കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ വാടക ആശ്വാസത്തിന് പദ്ധതി


NOVEMBER 21, 2020, 8:32 AM IST

ടോറന്റോ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംരംഭകര്‍ക്ക് വാടക ആശ്വാസം ലഭിക്കാന്‍ തിങ്കളാഴ്ച മുതല്‍ കാനഡ റവന്യൂ ഏജന്‍സിയില്‍ അപേക്ഷ സമര്‍പ്പിക്കാനാവും. ഓട്ടവയുടെ മുന്‍ വാടക പദ്ധതി പ്രഖ്യാപനത്തിന്റെ രണ്ടു മാസത്തിന് ശേഷമാണ് പുതിയ പരിപാടി നടപ്പാകുന്നത്.

കാനഡ എമര്‍ജന്‍സി റെന്റ് സബ്സിഡി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വാടക നല്കുന്നതിന് മുമ്പ് ബിസിനസ് ഉടമകളെ അപേക്ഷിക്കാന്‍ അനുവദിക്കുന്ന നിര്‍ണായക ഭേദഗതിയില്ലാതെയാണ് നിയമ നിര്‍മാണം പാസ്സാക്കിയത്. രണ്ടാഴ്ച മുമ്പ് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ഭേദഗതി അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടപടിക്രമത്തിലെ പിശകിനെ തുടര്‍ന്ന് തടയുകയായിരുന്നു. 

ചെറുകിട ബിസിനസുകള്‍ക്ക് വാടക സഹായം നല്കാനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ ശ്രമത്തിലെ കാലതാമസം മാത്രമായിരുന്നു പിശക്. റസ്റ്റോറന്റുകള്‍ക്കും റീട്ടയില്‍ ബിസിനസുകള്‍ക്കും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ബില്ലുകള്‍ അടക്കാന്‍ പ്രയാസം നല്കുകയും ചെയ്തു. 

നേരത്തെയുണ്ടായിരുന്ന പദ്ധതി സെപ്തംബറില്‍ അവസാനിച്ചെങ്കിലും ഒക്ടോബര്‍ വരെ ഓട്ടവ കാനഡ എമര്‍ജന്‍സി റെന്റ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നില്ല. നവംബര്‍ ആദ്യംവരെ ഫെഡറല്‍ സര്‍ക്കാര്‍ നിയമനിര്‍മാണവും നടത്തിയിരുന്നില്ല. 

മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആരോഗ്യ സാഹചര്യങ്ങളോടുള്ള പ്രതികരണമായി കനേഡിയന്മാര്‍ക്കുള്ള പരിപാടികളും പിന്തുണയും സര്‍ക്കാര്‍ നിരന്തരം പുനഃപരിശോധിക്കുന്നതായി രണ്ടാഴ്ച മുമ്പ് ക്രിസ്റ്റിയ ഫ്രീലാന്റ് പറഞ്ഞിരുന്നു. 

യോഗ്യതയുള്ള സംരംഭകരെ അവരുടെ പ്രതിമാസ വാടകയുടെ 65 ശതമാനം വരെയോ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെങ്കില്‍ 90 ശതമാനം വരെയോ സബ്‌സിഡികള്‍ക്ക് അപേക്ഷിക്കാന്‍ കാനഡ എമര്‍ജന്‍സി റെന്റ് സബ്‌സിഡി അനുവദിക്കും. കാനഡ എമര്‍ജന്‍സി വേതന സബ്‌സിഡി 2021 ജൂണ്‍ വരെ നീട്ടിയിട്ടുണ്ട്.

Other News