ഓട്ടവ: റിസോര്‍ട്ട് ടൗണുകളിലും കോട്ടേജ് കണ്ട്രികളിലും ടൂറിസ്റ്റ് പ്രദേശങ്ങളിലും ഉള്‍പ്പെടെ കാനഡയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വീടുകളുടെ വില ഉയരുന്നു. കോവിഡിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ജോലി ചെയ്യാമെന്ന സൗകര്യമുണ്ടായതോടെ നഗരത്തില്‍ നിന്നും മാറിനില്ക്കാന് പലരും ആഗ്രഹിക്കുന്നതാണ് വീടുകള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമായത്.
ടോറന്റോയുടെ വടക്ക് മുസ്കോകയും കിഴക്ക് ലാന്റ് ഓ തടാകങ്ങളും ഉള്‍പ്പെടെ ഒന്റാറിയോയിലെ വിനോദ വിപണികളില്‍ വീടിന്റെ വില കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനമാണ് വര്‍ധിച്ചത്. നിലവില്‍ 450,127 ഡോളറാണ് വീടുകളുടെ ശരാശരി വില.
വിദൂരമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങളോടെ വീടുകള്‍ തിരയാന്‍ തുടങ്ങിയതോടെയാണ് വില വര്‍ധനവുണ്ടായത്. മൊത്തം വില 44.5 ശതമാനം വരെ ഉയര്‍ന്ന ഗ്രേവന്ഹാസ്റ്റിലാണ് കുത്തനെയുള്ള വില വര്‍ധനവ് രേഖപ്പെടുത്തുന്നത്. അല്‍ഗോണ്‍ക്വിന്‍ പാര്‍ക്കിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹാലിബര്‍ട്ടണ്‍ ഹൈലാന്റില് വില 28.5 ശതമാനം വരെയാണ് ഉയര്‍ന്നത്. ഓട്ടവയുടെ തെക്ക് റിഡായു തടാകത്തില്‍ വില 25 വരെയാണ് ഉയര്‍ന്നത്.
വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ മുഖം പടിഞ്ഞാറു ഭാഗത്താണോ എന്ന ചോദ്യം പലപ്പോഴും ഉയരുന്നുണ്ട്. മാത്രമല്ല ഇന്റര്‍നെറ്റ് ഗുണനിലവാരത്തെ കുറിച്ചും കാര്യമായ ആശങ്ക പങ്കുവെക്കാറുണ്ട്.
മൊത്തം ഭവന വില നിര്‍ണയിച്ചിരിക്കുന്നത് ശരാശരി വിലയുടെ മാതൃക ഉപയോഗപ്പെടുത്തിയാണ്. നഗരങ്ങള്‍ ഉള്‍പ്പെടെ പ്രവിശ്യയിലുടനീളമുള്ള റിയല്‍ എസ്റ്റേറ്റിന് താരതമ്യപ്പെടുത്താവുന്ന വിലയല്‍ നല്‍കിയിട്ടുള്ളത്.
ക്യൂബെക്കിലെ കോട്ടേജ് മേഖലയിലും അവധിക്കാല സ്ഥലങ്ങളിലും മൊത്തം വീടിന്റെ വില 14.7 ശതമാനം ഉയര്‍ന്ന് 236,628 ഡോളറിലെത്തി. ഈസ്റ്റേണ്‍ ടൗണ്‍ഷിപ്പുകളില്‍ വില 36.6 ശതമാനം ഉയര്‍ന്ന് 403,000 ഡോളറിലെത്തി.
പ്രൈറീസില് ഭവന വിലയില്‍ 26 ശതമാനമാണ് ഉയര്‍ന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ വിസ്ലറില് മൊത്തം ഭവന വില 18 ശതമാനം ഉയര്‍ന്ന് 2.75 മില്യണ്‍ ഡോളറിലെത്തി.
അറ്റ്ലാന്റിക്കാനഡയിലെ വിനോദ വിപണിയില്‍ മൊത്തം വീടിന്റെ വില 8.6 ശതമാനമാണ് വര്‍ധിച്ചത്.
ഒന്റാരിയോയില്‍ നിന്നും ക്യൂബെക്കില്‍ നിന്നുമുള്ള വാങ്ങലുകാരുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അവര്‍ മാരിടൈമുകളെ വിദൂരമായി താമസിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലമായി തെരഞ്ഞെടുക്കുന്നതായി മോങ്ടണിലെ റോയല്‍സ് അറ്റ്ലാന്റിക് ബ്രോക്കറേജുള്ള റിയല്‍റ്ററായ ഹെതര്‍ ഫിറ്റ്സ് ജെറാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിനോദ വിപണില്‍ ഭവന വില ഇടിഞ്ഞ ഒരേയൊരു പ്രദേശം ആല്‍ബര്‍ട്ടയാണ്. കാന്‍മോറില്‍ വില 10 ശതമാനത്തോളമാണ് കുറഞ്ഞത്.