ഹാരിക്കും മേഗനും കാനഡയില്‍ പുതുജീവിതം


JANUARY 22, 2020, 9:03 AM IST

വിക്ടോറിയ: രാജകീയ പദവികളും വിളിപ്പേരുകളും ഒഴിഞ്ഞ ഹാരി രാജകുമാരന്റെയും മേഗന്റെയും പുതുജീവിതത്തിനു കാനഡയില്‍ തുടക്കം. ചൊവാഴ്ചയാണ് വാന്‍കൂവര്‍ ദ്വീപിലെ വിക്ടോറിയക്കു സമീപമുള്ള ആഢംബര വസതിയില്‍ ഭാര്യ മേഗനും എട്ടു വയസുകാരന്‍ മകന്‍ ആര്‍ച്ചിക്കും അടുത്തേക്കു ഹാരിയെത്തിയത്. പിന്നാലെ, അനാവശ്യമായി തങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെതിരെ മാധ്യമങ്ങള്‍ക്കു നിയമപരമായ മുന്നറിയിപ്പും ഹാരി നല്‍കി. 

ആര്‍ച്ചിക്കൊപ്പം വളര്‍ത്തുനായ്ക്കളുമായി പുഞ്ചിരിച്ചുകൊണ്ടു നടന്നുവരുന്ന മേഗന്റെ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കാണ് അഭിഭാഷകര്‍ നിയമ മുന്നറിയിപ്പ് നല്‍കിയത്. ബ്രിട്ടനില്‍ ദി സണ്‍, ഡെയിലി മെയില്‍ ദിനപത്രങ്ങളാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. മേഗന്റെ അനുവാദമില്ലാതെയും കുറ്റിച്ചെടികള്‍ക്കുള്ളില്‍ മറഞ്ഞിരുന്നുമാണ് ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് അഭിഭാഷകര്‍ പറയുന്നത്. പുതിയ വസതിക്കുള്ളില്‍പോലും വലിയ ലെന്‍സുമായി ഫോട്ടോഗ്രാഫര്‍മാരും പാപ്പരാസികളും തമ്പടിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ദമ്പതികളുടെ നീക്കമെന്നു ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, നിയമ നടപടി കടുത്തതാണെങ്കിലും തങ്ങളുടെ ജോലിയില്‍നിന്ന് മാറിനില്‍ക്കില്ലെന്നാണ് പേരു വെളിപ്പെടുത്താത്ത കാലിഫോര്‍ണിയയില്‍നിന്നുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ പ്രതികരിച്ചത്.

Other News