സ്റ്റേ അറ്റ് ഹോം ഓര്‍ഡറുമായി ഒന്റാരിയോ


APRIL 7, 2021, 10:59 PM IST

ഒന്റാരിയോ: വീട്ടില്‍ തന്നെ തുടരാനും അനിവാര്യമല്ലാത്ത റീട്ടയില്‍ സ്ഥാപനങ്ങള്‍ അടച്ചിടാനും ഉത്തരവിട്ട് ഒന്റാരിയോ. പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് പ്രവിശ്യാ സ്റ്റേ അറ്റ് ഹോം ഓര്‍ഡറിന് അംഗീകാരം നല്കിയത്. 

ഒന്റാരിയോയിലെ മൂന്നാമത് കോവിഡ് തരംഗം വ്യാപനം മന്ദഗതിയിലാക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അപര്യാപ്തമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ തീരുമാനമെടുത്തത്. 

സ്റ്റേ അറ്റ് ഹോം ഉത്തരവ് വ്യാഴാഴ്ച അര്‍ധരാത്രി 12.01ന് നിലവില്‍ വരുമെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. നാലാഴ്ചക്കാലമായിരിക്കും ഈ ഉത്തരവ് നീണ്ടുനില്‍ക്കുകയെന്നുമാണ് അറിയുന്നത്. 

സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പലചരക്കു കടകള്‍ക്കും ഫാര്‍മസികള്‍ക്കും മാത്രമാണ് തുറക്കാന്‍ അനുമതിയുണ്ടാവുക. വലിയ റീട്ടയില്‍ സ്ഥാപനങ്ങളിലും പലചരക്ക്, ഫാര്‍മസി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ മാത്രമേ അനുമതിയുണ്ടാവുകയുള്ളു. 

എന്നാല്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമാണെന്ന സൂചനകളൊന്നുമില്ല. ഫെബ്രുവരിയില്‍ ഒന്റാരിയോയില്‍ നിലവിലുണ്ടായിരുന്ന സ്‌റ്റേ അറ്റ് ഹോം ഉത്തരവില്‍ സ്‌കൂളുകളെ ഒഴിവാക്കിയിരുന്നു. 

നിര്‍മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കുമെന്ന വിവരവും ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. 

നിരവധി കച്ചവട കേന്ദ്രങ്ങള്‍ അടക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെങ്കിലും വളരെ വേഗത്തില്‍ തങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് ഡഗ് ഫോര്‍ഡ് പ്രത്യാശ പ്രകടിപ്പിച്ചത്. 

ടോറന്റോയിലേയും പീല്‍ മേഖലയിലേയും ഉന്നത പൊതുജനാരോഗ്യ ഡോക്ടര്‍മാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ആറ് ലക്ഷം വിദ്യാര്‍ഥികള്‍ ഇതോടെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. വെല്ലിംഗ്ടണ്‍ ഡഫറിന്‍ ഗുവല്‍ഫ് ആരോഗ്യ യൂണിറ്റുകളും വിദ്യാര്‍ഥികള്‍ക്ക് സമാനമായി ഓണ്‍ലൈന്‍ പഠനമാണ് നിര്‍ദ്ദേശിച്ചത്. ഫിസിഷ്യന്‍മാരേയും നഴ്‌സുമാരേയും പ്രതിനിധീകരിക്കുന്ന അസോസിയേഷനുകള്‍ കൂടുതല്‍ മരണങ്ങള്‍ തടയുന്നതിനും ആരോഗ്യ പരിപാലന സംവിധാനം തകരാതിരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നാണ് പ്രസ്താവനകള്‍ പുറത്തിറക്കിയത്. 

ടോറന്റോയില്‍ ആരോഗ്യ സംരക്ഷണ സംവിധാനം വളരെയധികം ബുദ്ധിമുട്ടിലായതിനാല്‍ 40 വയസ്സും അതില്‍ താഴെയുമുള്ള കോവിഡ് രോഗികള്‍ക്കായി എട്ട് കിടക്കകളുള്ള തീവ്രപരിചരണ വിഭാഗം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. നഗരത്തിലെ മറ്റ് ആശുപത്രികളുടെ ഭാരം കുറക്കാന്‍ പുതിയ യൂണിറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News