ഒന്റാറിയോ സ്‌കൂളുകള്‍ ജൂണ്‍ അവസാനം വരെ തുറക്കില്ല


MAY 20, 2020, 9:54 AM IST

ഒന്റാറിയോ: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച ഒന്റാറിയോ സ്‌കൂളുകള്‍ ജൂണ്‍ അവസാനം വരെ തുറക്കില്ല. ഈ അധ്യയന വര്‍ഷം മുഴുവനും, സ്‌കൂളുകള്‍ അടച്ചിടാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം. സമ്പദ്വ്യവസ്ഥയുടെ ചില ഭാഗങ്ങള്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.

അതേസമയം വേനല്‍ക്കാലത്ത് ഡേകെയറുകളും ഡേ ക്യാമ്പുകളും തുറക്കാനുള്ള പദ്ധതിയുണ്ട്.

ആല്‍ബര്‍ട്ട, സസ്‌കാച്ചെവന്‍, ന്യൂ ബ്രണ്‍സ്വിക്ക്, നോവ സ്‌കോട്ടിയ എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ഒന്റാരിയോയും സ്‌കൂളുകള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടത്.

രണ്ട് ദശലക്ഷം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ അനവസരത്തില്‍ തുറക്കുക വഴി ''അനാവശ്യ റിസ്‌ക്'' എടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു. അതേസമയം, ബ്രിട്ടീഷ് കൊളംബിയയും ക്യൂബെക്കും അധ്യയന വര്‍ഷം കഷ്ടി ഒരുമാസത്തില്‍ കൂടുതല്‍ അവശേഷിക്കെ സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ തുറക്കുകയോ ചെയ്തിട്ടുണ്ട്.

കുട്ടികളുടെ കാര്യത്തില്‍ താന്‍  അനാവശ്യമായ അപകടസാധ്യതകള്‍ ഏറ്റെടുക്കില്ലെന്ന് ഫോര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് വ്യക്തമാകുന്നത്. അതേ സമയം സ്‌കൂളുകള്‍ തുറക്കുന്നതിനായി സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ സ്റ്റേജ് 2 പദ്ധതിയുടെ ഭാഗമായി ഡേകെയറുകള്‍ തല്‍ക്കാലം അടച്ചിരിക്കുമെന്നും ക്രമേണ വീണ്ടും തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെസെ ചൊവ്വാഴ്ച പറഞ്ഞു.

ഒന്റാറിയോയുടെ  സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള നടപടികളനുസരിച്ച്  പ്രൊവിന്‍ഷ്യല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഓരോ ഘട്ടവും വിലയിരുത്തും. പ്രവിശ്യയുടെ പുനരാരംഭിക്കല്‍ പദ്ധതിയില്‍ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് കേസുകളില്‍ സ്ഥിരമായ കുറവുണ്ടാകേണ്ടതുണ്ട്. അതായത് ഡേകെയറുകള്‍ ജൂണ്‍ 2 ന് മാത്രമേ തുറക്കാന്‍ കഴിയൂ.

ഓപ്ഷണല്‍, പാര്‍ട്ട് ടൈം ക്ലാസുകള്‍ക്കായി ജൂണ്‍ മാസത്തില്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയ കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. ക്യൂബെക്കും കഴിഞ്ഞയാഴ്ച മോണ്‍ട്രിയല്‍ ഏരിയയ്ക്ക് പുറത്ത് അതിന്റെ പ്രാഥമിക വിദ്യാലയങ്ങളും ഡേ കെയറുകളും വീണ്ടും തുറന്നു. കൊറോണ വൈറസ് അണുബാധ രൂക്ഷമായ മോണ്‍ട്രിയലിലെയും ഏരിയയിലെയും സ്‌കൂളുകള്‍ അടച്ചിടുമെന്ന് പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗോള്‍ട്ട് പറഞ്ഞു. പക്ഷേ ഡേകെയറുകള്‍ ജൂണ്‍ 1 ന്  തുറക്കും.

വസന്തകാലത്തും വേനല്‍ക്കാലത്തും വീട്ടില്‍ത്തന്നെ പഠനം തുടരുമെന്ന് ഒന്റാറിയോയില്‍ ലെസെ പറഞ്ഞു.  രോഗഭീതി കുറയുമ്പോള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പ്രവിശ്യ പുനര്‍ചിന്തനം നടത്തും. ജൂണില്‍ വിശദാംശങ്ങള്‍ പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഗ്രേഡുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപക നേതൃത്വത്തിലുള്ള പഠന പദ്ധതികള്‍ മാര്‍ച്ച് അവസാനത്തോടെ സര്‍ക്കാര്‍ അവതരിപ്പിച്ചു. ചൊവ്വാഴ്ച, സര്‍ക്കാര്‍ വേനല്‍ക്കാല പഠന പദ്ധതി വിപുലീകരിക്കുമെന്നും ലെസെ പറഞ്ഞു.

Other News