ഒന്റാരിയോ വൈദ്യുതി ചാര്‍ജില്‍ രണ്ട് ശതമാനം വര്‍ധനവുണ്ടാകും


OCTOBER 14, 2020, 8:35 AM IST

ഒന്റാരിയോ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്റാരിയോ നിവാസികള്‍ ശൈത്യകാലത്തും ജോലി ചെയ്യുന്നത് വീട്ടില്‍ തന്നെ തുടരുന്നത് വൈദ്യുതി നിരക്കില്‍ രണ്ടു ശതമാനത്തോളം വര്‍ധനവുണ്ടാക്കിയേക്കും. 

ഒന്റാരിയോ എനര്‍ജി ബോര്‍ഡ് നവംബര്‍ ഒന്നിലെ വര്‍ധനവ് നിരക്കാണ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തി. 2018ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. ജലവൈദ്യുതി നിരക്ക് 12 ശതമാനം കുറക്കുമെന്നാണ് വാഗ്ദാനമെന്നും പ്രതിപക്ഷം നല്കി. എന്നാല്‍ ഇത് പണപ്പെരുപ്പ നിരക്കാണെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു. 

കോവിഡിനെ തുടര്‍ന്ന് ഒന്റേരിയന്‍മാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ന്യൂ ഡെമോക്രാറ്റ് എം പി പി പീറ്റര്‍ ടബണ്‍സ് ചൂണ്ടിക്കാട്ടി. 

ശരാശരി കുടുംബങ്ങള്‍ക്ക് പ്രതിമാസം 2.24 ഡോളര്‍ വര്‍ധനവാണുണ്ടാവുകയെന്ന് ഡഗ് ഫോര്‍ഡ് മാധ്യമങ്ങളോടു പറഞ്ഞു. ഉപയോക്താക്കള്‍ക്ക് സമയബന്ധിത വില നിര്‍ണയം ഉപയോഗപ്പെടുത്തി വൈകുന്നേരങ്ങളിലും രാത്രിയിലും വൈദ്യുതി വില ഉയരുന്നിടത്ത് ആദ്യത്തെ ആയിരം കിലോവാട്ടിന് കുറഞ്ഞ നിരക്കില്‍ ബില്ലു ചെയ്യുന്ന സംവിധാനത്തിലേക്ക് മാറാനുള്ള സൗകര്യമുണ്ടാകും. 

വൈദ്യുതി നിരക്കില്‍ 1.97 ശതമാനം വര്‍ധനവുണ്ടാകുന്നതിനെ താന്‍ വെറുക്കുന്നുവെന്നും എന്നാല്‍ മുന്‍ ലിബറല്‍ സര്‍ക്കാരാണ് കുറ്റക്കാരെന്നും ഡഗ് ഫോര്‍ഡ് പറഞ്ഞു. പ്രവിശ്യയിലെ നികുതി ദായകര്‍ പ്രതിവര്‍ഷം 5.6 ബില്യന്‍ ഡോളറാമ് സബ്‌സിഡി ഇനത്തില്‍ നല്കിയിട്ടുള്ളത്.

താമസക്കാര്‍ക്ക് മാത്രമല്ല ബിസിനസുകള്‍ക്കും യു എസിലേയും ലോകമെമ്പാടുമുള്ള വിപണികളോടു കൂടി മത്സരിച്ചാണ് നിരക്കു കുറക്കാന്‍ ശ്രമിക്കുന്നത്. 

വീട്ടില്‍ നിന്നും ജോലി ചെയ്യുന്നവരെ അംഗീകരിച്ച് ഒക്ടോബര്‍ 31 വരെ ഒരു കിലോവാട്ട് മണിക്കൂറിന് 12.8 സെന്റ് എന്ന നിരക്കില്‍ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും നവംബറില്‍ വാരാന്ത്യങ്ങളില്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെ അവ 10.5 സെന്റായി മാറും. പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ ഏഴു മുതല്‍ 11 വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴു വരേയും 21.7 സെന്റായും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ 15 സെന്റായും മാറും. 

വില കുറഞ്ഞ സമയത്ത് വൈദ്യുതി ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കാനാണ് വിവിധ വില നിശ്ചയിച്ചതെങ്കിലും ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടി വരുന്നതിലൂടെ വലിയ വില ഈടാക്കാനുള്ള രീതിയിലാണ് സമയം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. 

കോവിഡുമായി ബന്ധപ്പെട്ട് ആവശ്യക്കാര്‍ വര്‍ധിച്ചതും വിതരണച്ചെലവ് വര്‍ധിച്ചതും മറ്റു പ്രതിസന്ധികളുമാണ് വില വര്‍ധനവിനെ സ്വാധീനിച്ച ഘടകങ്ങളെന്ന് എനര്‍ജി ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ ആയിരം കിലോവാട്ടിന് മണിക്കൂറില്‍ 12.6 സെന്റും ബിസിനസുകള്‍ക്കും നോണ്‍ റെസിഡന്‍ഷ്യല്‍ ഉപയോക്താക്കള്‍ക്കും മണിക്കൂറില്‍ 750 കിലോവാട്ടിനുമാണ് ചാര്‍ജ് ഈടാക്കുക. ഓരോരുത്തര്‍ക്കും തങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് വില നിര്‍ണയ സംവിധാനം സ്വീകരിക്കാമെന്നും ഡഗ് ഫോര്‍ഡ് പറഞ്ഞു.

Other News