കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയാകുവോളം നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ല


MAY 12, 2021, 12:04 AM IST

ഒന്റാരിയോ: കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം ആയിരത്തില്‍ താഴെയാകുന്നതുവരെ വീട്ടില്‍ നിന്നും പുറത്തേക്കു പോകരുതെന്ന നിയമത്തിന് ഇളവുണ്ടാകില്ലെന്ന് ഒന്റാരിയോ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡേവിഡ് വില്യംസ്. നിലവിലുള്ള രോഗാവസ്ഥയുടെ മൂന്നിലൊന്നായി കോവിഡ് വ്യാപനം കുറയേണ്ടതുണ്ട്. 

നിലവില്‍ പ്രാബല്യത്തിലുള്ള സ്റ്റേ അറ്റ് ഹോം നിയമം മെയ് 20 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത തിയ്യതി ദീര്‍ഘിപ്പിക്കുമെന്നാണ് പുതിയ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്. 

തനിക്കിപ്പോള്‍ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെങ്കിലും ആയിരത്തില്‍ താഴേക്ക് രോഗികളുടെ എണ്ണം എത്തണമെന്ന കാര്യത്തില്‍ തീര്‍ച്ചയുണ്ടെന്ന് അവര്‍ പറഞ്ഞു. 

പ്രതിദിന രോഗബാധിതരുടേയും ഐ സി യുവില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണത്തില്‍ കുറവുണ്ടെങ്കിലും സ്റ്റേ അറ്റ് ഹോം എടുത്തുമാറ്റാവുന്നതിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ കണക്കുകളെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ എലിയട്ടും പറഞ്ഞു. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് മുമ്പ് കേസുകളില്‍ കാര്യമായ കുറവ് അനുഭവേെപ്പണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് നീട്ടുന്നതിനെ കുറിച്ച് ഡോ. വില്യംസില്‍ നിന്നും മറ്റു മെഡിക്കല്‍ വിദഗ്ധരില്‍ നിന്നും മന്ത്രിസഭയ്ക്ക് ഇതുവരെ ഉപദേശം ലഭിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. 

പ്രതിരോധ കുത്തിവെയ്പുകള്‍ വര്‍ധിപ്പിക്കുകയും മുതിര്‍ന്നവരില്‍ 70 ശതമാനത്തിനും മാസാവസാനത്തോടെ ആദ്യ ഡോസെങ്കിലും നല്കുകയും ചെയ്താല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നു പറഞ്ഞ ഡോ. വില്യംസ് സാവധാനം തുറക്കുകയും നാലാം തരംഗവും മറ്റൊരു അടച്ചു പൂട്ടലും ഒഴിവാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചു. 

അതിനിടെ ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന് പ്രാദേശിക പൊതുജനാരോഗ്യ ഏജന്‍സികളെ പ്രതിനിധീകരിക്കുന്ന അസോസിയേഷന്‍ നല്കിയ കത്തില്‍ മെയ് 20ന് ശേഷവും സ്‌റ്റേ അറ്റ് ഹോം നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള ഏതൊരു നീക്കവും രണ്ടാഴ്ചയിലേറെയായി മിതമായി വരുന്ന പ്രവണതകളെ തകര്‍ക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ സ്റ്റേ അറ്റ് ഹോം ദീര്‍ഘിപ്പിക്കുയാണെങ്കില്‍ ബിസിനസുകള്‍ക്ക് അതിജീവനത്തിന് ഉതകുന്ന ഫണ്ടിംഗ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കനേഡിയന്‍ ഫെഡറേഷന്‍ ഓഫഅ ഇന്‍ഡിപെന്റന്റ് ബിസിനസ് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ അഫയേഴ്‌സ് ഡയറക്ടര്‍ റയാന്‍ മല്ലോഫ് ഉന്നയിച്ചത്. മാനിറ്റോബ സര്‍ക്കാര്‍ ഇതിന് ഉദാഹരണമാണെന്നും അയ്യായിരം ഡോളര്‍ വരെ പുതിയ ഗ്രാന്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒന്റാരിയോയില്‍ അത് കാത്തിരുന്നു കാണാനേ കഴിയൂ എന്നും പറഞ്ഞു. 

നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ ജൂണ്‍ ഒന്നോടെ ടോറന്റോയില്‍ നാനൂറോളം കേസുകളാണ് ഉണ്ടാവുകയെന്നാണ് ടൊറന്റോ മെഡിക്കല്‍ ഓഫിസരല്‍ എലീന്‍ ഡി വില്ല പറയുന്നത്. അതേസമയം ഒന്റാരിയോ തുറക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ കേസുകള്‍ എണ്ണൂറായി ഉയരുമെന്നും അവര്‍ അറിയിച്ചു. 

സ്‌റ്റേ അറ്റ് ഹോം പ്രഖ്യാപിച്ച മെയ് 20ന് മുമ്പ് കാര്യങ്ങള്‍ ശരിയായ ദിശയില്‍ വരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും അവര്‍ പറഞ്ഞു.

Other News