കോവിഡാനന്തരം വിപണിയിലുണര്‍വ് കാണിച്ച് റിയല്‍ എസ്റ്റേറ്റ് മേഖല


FEBRUARY 20, 2021, 11:52 PM IST

ടോറന്റോ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വ്യാപകമായതോടെ സാമ്പത്തിക മാന്ദ്യം റിയല്‍ എസ്റ്റേറ്റിനെ ബാധിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും മികച്ച കുതിപ്പില്‍ വിപണി. 

ചരിത്രപരമായ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പലിശയെ തുടര്‍ന്ന് വില്‍പ്പനയും വിലയും പുതിയ റെക്കോര്‍ഡിലെത്തിയ കാഴ്ചകാണ് സംഭവിച്ചത്. കോട്ടേജുകളുടെ വില ഉയരുകയും കോണ്ടോസിന്റെ ആവശ്യം വര്‍ധിക്കുകയും ചെയ്യുകയും പുതിയ വീടുകള്‍ക്കുള്ള ധനസഹായം ആശങ്കയല്ലാതായി മാറുകയും ചെയ്തു. 

കോവിഡിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ സൗകര്യപ്രദമായ താമസ കേന്ദ്രങ്ങള്‍ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. 

നഗരത്തിന്റെ സാന്ദ്രതയില്‍ മടുത്തവരാണ് അവിടങ്ങളില്‍ നിന്നും പുറത്തേക്കു പോകാന്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല മികച്ച ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകുന്നിടങ്ങളില്‍ വിദൂര ഗ്രാമങ്ങളിലിരുന്നും കാര്യങ്ങള്‍ നിര്‍വഹിക്കാനാവും. ടോറന്റോയില്‍ ചെയ്തതെന്തും വിദൂരമായും ചെയ്യാനാവുമെന്നാണ് വിദഗ്ധരുടെ പക്ഷം. 

വിദൂര ജോലി ചിലരെ രാജ്യത്ത് രണ്ടാമത്തെ വസ്തുവകകള്‍ വാങ്ങാനോ നഗരത്തിലെ വീടുകള്‍ വിറ്റ് ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും വില കുറഞ്ഞ സ്ഥലങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഒറിലിയോ, വെല്ലാന്റ്, കിംഗ്‌സ്റ്റണ്‍, ഹാലിബര്‍ട്ടന്‍, കാംബ്രിഡ്ജ്, ടിമ്മിന്‍സ്, സാള്‍ട്ട് സ്റ്റീ മാരി തുടങ്ങി ഒന്റാരിയോയുടെ ഒരു ഡസനിലധികം പ്രദേശങ്ങളില്‍ 2020ല്‍ വീടുവില്‍പ്പന റെക്കോര്‍ഡ് ഉയരങ്ങളിലാണെത്തിയത്. 

രാജ്യത്തുടനീളമുള്ള അവധിക്കാല കേന്ദ്രങ്ങളിലും ഇതേ അവസ്ഥയാണുണ്ടായത്. ഒകനഗന്‍ വാലിയിലേയും സണ്‍ഷൈന്‍ കോസ്റ്റിലേയും വില വാന്‍കൂവര്‍ പ്രദേശങ്ങളെ മറികടക്കുകയായിരുന്നു. ആല്‍ബെര്‍ട്ടയിലെ വബാമുന്‍ തടാകത്തിലും ലാക് സ്റ്റി അന്നയിലും വിലക്കയറ്റമുണ്ടായി. പ്രിന്‍സ് എഡ്വേര്‍ഡ് കൗണ്ടി ഉള്‍പ്പെടുന്ന ക്വിന്റേ ആന്റ് ഡിസ്ട്രിക്ടില്‍ കഴിഞ്ഞ വര്‍ഷം ഭവന വില്‍പ്പന റെക്കോര്‍ഡായിരുന്നു. ഭവനന വില സൂചിക 31 ശതമാനം ഉയര്‍ന്ന് 421700 ഡോളറിലെത്തി. വിപണി മന്ദഗതിയിലായതിന്റെ ലക്ഷണമൊന്നും കാണിച്ചില്ല.

Other News