ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളല്‍


SEPTEMBER 17, 2023, 12:09 AM IST

ന്യൂഡല്‍ഹി: കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍. കാനഡയുടെ വ്യാപാര മന്ത്രി മേരി ഇങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായാണ് വിവരം.

മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബര്‍ ഒന്‍പതിനാണ് ഇന്ത്യ സന്ദര്‍ശിക്കേണ്ടിയിരുന്നത്. എന്നാല്‍, സന്ദര്‍ശനം മാറ്റിവച്ചതായി മന്ത്രിയുടെ വക്താവ് അറിയിച്ചു.  കാരണം വ്യക്തമല്ല.

മാധ്യമങ്ങളിലൂടെയാണ് തീരുമാനം അറിഞ്ഞതെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കാനഡ- ഇന്ത്യ സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. ഈ വര്‍ഷം മേയില്‍ വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഉഭയകക്ഷി സന്ദര്‍ശനത്തിനായി കാനഡയില്‍ എത്തിയപ്പോഴാണ് വ്യാപാര ദൗത്യം പ്രഖ്യാപിച്ചത്.

കാനഡയിലെ ഇന്ത്യവിരുദ്ധ നീക്കങ്ങള്‍ തടയുന്നതിലെ അലംഭാവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റിന്‍ ട്രൂഡോയെ പ്രതിഷേധം അറിയിച്ചിരുന്നു. ജി20 ഉച്ചകോടിക്കെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിമാനം തകരാറിലായപ്പോള്‍ പകരം വിമാനം നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദാനം ട്രൂഡോ നിരസിക്കുകയായിരുന്നു.

Other News