എസ്എന്‍സി ലാവ്‌ലിന്‍: ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ പോലീസ് അന്വേഷണം വേണമെന്ന്‌പ്രതിപക്ഷം


AUGUST 20, 2019, 3:54 PM IST

ഓട്ടവ: എസ് എന്‍സി ലാവ്‌ലിനെതിരായ അഴിമതിക്കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേരിട്ട് ഇടപെട്ടു എന്ന്  എത്തിക്‌സ് കമ്മിറ്റി കമ്മീഷണര്‍ മരിയോ ഡിയോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള കോളിളക്കങ്ങള്‍ അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പു നടക്കാന്‍ രണ്ട് മാസം ശേഷിക്കെ സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് ഇപ്പോള്‍ പ്രതിപക്ഷം. കണ്‍സര്‍വേറ്റീവ് നേതാവ് ആന്‍ഡ്രൂ ഷീറാണ് റോയല്‍ കനേഡിയന്‍ പോലീസ് സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരി്കകുന്നത്. നേരത്തെ  അതേസമയം ഫെഡറല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള എത്തിക്‌സ് കമ്മിറ്റി കമ്മീഷണറുടെ വെളിപെടുത്തല്‍ പ്രചരണായുധമാക്കാന്‍ പ്രതിപക്ഷം കോപ്പുകൂട്ടിയിരുന്നു.  ഒക്ടോബറിലെ തെരഞ്ഞെടുപ്പ് കഴിയുന്നവരെ സംഭവം വാര്‍ത്താമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമാക്കി ട്രൂഡോയെ പ്രതിക്കൂട്ടില്‍ നിറുത്തുകയായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്നറിയുന്നു.

നേരത്തെ പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് കമ്മീഷണര്‍ മരിയോ ഡിയോണിനെ നേരിട്ടുകേള്‍ക്കാന്‍ തീരുമാനമായിരുന്നു. എന്‍ഡിപി, കണ്‍സര്‍വേറ്റീവ് എം.പിമാരുടെ ആവശ്യത്തെ തുടര്‍ന്ന് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍സര്‍വേറ്റീവ് എംപി ബോബ് സിമ്മറാണ് കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.  മീറ്റിംഗില്‍ പങ്കെടുത്ത് തെളിവുകള്‍ ഹാജരാക്കണമെന്ന് കമ്മീഷണര്‍ മരിയോ ഡിയോണിനോട് ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു.  അതേസമയം കമ്മീഷണറുടെ വെളിപെടുത്തല്‍ പുറത്തുവന്നയുടന്‍ താന്‍ ഖേദപ്രകടനം നടത്തില്ലെന്ന പ്രഖ്യാപനവുമായി  ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തുകയും ചെയ്തു.

കെക്കൂലി കേസില്‍ നിന്നും  എസ്എന്‍സി ലാവ്‌ലിനെ രക്ഷപ്പെടുത്താന്‍ ട്രൂഡോ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ച്  അന്നത്തെ നിയമമന്ത്രിയും അറ്റോര്‍ണി ജനറലുമായി ജോഡി വില്‍സണ്‍ രാജിവച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സിറിയയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ലഭിക്കുന്നതിന് 300 കോടി ഗദ്ദാഫി കുടുംബത്തിന് കൈക്കൂലി നല്‍കിയ കേസിലാണ് എസ്എന്‍സി ലാവ്‌ലിന് ട്രൂഡോ സര്‍ക്കാറിന്റെ അനധികൃതസഹായം ലഭ്യമായത്. ഇതിന് ജോഡി വില്‍സണെ പ്രേരിപ്പിച്ചുവെന്ന ആരോപണത്തില്‍ പിന്നീട് ജസ്റ്റിന്‍ട്രൂഡോയുടെ മുന്‍ സെകട്ടറി ജെറാള്‍ഡ് ബട്ട്‌സ് രാജിവച്ചു. ബട്ട്‌സിന്റെ രാജി ട്രൂഡോയെ സംരക്ഷിക്കാനാണെന്ന് തുടര്‍ന്ന് ആക്ഷേപമുയര്‍ന്നിരുന്നെങ്കിലും ഇരുവരും അത് തള്ളികളയുകയായിരുന്നു. പക്ഷെ എത്തിക്‌സ് കമ്മീഷണറുടെ വെളിപെടുത്തലോടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷം പറയുന്നു. അതേസമയം കുറച്ചുമാസത്തെ രാഷ്ട്രീയ വനവാസത്തിനുശേഷം ജെറാള്‍ഡ് ബട്ട്‌സ് ഈയിടെ രാഷ്ട്രീയത്തിലേയ്ക്ക് തിരികെ എത്തിയിരുന്നു.

Other News