മാനിറ്റോബ: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഫസ്റ്റ് നേഷന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള വൈദികന്‍ അറസ്റ്റില്‍. അരുള്‍ സവാരി എന്ന വൈദികനാണ് അറസ്റ്റിലായതെന്ന് മാനിറ്റോബ ആര്‍സിഎംപി അറിയിച്ചു. കൂടുതല്‍ കുട്ടികളെ പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ലിറ്റില്‍ ഗ്രാന്‍ഡ് റാപ്പിഡ്സ് കമ്മ്യൂണിറ്റിയിലെ 8 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് മാനിറ്റോബ ആര്‍സിഎംപി സൂപ്രണ്ട് സ്‌കോട്ട് മക്മര്‍ച്ചി പറഞ്ഞു. മെയ് 27-നാണ് സംഭവം നടന്നതെന്നും കമ്മ്യൂണിറ്റിയിലെ പള്ളി വൃത്തിയാക്കാന്‍ സഹായിക്കുന്നതിനിടെ വൈദികന്‍ കുട്ടിയെ അനുചിതമായി സ്പര്‍ശിച്ചതായി പോലീസ് പറയുന്നു. കുട്ടി പോകാന്‍ ശ്രമിച്ചപ്പോള്‍, വൈദികന്‍ തടഞ്ഞതായും പോലീസ് പറയുന്നു. പിന്നീട് മോചിതയായ പെണ്‍കുട്ടി വീട്ടിലേക്ക് ഓടിച്ചെന്ന് അമ്മയോട് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞതായും ആര്‍സിഎംപി സൂപ്രണ്ട് സ്‌കോട്ട് മക്മര്‍ച്ചി പറഞ്ഞു.
തുടര്‍ന്ന് ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിക്കുകയും വൈദികനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈംഗികാതിക്രമം, ലൈംഗികമായി ചൂഷണം ചെയ്യല്‍, കുട്ടിയെ പ്രലോഭിപ്പിക്കല്‍, നിര്‍ബന്ധിത തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് അരുള്‍ സവാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.\മറ്റ് കുട്ടികള്‍ക്കും സമാനമായ രീതിയില്‍ ഉപദ്രവമുണ്ടായിരിക്കാമെന്ന് വിശ്വസിക്കുന്നതായി, മക്മര്‍ച്ചി പറഞ്ഞു. കൂടാതെ സവാരി പൗയിംഗസ്സി ഫസ്റ്റ് നേഷനില്‍ വൈദികനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതിനാല്‍ അവിടെയും ഇത്തരം കേസുകള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കുട്ടികളെ ഇരകളാക്കാന്‍ സാധ്യതയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരോട് മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറു വര്‍ഷം മുന്‍പാണ് സവാരി കാനഡയില്‍ എത്തിയതെന്നും അക്കാലത്ത് സെന്റ് ബോണിഫേസ് അതിരൂപതയുടെ കീഴിലുള്ള ലിറ്റില്‍ ഗ്രാന്‍ഡ് റാപ്പിഡ്സില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും മക്മര്‍ച്ചി പറഞ്ഞു. സെന്റ് ബോണിഫേസ് അതിരൂപതയുടെ വെബ്സൈറ്റ് അനുസരിച്ച്, ലിറ്റില്‍ ഗ്രാന്‍ഡ് റാപ്പിഡിലെ സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റിലെ പുരോഹിതനാണ് സവാരി.
ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അതിരൂപത അവലോകനം ചെയ്യുന്നതിനാല്‍ തങ്ങള്‍ക്ക് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് സെന്റ് ബോണിഫസ് അതിരൂപതയുടെ വക്താവ് പറഞ്ഞു.