തെറ്റായ ബജറ്റ് കമ്മി അവതരിപ്പിച്ച് ഡൗഗ് ഭരണകൂടം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം


SEPTEMBER 14, 2019, 9:10 PM IST

ടൊറന്റോ: പ്രവിശ്യയിലെ ബജറ്റ് കമ്മി പ്രീമിയര്‍ ഡൗഗ് ഫോര്‍ഡ് അവകാശപ്പെട്ടതിലും പകുതിയാണെന്ന് റിപ്പോര്‍ട്ട്. ട്രഷറി ബോര്‍ഡ് പ്രസിഡന്റ് പീറ്റര്‍ ബെത്ത്‌ലെന്‍ഫാല്‍വിയും സാമ്പത്തിക കാര്യമന്ത്രി റോഡ് ഫിലിപ്‌സും വെള്ളിയാഴ്ച അവതരിപ്പിച്ച സാമ്പത്തിക കാര്യ റിപ്പോര്‍ട്ടില്‍ കമ്മി 7.4 ബില്ല്യണ്‍മാത്രമാണെന്ന് വെളിപെടുത്തി. നേരത്തെ ഡൗഗ് ഫോര്‍ഡ് ഭരണകൂടം പറഞ്ഞിരുന്നത് മുന്‍ ലിബറല്‍ സര്‍ക്കാര്‍ 15 ബില്ല്യണ്‍ ഡോളര്‍ കമ്മി ബാധ്യത തങ്ങള്‍ക്ക് കൈമാറി എന്നായിരുന്നു. പിന്നീട് 2018-19 സാമ്പത്തികപാദത്തില്‍ ഇത് 11.7 ബില്ല്യണാക്കി കുറയ്ക്കാനായെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ ചെലവഴിക്കല്‍ കുറയ്ക്കാനും നികുതി വര്‍ധിപ്പിക്കാനുമായി ഡൗഗ് ഫോര്‍ഡ് ജനങ്ങളെ തെറ്റദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് പുതിയ വെളിപെടുത്തല്‍ തെളിയിക്കുന്നത്. പ്രതിപക്ഷ കക്ഷികളും ഇതുതന്നെ ആരോപിക്കുന്നു.

അതേസമയം സര്‍ക്കാറിന്റെ കഠിനാധ്വാനം മൂലമാണ് കമ്മി കുറഞ്ഞതെന്ന് ട്രഷറി ബോര്‍ഡ് പ്രസിഡന്റ് പീറ്റര്‍ ബെത്ത്‌ലെന്‍ഫാല്‍വി അവകാശപ്പെട്ടു. സര്‍ക്കാറിന്റെ സമയോചിതമായ ഇടപെടല്‍ മൂലം നികുതിയുള്‍പ്പടെയുള്ള മേഖലകളില്‍ വരുമാനവര്‍ധനവുണ്ടായി.ഇതാണ് കമ്മി കുറയാന്‍ ഇടയാക്കിയത്. അദ്ദേഹം പറഞ്ഞു. നികുതി വര്‍ധിപ്പിച്ചതിന് പുറമെ വിദ്യാഭ്യാസം, കുട്ടികള്‍ക്കും അശരണര്‍ക്കുമായുള്ള ചെലവഴിക്കല്‍ എന്നിവയില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. നിരവധി പരിസ്ഥിതി സംരക്ഷണ പദ്ധതികളും ഡൗഗ് ഭരണകൂടം ചെലവ് ചുരുക്കലിന്റെ ഭാഗമായി മരവിപ്പിച്ചു.

എന്നുമാത്രമല്ല, ഇനിയുംചെലവ് ചുരുക്കല്‍ തുടരുമെന്ന സൂചനനല്‍കി പീറ്റര്‍ ബെത്ത്‌ലെന്‍ഫാല്‍വി പുതിയ പരിഷ്‌ക്കരണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം 1.3 ബില്ല്യണ്‍ ഡോളര്‍ കമ്മിയില്‍ ഇനിയും കുറവുവരുത്താന്‍ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.