താത്ക്കാലിക ഏജന്‍സി നിയമങ്ങള്‍ പുതിയ അടിമത്തം അവസാനിപ്പിക്കുമെന്ന് ഒന്റാരിയോ തൊഴില്‍ മന്ത്രി


OCTOBER 19, 2021, 12:03 AM IST

ഒന്റാരിയോ: ആധുനിക കാലത്തെ അടിമത്തമെന്ന് വിശേഷിപ്പിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍ പുതിയ താത്ക്കാലിക ഏജന്‍സി നിയമങ്ങള്‍ അവസാനിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു. വ്യാപകമായ ലംഘനങ്ങള്‍ക്ക് പേരുകേട്ട മേഖലയില്‍ ഉത്തരവാദിത്വം നടപ്പാക്കലും മെച്ചപ്പെടുത്തലുമുണ്ടാക്കാന്‍ താത്ക്കാലിക സഹായ ഏജന്‍സികള്‍ക്കും റിക്രൂട്ടര്‍മാര്‍ക്കും ലൈസന്‍സ് നല്കുകയും പരിശോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

പുതിയ തൊഴില്‍ നിയമ നിര്‍മാണം പാസാകുന്നതോടെ തൊഴിലാളികള്‍ക്ക് മികച്ച സംരക്ഷണവും സുരക്ഷിതതവും നല്കുമെന്നും തൊഴില്‍ മന്ത്രി മോണ്ടെമക്‌നാട്ടണ്‍ പറഞ്ഞു. നിയമം ലംഘിക്കുന്ന ഏജന്‍സികളുടെ കാലം കഴിയുമെന്നും അദ്ദേഹം അറിയിച്ചു. 

നിര്‍ദ്ദിഷ്ട ലൈസന്‍സിംഗ് പ്രകാരം ഏജന്‍സികളേയും റിക്രൂട്ടര്‍മാരേയും പ്രവിശ്യാതലത്തില്‍ പരിശോധിക്കുകയും ബോണ്ട് രൂപത്തില്‍ സുരക്ഷാ പേയ്‌മെന്റ് നല്കുകയും വേണം. വേതന മോഷണം നടക്കുകയോ നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുകയോ ചെയ്താല്‍ തൊഴിലാളികളുടെ പണം വീണ്ടെടുക്കാന്‍ ഈ ബോണ്ടാണ് ഉപയോഗപ്പെടുത്തുക. 

കഴിഞ്ഞ ഒരു വര്‍ഷത്തെ പരിശോധനയ്ക്കിടയില്‍ താത്ക്കാലിക ഏജന്‍സികള്‍ തൊഴിലാളികള്‍ക്ക് നല്‌കേണ്ട 3.3 മില്യന്‍ ഡോളര്‍ അവകാശം കണ്ടെത്തിയിട്ടുണ്ട്. പുതിയ പരിഷ്‌ക്കരണ പദ്ധതികളില്‍ നിയമലംഘകര്‍ക്ക് കര്‍ശനമായ ശിക്ഷയും ചൂഷണം തിരിച്ചറിയുന്നതിനുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സും ഉള്‍പ്പെടുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കുന്നത് തൊഴില്‍ വകുപ്പായിരിക്കുമെന്നും അടുത്ത ആഴ്ചകളില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കുമെന്നും അറിയിച്ചു. 

എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒന്റാരിയോയിലെ താത്ക്കാലിക ഏജന്‍സികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് സ്റ്റാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അവയില്‍ പലതിനും ഓഫിസുകളോ പോസ്റ്റ് ബോക്‌സുകളോ ഇല്ലെന്നും കണ്ടെത്താനാവില്ലെന്നും അന്വേഷണത്തില്‍ പറയുന്നു. 

ഇന്‍ഷൂറന്‍സ് ബോര്‍ഡ് ഡാറ്റ പ്രകാരം ഒന്റാരിയോയില്‍ നിലവില്‍ 2250ലേറെ താത്ക്കാലിക ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നത്. അവയിലൂടെ 128,000 ജീവനക്കാരെയാണ് നിയമിച്ചിട്ടുളളത്.

Other News