമൂഹ്യസേവന മന്ത്രി രജന്‍ സൗഹ്നെ മുഖ്യ അതിഥി ആയിരുന്നു. ഒന്റാരിയോ ചെറുകിടവ്യവസായ സഹമന്ത്രി പരബ്മീത് സിംഗ് സര്‍ക്കാറിയ, ദീപക് ആനന്ദ് (Vice Chair - Standing committee on social policy), ജഗ് ബദ്വാല്‍ (Agent General of Taxes Ontario) തുടങ്ങിയ പ്രമുഖര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് സംഘടനാ സെക്രട്ടറി അനില്‍ രവീന്ദ്രന്‍ നന്ദി അറിയിച്ചു.

Other News