ക്യുബെക്ക് പ്രവിശ്യാ ഭരണകൂടം സര്‍ക്കാര്‍ ഓഫീസുകളില്‍ പര്‍ദ്ദയുള്‍പ്പടെയുള്ള മതചിഹ്നങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു


MARCH 30, 2019, 5:46 PM IST


ക്യുബെക്ക്: ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവര്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം പാസ്സാക്കാന്‍ പ്രവിശ്യാ ഭരണകൂടം ഒരുങ്ങുന്നു. പുതിയതായി സര്‍ക്കാര്‍ ജോലിയ്ക്ക് ചേര്‍ന്നവര്‍ക്കാണ് നിയമം ബാധകമാവുക. നിയമപ്രകാരം പുതിയതായി ചേര്‍ന്നവര്‍ക്കും ജോലി മാറി എത്തിയ ജീവനക്കാര്‍ക്കും ഔദ്യോഗികസമയങ്ങളില്‍ പര്‍ദ്ദയുള്‍പ്പടെയുള്ള മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരിക്കുന്നതല്ല. മാത്രമല്ല, താമസിയാതെ ദേശീയ അസംബ്ലിയില്‍ നിന്നും ക്രൂശിതരൂപം നീക്കം ചെയ്യുന്നതിനുള്ള നടപടികളെടുക്കാനും നിയമം ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ നിലവില്‍ ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് നിയമം ബാധകമാകില്ല.

നിയമം പ്രാബല്യത്തിലെത്തിയാല്‍ അധ്യാപിക അധ്യാപകന്‍മാര്‍, പോലീസ് ഉദ്യോസ്ഥര്‍ തുടങ്ങിയ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കൊന്നും മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. നിയമം നടപ്പിലാക്കുന്നതിനായി ചാര്‍ട്ടര്‍ മാറ്റുന്നതിന് അപൂര്‍വമായി പ്രയോഗിക്കുന്ന സെക്ഷന്‍ 33 പ്രവിശ്യാഭരണകൂടം ഉപയോഗിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 

പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്നത് പ്രവിശ്യയും ഫെഡറല്‍ സര്‍ക്കാറും തമ്മിലുള്ള ബന്ധം വഷളാക്കിയേക്കും. ന്യൂനപക്ഷ മതവിശ്വാസ സംരക്ഷണത്തിനായി ദേശീയതാല്‍പര്യങ്ങള്‍വരെ ത്യജിക്കണമെന്ന് ശഠിക്കുന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങളുടെ പരസ്യലംഘനമാണ് ക്യുബെക്ക് പ്രവിശ്യാ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.


Other News