നയാഗ്ര നദിയില്‍ വീണ യുവതി മരിച്ചു; യുവാവിനെ ഒഴുക്കില്‍ കാണാതായി


AUGUST 3, 2021, 7:53 AM IST

ടൊറന്റോ : നയാഗ്ര ഭാഗത്ത് ഉല്ലാസയാത്രയ്‌ക്കെത്തിയ യുവതി നദിയില്‍ വീണുമരിച്ചു. ഇവരെ രക്ഷിക്കാനായി ചാടിയ യുവാവിനെ കാണാതായി. ടൊറന്റോയില്‍ നിന്നുള്ള 20 കാരിയാണ്  ആശുപത്രിയില്‍ മരിച്ചത്.

വേള്‍പൂള്‍ റോഡിനടുത്തുള്ള നയാഗ്ര പാര്‍ക്ക് വേയുടെ പ്രദേശത്ത് ഓഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. സമ പ്രായമുള്ള യുവാവിനെയാണ് ഒഴുക്കില്‍ കാണാതായത്‌.

അപകട വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷപ്പെടുത്തി ഒരു പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ പിന്നീട് മരിച്ചു. കാണാതായ യുവാവിനുവേണ്ടി ഹെലികോപ്ടറും ബോട്ടുകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല.

നയാഗ്ര നദിക്കരയിലുള്ള മലയിടുക്കിലെ നടപ്പാതകളില്‍ കാല്‍നടയാത്രയ്ക്ക് പോയ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നിന്നുള്ള സൗഹൃദസംഘത്തില്‍ പെട്ടവരാണ് അപകടത്തില്‍ പെട്ട യുവാവും യുവതിയുമെന്ന് നയാഗ്ര റീജിയണല്‍ പോലീസ് അറിയിച്ചു.

സംഭവത്തിന്റെ സാഹചര്യത്തെക്കുറിച്ച് 2 ജില്ലാ ഡിറ്റക്ടീവുകള്‍ അന്വേഷിക്കുന്നുണ്ട്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 905-688-4111, 1022200 എന്ന നമ്പറില്‍ വിളിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.

Other News