ക്യൂബെക്ക്: ഇസ്ലാമോഫോബിയയ്ക്കെതിരെ പോരാടാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നിയോഗിച്ച അമീറ എല്‍ഗവാബി രാജിവയ്ക്കണമെന്ന് ക്യൂബെക്ക് സര്‍ക്കാര്‍. പുതിയ സ്ഥാനമേറ്റെടുത്ത് ദിവസങ്ങള്‍ക്കകം അമീറയോട് ജോലി രാജിവെക്കണമെന്ന ആവശ്യവുമായി ക്യൂബെക്ക് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ക്യൂബെക്ക് സിറ്റിയിലെ മസ്ജിദ് ആക്രമണത്തിന്റെ അനുസ്മരണത്തില്‍ പങ്കെടുത്തതിന്റെ പിറ്റേദിവസമാണ് ക്യൂബെക്ക് സര്‍ക്കാര്‍ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 2017ല്‍ ഒരു തോക്കുധാരി മസ്ജിദില്‍ കയറി വെടിയുതിര്‍ത്ത് ആറുപേരെ കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അമീറയെ ഇസ്‌ലാമോഫോബിയയെ നേരിടാനുള്ള സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചത്. അന്നുമുതല്‍ ക്യൂബെക്കിലെ മതേതരത്വ നിയമത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാന്‍ മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും അമീറയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
2019-ല്‍ ഒട്ടാവ സിറ്റിസണിലെഴുതിയ കോളവുമായി ബന്ധപ്പെട്ടാണ് അമീറയ്‌ക്കെതിരെ നീക്കം നടക്കുന്നത്. ബില്‍ 21-ന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട മുസ്‌ലിം വിരുദ്ധ വികാരത്തെ അവര്‍ അപലപിച്ചിരുന്നു. പൊതുപ്രവര്‍ത്തകരെ ഹിജാബ് പോലുള്ള മതചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് വിലക്കുന്നതാണ് ബില്‍ 21.
ക്യൂബെക്കിനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തിന് എല്‍ഗവാബി ക്ഷമാപണം നടത്തിയിട്ടില്ലെന്ന് മന്ത്രി ജീന്‍-ഫ്രാങ്കോയിസ് റോബര്‍ജ് പറഞ്ഞു. ക്യുബെക്ക് വിരുദ്ധ വികാരമാണ് അവര്‍ക്കുള്ളതെന്നും റോബര്‍ജ് പറഞ്ഞു.
തന്റെ അഭിപ്രായം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് അമീറ ചെയ്തതെന്നും അതുകൊണ്ടുതന്നെ അവര്‍ രാജിവെക്കുകയോ സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
എന്നാല്‍ സി ബി സിയുടെ ക്യൂബെക്ക് എ എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മാപ്പ് പറയാന്‍ ഒന്നുമില്ലെന്നാണ് എല്‍ഗവാബിയുടെ നിലപാട്.
ക്യൂബെക്കറുകളില്‍ ഭൂരിഭാഗവും ഇസ്‌ലാമോഫോബിക് ആണെന്നാണ് തന്റെ അഭിപ്രായമെന്ന് സൂചിപ്പിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും താനങ്ങനെ വിശ്വസിക്കുന്നില്ലെന്നും അമീറ പറഞ്ഞു.
ക്യൂബെക് സിറ്റി മേയര്‍ ബ്രൂണോ മാര്‍ചാന്ദ്, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫെഡറല്‍ ഹെല്‍ത്ത് മന്ത്രി ജീന്‍-യെവ്‌സ് ഡുക്ലോസ്, പൊതുസുരക്ഷാ മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ, ഭവന- വൈവിധ്യ മന്ത്രി അഹമ്മദ് ഹുസന്‍ എന്നിവര്‍ക്കൊപ്പമാണ് എല്‍ഗവാബിയും പള്ളിയില്‍ നടന്ന സായാഹ്ന ചടങ്ങില്‍ പങ്കെടുത്തത്. പ്രീമിയര്‍ ഫ്രാന്‍സ്വാ ലെഗോള്‍ട്ട് പങ്കെടുത്തില്ല.
ഇസ്ലാമോഫോബിയയുടെ പ്രശ്നത്തെക്കുറിച്ചുള്ള പ്രതിഫലനങ്ങള്‍ ഉള്‍പ്പെടുന്ന ചടങ്ങില്‍ പ്രീമിയറിന്റെ അസാന്നിധ്യം മുസ്ലിം പള്ളിയുടെ സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ബൗഫെല്‍ജ ബെനബ്ദല്ല ചൂണ്ടിക്കാണിച്ചു.
പാര്‍ട്ടി ക്യൂബെക്കോയിസ് എല്‍ഗവാബിയുടെ രാജി ആവശ്യപ്പെടുന്നില്ലെങ്കിലും ട്രൂഡോയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് ജോയല്‍ ആര്‍സെനോ പറഞ്ഞു.
ക്യൂബെക്ക് സമൂഹത്തിനെതിരെ മുന്‍വിധി കാണിക്കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ അമീറ നടത്തിയിട്ടുണ്ടെന്നും ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഇതൊരു നല്ല തുടക്കമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ആഴ്‌സെനോ പറഞ്ഞു.