സര്‍ക്കാര്‍ ജീവനക്കാര്‍ മതചിഹ്നങ്ങള്‍ ധരിക്കരുതെന്ന നിയമം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ട്


SEPTEMBER 16, 2019, 2:28 PM IST

ടൊറന്റോ: സര്‍ക്കാര്‍ ജീവനക്കാരെ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയ ക്യുബെക്ക് പ്രവിശ്യാസര്‍ക്കാറിന്റെ നടപടി ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് റിപ്പോര്‍ട്ട്. കാനഡയെ രാഷ്ട്രീയചേരിതിരിവിന് പ്രേരിപ്പിക്കുന്ന നടപടിയ്ക്ക് വലിയ നഗരങ്ങളില്‍ പിന്തുണ ലഭിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ എതിര്‍ചലനങ്ങളുണ്ടാക്കും. രാഷ്ട്രീയ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ടൊറന്റോ സര്‍വകലാശാലയിലെ രാഷ്ട്രീയ ഗവേഷകയായ എറിന്‍ ടോലിയും സംഘവും കണ്ടെത്തിയതു പ്രകാരം കാനഡയിലെ മൂന്നില്‍ ഒന്ന് ജനസംഖ്യ സാംസ്‌ക്കാരിക വൈവിധ്യത്തെ അംഗീകരിക്കുന്നില്ല. മൂന്നില്‍ ഒന്നു ജനസംഖ്യ ബഹുസ്വരതയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമ്പോള്‍ അവസാന വിഭാഗം നിബന്ധനകളോടുകൂടിയ ബഹുസ്വരത പ്രോത്സാഹനജനകമാണെന്ന് വിലയിരുത്തുന്നു. കാനഡയിലേയ്ക്ക് കുടിയേറുന്നവര്‍ തങ്ങളുടെ  സ്വത്വം കാത്തുസൂക്ഷിച്ച് രാജ്യത്തിന്റെ സാംസ്‌ക്കാരിക തനിമയില്‍ അലിഞ്ഞുചേരണമെന്ന് ശഠിക്കുന്നവരാണ് അവസാനം പറഞ്ഞ ആളുകള്‍.രാജ്യത്തെ ഒരു വലിയ വിഭാഗം ക്യുബെക്കിന്റെ സമീപനം കാനഡയില്‍ മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം.മുന്‍ പ്രധാനമന്ത്രിയായ സ്റ്റീഫന്‍ ഹാര്‍പ്പര്‍ രാജ്യംമുഴുവന്‍ പര്‍ദ്ദനിരോധിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഭൂരിഭാഗം പേരും അതിനെ പിന്തുണച്ചത് ഇതിനുദാഹരണമായി പ്രൊഫ. ടോലി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം ഇതായിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കരുതലോടെയാണ് വിഷയത്തെ സമീപിക്കുന്നത്. അതായത് ഏകദേശം മൂന്നില്‍ രണ്ടുപേര്‍ ക്യുബെക്ക് നിയമത്തെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെയുള്ള നിയമപോരാട്ടത്തില്‍ കക്ഷിചേരില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വ്യക്തമാക്കി. കുടിയേറ്റത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ലിബറലുകളും ഈ വിഷയത്തെ ശങ്കയോടെയാണ് സമീപിക്കുന്നത്. കക്ഷി ചേരുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ഇതിനെക്കുറിച്ച് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. മാക്‌സിം ബെര്‍നിയറുടെ പീപ്പിള്‍സ് പാര്‍ട്ടി നേരത്തെ തന്നെ കുടിയേറ്റത്തിനും ബഹുസ്വരതയ്ക്കും എതിരായുള്ള പ്രചരണവുമായി മുന്നോട്ടുപോവുകയാണ്. എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ് മാത്രമാണ് നിയമത്തെ ശക്തമായി പിന്തുണയ്ക്കുന്നത്.

അതേസമയം നിരവധി രാഷ്ടീയവിദഗ്ദ്ധരും പണ്്ഡിതരും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.ക്യുബെക്ക് ഇക്കാര്യത്തില്‍ തീവ്രവാദപരമായാണ് പെരുമാറുന്നത് എന്ന അഭിപ്രായക്കാരനാണ് മക്ഗില്‍ സര്‍വകലാശാലയിലെ രാഷ്ട്രീയതത്വചിന്താ പ്രൊഫസറായ ഡാനിയേല്‍ വെയ്ന്‍സ്റ്റോക്ക്. ക്യൂബെക്കിന്റെ തനതായ സ്വത്വം നിലനിര്‍ത്തുന്നതിനായി ബില്‍ 101(ക്യുബെക്ക് ഭാഷാ നിയമം) നിലനിര്‍ത്തുമ്പോള്‍ തന്നെ മറ്റു ഐഡന്റിറ്റികളെ ഇല്ലായ്മ ചെയ്യുന്ന ബില്‍ 21 (സര്‍ക്കാര്‍ സേവകര്‍ മതചിഹ്നങ്ങള്‍ ധരിക്കാന്‍ പാടില്ല) എന്ന നിയമം അവര്‍ പാസ്സാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Other News