വീ ചാരിറ്റി വിവാദം തിരിച്ചടിയായെങ്കിലും തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലിബറല്‍ പാര്‍ട്ടി വിജയിക്കും


JULY 30, 2020, 1:54 AM IST

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗ്രാന്റുമായി ബന്ധപ്പെട്ട വീ ചാരിറ്റി വിവാദങ്ങള്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെയും ലിബറല്‍ പാര്‍ട്ടിയുടെയും ജനപിന്തുണ കുറച്ചതായി അഭിപ്രായ സര്‍വേ. മികച്ച കോവിഡ് പ്രതിരോധങ്ങളിലൂടെ നേടിയെടുത്ത പിന്തുണയാണ് വീ ചാരിറ്റി വിവാദത്തിലൂടെ ട്രൂഡോയ്ക്കും പാര്‍ട്ടിക്കും നഷ്ടമായത്. എന്നിരുന്നാലും, ദേശീയ പിന്തുണയില്‍ മേല്‍ക്കൈയുള്ളതിനാല്‍ ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍പോലും ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് വിവിധ അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. 

കോവിഡ് വ്യാപനത്തിനു പിന്നാലെ ലിബറലുകള്‍ക്കുള്ള ജനകീയ പിന്തുണയും വര്‍ധിക്കുകയായിരുന്നു. രാജ്യം അടച്ചിട്ടുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു അത്. മാര്‍ച്ച് ആദ്യം 30 ശതമാനമായിരുന്നു പിന്തുണയെങ്കില്‍ ജൂണ്‍ ആദ്യമെത്തുമ്പോള്‍ അത് 40 ശതമാനമായി ഉയര്‍ന്നതായി സി.ബി.സിയുടെ പോള്‍ ട്രാക്കര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്തെ പുതിയ സംഭവ വികാസങ്ങള്‍ ലിബറലുകള്‍ക്ക് തിരിച്ചടിയാകുന്നതായാണ് പുതിയ അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. വീ ചാരിറ്റി വിവാദമാണ് അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. 

വീ ചാരിറ്റിയില്‍ പറ്റിയ തെറ്റുകളില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ക്ഷമാപണം നടത്തിയ ജൂലൈ 13നുശേഷം നടത്തിയ നാല് വ്യത്യസ്ത അഭിപ്രായ സര്‍വേകളില്‍ ലിബറല്‍ പാര്‍ട്ടിക്കുള്ള പിന്തുണ കുറഞ്ഞതായാണ് വ്യക്തമാകുന്നത്. വീ-യുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതായും എത്തിക്‌സ് കമ്മീഷണര്‍ വിഷയം പരിശോധിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂലൈ മൂന്നിനു നടത്തിയ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ലിബറലുകള്‍ക്കുള്ള പിന്തുണയില്‍ നാല് ശതമാനത്തോളം ഇടിവുണ്ടായതായാണ് അബാക്കസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇന്നോവേറ്റീവ് റിസര്‍ച്ചിന്റെ സര്‍വേയില്‍ ലിബറല്‍ പാര്‍ട്ടിക്ക് ഒരു പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തുന്നത്. അതേസമയം ഇകോസ് റിസര്‍ച്ച് ആറ് പോയിന്റ് നഷ്ടമാണ് വ്യക്തമാക്കുന്നത്. ഏറ്റവുമൊടുവില്‍ ലീഗര്‍ നടത്തിയ സര്‍വേയില്‍ ജൂണിലെ 40 ശതമാനത്തില്‍നിന്ന് അഞ്ച് പോയിന്റുകളുടെ പ്രകടമായ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീ ചാരിറ്റി വിവാദത്തിനുമുന്‍പുണ്ടായിരുന്ന ജനപിന്തുണയില്‍ നിന്ന് ശരാശരി നാല് പോയിന്റോളം ഇടിവുണ്ടായെന്നാണ് നാല് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കണ്‍സര്‍വേറ്റീവ്, ന്യൂ ഡെമോക്രാറ്റ്, ബ്ലോക്ക് ക്യൂബെകോയിസ് പാര്‍ട്ടികള്‍ ശരാശരി ഒരു പോയിന്റിന്റെ നേട്ടമുണ്ടാക്കിയതായും അഭിപ്രായ സര്‍വേകള്‍ പറയുന്നു. ജൂണിലുണ്ടായിരുന്ന ജനപിന്തുണയില്‍നിന്ന് 2.3 പോയിന്റിന്റെ ഇടിവ് ലിബറല്‍ പാര്‍ട്ടിക്ക് സംഭവിച്ചതായാണ് പോള്‍ ട്രാക്കര്‍ റിപ്പോര്‍ട്ട്. 

ജസ്റ്റിന്‍ ട്രൂഡോയുടെ വ്യക്തിഗത റാങ്കിംഗിലും തിരിച്ചടിയുണ്ടായിട്ടുണ്ട്. നാനോസ് റിസര്‍ച്ചിന്റെ നാലാഴ്ച നീണ്ട അഭിപ്രായ വോട്ടെടുപ്പില്‍ ട്രൂഡോയെ പ്രധാനമന്ത്രിയായി കാണാനാഗ്രഹിക്കുന്നവര്‍ 34 ശതമാനമാണ്. ജൂണ്‍ മധ്യത്തിലെ റിപ്പോര്‍ട്ടില്‍നിന്ന് ഏഴ് പോയിന്റിന്റെ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ മെയില്‍ 55 ശതമാനമായിരുന്നു ട്രൂഡോക്ക് ലഭിച്ച പിന്തുണ. നിലവില്‍ അത് 44 ശതമാനമാണ്. 

ട്രൂഡോയ്ക്കും ലിബറല്‍ പാര്‍ട്ടിക്കും വീ ചാരിറ്റി വിവാദം തിരിച്ചടിയായിട്ടുണ്ടെന്നാണ് സമീപകാല അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന. അതേസമയം, ദേശീയ പിന്തുണയില്‍ കോവിഡിനു മുമ്പുള്ളതിനേക്കാള്‍ മികച്ച നിലയിലേക്ക് ലിബറല്‍ പാര്‍ട്ടി എത്തിയിട്ടുണ്ടെന്ന് പോള്‍ ട്രാക്കര്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് ആദ്യം ദേശീയ പിന്തുണയുടെ കാര്യത്തില്‍ കണ്‍സര്‍വേറ്റീവുകളേക്കാള്‍ രണ്ട് പോയിന്റ് താഴെയായിരുന്നു ലിബറലുകള്‍. എന്നാല്‍ അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്‍സര്‍വേറ്റീവുകളേക്കാള്‍ 10 പോയിന്റ് മുന്നിലാണ് ലിബറലുകള്‍. അടുത്തിടെ നടന്ന ഏറ്റവും മോശം അഭിപ്രായ വോട്ടെടുപ്പില്‍ പോലും ദേശീയ പിന്തുണയില്‍ മൂന്ന് പോയിന്റിന്റെ നേട്ടം ലിബറലുകള്‍ക്ക് സ്വന്തമാക്കാനായി. 10 പോയിന്റ് ലീഡ് നിലനിര്‍ത്തുന്ന പക്ഷം ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാലും ട്രൂഡോയ്ക്ക് ഒരു ഭൂരിപക്ഷ സര്‍ക്കാറിനെ നയിക്കാം. ലീഡ് മൂന്ന് പോയിന്റ് ഇടിഞ്ഞാലും ന്യൂനപക്ഷ സര്‍ക്കാരുമായി ട്രൂഡോയ്ക്ക് മുന്നോട്ടുപോകാനാകുമെന്നും അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു.

Other News