കാനഡയില്‍ സംസ്‌കൃതപഠനം വ്യാപകമാകുന്നു


JULY 12, 2019, 3:48 PM IST

ഒരു വ്യക്തി അയാളുടെ ദേശീയസ്വത്വം കണ്ടെത്തുന്ന വഴികളില്‍ ഒന്ന് ഭാഷയാണ്. ഇന്ത്യയുടെ സാഹചര്യത്തില്‍ അത് ഹിന്ദിയോ അല്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യവഹാരത്തിന് ഉപയോഗിക്കുന്ന ഭാഷകളുമാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ദേശീയതയുടെ പ്രതിനിധാനം എന്ന നിലയില്‍ കാനഡയില്‍ സംസ്‌കൃതം പഠിക്കുകയും പറ്റിക്കപ്പെടുകയും ചെയ്യുന്നു. 

ഇക്കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ ടോറോന്റോയിലെ സ്‌കാര്‍ബറോയിലുള്ള കോര്‍ണെല്‍ പബ്ലിക് സ്‌കൂളില്‍ എല്ലാ ശനിയാഴ്ചയും രാവിലെ രണ്ടു ഡസനോളം കുട്ടികള്‍ പുരാതന ഇന്ത്യന്‍ ഭാഷയായ സംസ്‌കൃതം പഠിക്കാനുള്ള ക്ലാസിനു എത്തുമായിരുന്നു. ടോറോന്റോ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് എടുത്ത തീരുമാനത്തെ തുടര്‍ന്നായിരുന്നു അത്. 

സംസ്‌കൃത ഭാഷക്കായുള്ള ഔപചാരിക കഌസുകള്‍ തുടങ്ങാന്‍ തീരുമാനിച്ച കാനഡയിലെ ആദ്യത്തെ പ്രമുഖ നഗരമായിരുന്നു ടോറോന്റോ. കാനഡയില്‍ വ്യാപകമാകുന്ന സംസ്‌കൃത പഠനത്തിന്റെ ഒരു ഭാഗം മാത്രമാണത്. മുമ്പ് ക്ഷേത്രങ്ങളിലും സ്വകാര്യ ട്യൂട്ടര്‍മാരും മാത്രം നല്‍കിയിരുന്ന സംസ്‌കൃത വിദ്യാഭ്യാസം അതിനു പുറത്തേക്കും വ്യാപിക്കുകയാണ്. 

മേഖലയിലെ മറ്റു സ്‌കൂള്‍ ബോര്‍ഡുകളും ഇത്തരം കഌസുകള്‍ തുടങ്ങിയിട്ടുണ്ട്. പീല്‍ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് മൂന്നു സ്ഥലങ്ങളിലാണ് സംസ്‌കൃതം കഌസുകള്‍ ആരംഭിച്ചത്. മിസ്സിസ്സൗഗ, ബ്രാംപ്ടണ്‍, മില്‍ട്ടണ്‍ എന്നീ പട്ടണങ്ങളിലാണ് കഌസുകള്‍  തുടങ്ങിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ സംഭവവികാസമാണിത്. അതില്‍ ഏറ്റവുമൊടുവിലായി പങ്കുചേര്‍ന്നത് ടോറോന്റോ ആണെന്ന് മാത്രം. 

ഐച്ഛിക വിഷയമായി പഠിക്കേണ്ട അന്താരാഷ്ട്ര ഭാഷകളുടെ കൂട്ടത്തില്‍ കഴിഞ്ഞവര്‍ഷം സംസ്‌കൃതത്തെയും ഉള്‍പ്പെടുത്തുകയായിരുന്നു. ഹിന്ദി,ഉറുദു, പഞ്ചാബി, തമിഴ്, ബംഗാളി, ഗുജറാത്തി, മറാത്തി എന്നിവയാണ് ഇത്തരത്തില്‍ പഠിപ്പിക്കുന്ന മറ്റു ഇന്ത്യന്‍ ഭാഷകള്‍. 

സംസ്‌കൃത ഭാരതി എന്ന സന്നദ്ധ സംഘടനയാണ് സംസൃത ഭാഷയുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. അതിന്റെ വോളന്റീയര്‍മാര്‍ പലരും കഌസുകളില്‍ സംസ്‌കൃതം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2014ലാണ് സംസ്‌കൃത ഭാരതി രൂപീകൃതമായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ  ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതില്‍ അവര്‍ വളരെ ആഹ്ലാദിക്കുന്നു.

പ്രതീക്ഷകളെ കവച്ചുവെക്കുന്ന അമ്പരപ്പിക്കുന്ന നേട്ടമെന്നാണ് സംസ്‌കൃത ഭാരതിയുടെ പ്രസിഡന്റ് ഹര്‍ഷ തക്കര്‍ പറയുന്നത്. ഏതാനും വോളന്റീയര്‍മാരുമായി തുടങ്ങിയതാണ്. ഇപ്പോള്‍ ക്ലാസുകളുടെ എണ്ണം ഏഴായി. സംസ്‌കൃതത്തെ ഒരു വേദ ഭാഷയായി ആദരിക്കുന്നതിലുപരി, നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു സമകാലീന ഭാഷയാക്കി മാറ്റുകയാണ് സംഘടനയുടെ ലക്ഷ്യം.

മാതാപിതാക്കള്‍ കാണിക്കുന്നതായ ഉത്സാഹത്തോടൊപ്പം തന്നെ കാനഡയില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം വര്‍ദ്ധിക്കുന്നതും സംസ്‌കൃതം പഠിക്കുന്നതിനുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കുന്നു.  

കാനഡയിലെ ഇന്ത്യന്‍ വംശജരില്‍ പകുതിയോളം പേരും  ഒന്റാറിയോ പ്രവിശ്യയിലാണുള്ളത്. അവിടെയാണ് സംസ്‌കൃതം ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുള്ളത്. കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ഗ്രേഡു വരെയുള്ള കുട്ടികള്‍ (1314 വയസ്സ് പ്രായക്കാര്‍)   ആണിപ്പോള്‍ സംസ്‌കൃത കഌസ്സുകളില്‍ പങ്കെടുക്കുന്നത്.