ചാരപ്രവൃത്തി; മുതിര്‍ന്ന ഇന്റലിജന്റ്‌സ് ഓഫീസര്‍ അറസ്റ്റില്‍


SEPTEMBER 14, 2019, 4:35 PM IST

ഓട്ടവ: തന്ത്രപ്രധാനമായ രഹസ്യരേഖകള്‍ മോഷ്ടിച്ച് ശത്രുക്കള്‍ക്ക് കൈമാറാനൊരുങ്ങിയ റോയല്‍കനേഡിയന്‍ മൗണ്ടട് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കാമറോണ്‍ ഓര്‍ട്ടിസ് എന്ന ഉദ്യോഗസ്ഥനാണ് കാനഡ ക്രിമിനല്‍ കോഡ് ആന്റ് സെക്യൂരിറ്റിഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വിട്ടു.റോയല്‍ കനേഡിയന്‍ പോലീസ് ഫോഴ്‌സിന്റെ മുന്‍ തലവന്‍ ബോബ് പോള്‍സണിന്റെ ഉപദേഷ്ടാവായിരുന്ന ഓര്‍ട്ടിസ് തന്ത്രപ്രധാനമായ രഹസ്യരേഖകള്‍ മോഷ്ടിച്ച് കൈവശം വയ്ക്കുകയും അത് ശത്രുക്കള്‍ക്ക് കൈമാറാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പ്രശ്‌നം ഇതിനോടകം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. റോയല്‍ മൗണ്ടഡ് കനേഡിയന്‍ പോലീസിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ന്ന സംഭവം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് റാലിയില്‍ ഉറപ്പുനല്‍കിയപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് കണ്‍സര്‍വേറ്റീവ് നേതാവ് ആന്‍ഡ്രൂ ഷീര്‍ രംഗത്തെത്തി. സംഭവത്തിന് ഇടയാക്കിയത് ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങളാണെന്ന് ഷീര്‍ പറഞ്ഞു.

വിദേശ ബന്ധമുള്ളവരെ അനര്‍ഹമായ സ്ഥാനങ്ങളില്‍ കുത്തിതിരുകുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ നയം കാരണമാണ് കാമറോണ്‍ഓര്‍ട്ടിസ് ഉപദേഷ്ടാവ് സ്ഥാനത്തെത്തിയതെന്നും ഇത്തരത്തിലുള്ള എത്രയോ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെ തകര്‍ക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നുണ്ടാകാമെന്നും ആന്‍ഡ്രൂ ഷീര്‍ പറഞ്ഞു. കുടിയേറ്റമുള്‍പ്പടെ വികലമായ, രാജ്യസുരക്ഷയെ തകര്‍ക്കുന്ന നടപടികളാണ് ജസ്റ്റിന്‍ ട്രൂഡോയുടേതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

അറസ്റ്റിലായ ഓര്‍ട്ടിസ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകം താല്‍പര്യമുള്ള അടിയന്തര അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ളയാളാണ്. ഓണ്‍ലൈന്‍ ബോട്ട്‌സ് പ്രവര്‍ത്തിപ്പിക്കുന്നതിലും ഇയാള്‍ പരിചയസമ്പത്ത് നേടിയിട്ടുണ്ട്.

Other News