ഖലിസ്ഥാന്‍ ഭീകരന്‍ സുഖ ദുനെകെ കാനഡയില്‍ ഗുണ്ടാ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


SEPTEMBER 21, 2023, 5:18 PM IST

ഒട്ടാവ /ന്യൂഡല്‍ഹി : ഖലിസ്ഥാന്‍ ഭീകരന്‍ സുഖ ദുനെകെ കാനഡയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. കാനഡയിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ദുനെകെ. 2017-ല്‍ വ്യാജ പാസ്പോര്‍ട്ടില്‍ കാനഡയിലേക്ക് രക്ഷപ്പെട്ട പഞ്ചാബിലെ മോഗയില്‍ നിന്നുള്ള 'എ കാറ്റഗറി' സംഘാംഗമായിരുന്നു  ദുനെകെ.

തീവ്രവാദി അര്‍ഷ്ദീപ് ദല്ലയുടെ അടുത്ത കൂട്ടാളിയായ ഇയാള്‍ കഴിഞ്ഞ ദിവസം തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍ ഐ എ പുറത്തുവിട്ട പട്ടികയില്‍ ഖാലിസ്ഥാനിലും കാനഡയിലും ബന്ധമുള്ള 43 ഗുണ്ടാസംഘങ്ങളില്‍ ഒരാളാണ്.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ്ങിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായിരുന്നു. ഇതിനിടയില്‍ ആണ് അടുത്ത ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെടുന്നത്. അതേസമയം, കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും കണക്കിലെടുത്ത് അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. അതേസമയം, കാനഡയില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകര്‍ക്കെതിരായ നടപടികള്‍ എന്‍ ഐ എ വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ കേസുകളില്‍ പ്രതികളായ കാനഡയുമായി ബന്ധമുള്ള ഖലിസ്ഥാന്‍ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടേയും പട്ടിക പുറത്ത് വിട്ടിരുന്നു. 43 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് ഖലിസ്ഥാന്‍ ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ തര്‍ക്കത്തിനിടയില്‍, ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കുറ്റാരോപിതരായ ഗുണ്ടാസംഘം ഗോള്‍ഡി ബ്രാറിന്റെ കൂട്ടാളികള്‍ക്കെതിരെ പഞ്ചാബ് പോലീസ് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി നടപടി ആരംഭിച്ചു. ബ്രാറിന് ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടെന്നും കാനഡയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു.

Other News