കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ശസ്ത്രക്രിയകള്‍ വൈകിപ്പിച്ച്‌ ആശുപത്രി സൗകര്യം കൂട്ടി സസ്‌ക്കാച്ചെവന്‍


SEPTEMBER 12, 2021, 10:52 PM IST

സസ്‌ക്കാച്ചെവന്‍: കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ വൈകിപ്പിക്കുന്നു. കോവിഡ് നിരക്കുകള്‍ പ്രവിശ്യയില്‍ വര്‍ധിക്കുകയാണ്. അതോടെയാണ് തെരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകളും അടിയന്തര സേവനങ്ങളഉം വൈകിപ്പിക്കുന്നത്. ഇതോടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ വീണ്ടും സമ്മര്‍ദ്ദം ഉണ്ടാവുകയാണ്. 

തീവ്രപരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ താത്ക്കാലിക സേവനങ്ങളില്‍ കുറവ് വരുത്തുകയാണെന്ന് പ്രീമിയര്‍ സ്‌കോട്ട് മോ പറഞ്ഞു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവര്‍ പത്തു ദിവസത്തേക്ക് ഒറ്റപ്പെടല്‍ സ്വീകരിച്ച് താമസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ റീട്ടയില്‍ സ്റ്റോറുകള്‍, റസ്‌റ്റോറന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നത് നിര്‍ത്തലാക്കിയിട്ടുണ്ട്. 

കോവിഡിന്റെ നാലാം തരംഗം എല്ലാവരേയും ബാധിക്കുമെന്നും ആരോഗ്യ പരിപാലന രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ ആശങ്കകളുണ്ടാക്കുമെന്നും പ്രീമിയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ആഗസ്ത് ആദ്യം നാലാം തരംഗം ആരംഭിച്ചതുമുതല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാനാവുന്ന വിധത്തില്‍ സസ്‌ക്കാച്ചെവന്‍ കൈകാര്യം ചെയ്‌തെങ്കിലും ഏറ്റവും മോശം രീതിയില്‍ കൊറോണ ബാധിച്ച ആല്‍ബര്‍ട്ടയേയും പ്രവിശ്യ മറികടന്നിരിക്കുകയാണ്. 

സസ്‌ക്കാച്ചെവനില്‍ വെള്ളിയാഴ്ച 432 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലാഴ്ചകളിലായി 75 മുതല്‍ 190 വരെ വൈറസ് കേസുകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 203ന് തൊട്ടു താഴെയാണ് ഈ കണക്ക്. 

രോഗികളെ പരിചരിക്കാനുള്ള ശേഷി ആശുപത്രികള്‍ അധികമായി സൃഷ്ടിക്കേണ്ടതുണ്ടെന്ന് പ്രവിശ്യയിലെ ആരോഗ്യ പരിപാലന ചുമതലയുള്ള സസ്‌ക്കാച്ചെവന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു. പ്രവിശ്യയില്‍ ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ പുതിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കിലും അണുബാധയുടെ വ്യാപനം കുറക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ നടപടികള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മോ പറഞ്ഞു. മാത്രമല്ല നിരവധി പ്രവിശ്യകള്‍ അവതരിപ്പിച്ച വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ പൗരന്മാരെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്ന വിഭജന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സസ്‌ക്കാച്ചെവനിലെ എല്ലാ യോഗ്യതയുള്ള വ്യക്തികള്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്കണമെന്ന് താന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്‌സിനേഷന്‍ ഒരു തെരഞ്ഞെടുപ്പാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഒന്റാരിയോയില്‍ റസ്‌റ്റോറന്റുകളും ജിമ്മുകളും ഉള്‍പ്പെടെയുള്ള എല്ലാ ബിസിനസുകളിലും പ്രവേശിക്കാന്‍ കോവിഡ് പ്രതിരോധ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദിവസം വാക്‌സിന്‍ റജിസ്‌ട്രേഷന്‍ ഇരട്ടിയായി വര്‍ധിച്ചു. സസ്‌ക്കാച്ചെവനില്‍ 69 ശതമാനം പേര്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്‍കിയിട്ടുണ്ടെങ്കിലും കാനഡയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എങ്കിലും സസ്‌ക്കാച്ചെവനില്‍ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് പ്രതിരോധ കുത്തിവെയ്പ് നല്കിയിട്ടുള്ള നിരക്കുള്ളത്. വിദൂര വടക്കന്‍ പ്രദേശങ്ങളിലും മധ്യമേഖലയിലും 37 ശതമാനം പേര്‍ക്ക് മാത്രമാണ് പൂര്‍ണമായ പ്രതിരോധ കുത്തിവെയ്പ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ സസ്‌ക്കാച്ചെവന്റെ ആസ്ഥാനമായ റെജിനയില്‍ 73 ശതമാനം പേര്‍ കുത്തിവെയ്‌പെടുത്തിട്ടുണ്ട്. 

ആശുപത്രി സേവനങ്ങള്‍ വെട്ടിക്കുറക്കുന്ന പദ്ധതികള്‍ ഈ ആഴ്ച പ്രഖ്യാപിച്ച രണ്ടാമത്തെ പ്രവിശ്യയാണ് സസ്‌ക്കാച്ചെവന്‍. ചില ശിശു രോഗ ചികിത്സകളും ശസ്ത്രക്രിയ മാറ്റിവെക്കലുകളും ഉള്‍പ്പെടെ ആല്‍ബര്‍ട്ട കോവിഡ് അല്ലാത്ത എല്ലാ ആശുപത്രി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ചെയ്യാത്ത കോവിഡ് രോഗികളാണ് ആശുപത്രികള്‍ കീഴടക്കിയിരിക്കുന്നത്. 

സസ്‌ക്കാച്ചെവനില്‍ ശസ്ത്രക്രികളും മറ്റു നടപടിക്രമങ്ങളും താത്ക്കാലികമായി നിര്‍ത്തിവെക്കുന്നത് എത്രത്തോളം നിലനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ പ്രവിശ്യ ഇപ്പോള്‍ തന്നെ നേരത്തെ തീരുമാനിച്ച ശസ്ത്രക്രിയകളും ചികിത്സകളും മാറ്റിവെച്ചത് കുന്നുകൂടി ബുദ്ധിമുട്ടുന്നുണ്ട്. സസ്‌ക്കാച്ചെവന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ 30 വരെ 33,287 രോഗികള്‍ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്നുണ്ട്. 

കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് സസ്‌ക്കാച്ചെവന്‍ മെഡിക്കല്‍ അസോസിയേഷനിലെ എമര്‍ജന്‍സി ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന പോള്‍ ഓള്‍സിന്‍സ്‌കി അഭിപ്രായപ്പെട്ടത്. പൊതുജനാരോഗ്യമല്ല രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ലഘൂകരിക്കുന്നതിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നടപടികള്‍ക്കായി സ്വന്തം സര്‍ക്കാരുമായി പോരാടുന്നതായി ഇപ്പോള്‍ തോന്നുന്നതായും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. നാലാം തരംഗത്തെ തുടര്‍ന്ന് രോഗികളുമായി ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള അവസരങ്ങളില്ലെന്നും ഉചിതമായ വൈദ്യപരിശോധനയോ രോഗികളെ വിലയിരുത്തലോ പോലുള്ള പ്രാധാന്യമുള്ള കാര്യങ്ങളോ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആഗസ്ത് മാസത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 85 ശതമാനം ആളുകളും കുത്തിവെയ്പ് എടുക്കാത്തവരോ ഭാഗികമായി പ്രതിരോധ കുത്തിവെയ്പുകളോ എടുത്തവരാണെന്ന് സസ്‌ക്കാച്ചെവന്‍ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. വാക്‌സിനുകളെ കുറിച്ച് അസ്വസ്ഥരോ അതെടുക്കുന്നത് ഗൗരവമാണെന്ന് കരുതാത്തവരോ ആണ് കോവിഡ് പോസിറ്റീവായവരെന്നും ഇപ്പോഴവര്‍ക്ക് അക്കാര്യങ്ങളില്‍ പശ്ചാതാപമുണ്ടെന്നും ഡോക്ടര്‍ പറയുന്നു. 

ജൂലൈ മാസത്തില്‍ കാനഡയിലുടനീളം കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ സസ്‌ക്കാച്ചെവന്‍ സര്‍ക്കാര്‍ പ്രവിശ്യയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയുണ്ടായി. മാസ്‌ക് ധരിക്കുന്നതിലെ നിര്‍ബന്ധവും കോവിഡ് പോസിറ്റീവായവര്‍ സ്വയം ഒറ്റപ്പെടുന്നതും ഉള്‍പ്പെടെ എടുത്തുമാറ്റിയ നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. 

കോവിഡ് പോസിറ്റീവായതിന് ശേഷം 10 ദിവസത്തേക്ക് നിര്‍ബന്ധിത ഒറ്റപ്പെടല്‍ നിലവില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ചെയ്തിട്ടില്ലാത്ത അടുത്ത ബന്ധുക്കളും പത്തു ദിവസത്തേക്ക് ഒറ്റപ്പെടേണ്ടതുണ്ട്. എന്നാല്‍ പൂര്‍ണമായും വാക്‌സിനേഷനെടുത്തവരാണെങ്കില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിലായും ഒറ്റപ്പെടേണ്ടതില്ല. 

Other News