ആര്‍ട്ടിക് ചെന്നായ 4000 കി.മി താണ്ടി നോര്‍വേയില്‍ നിന്നും കാനഡയിലെത്തി!


JULY 8, 2019, 6:30 PM IST

ടൊറന്റോ: നാലായിരം കിലോമീറ്റര്‍ താണ്ടി നോര്‍വേയില്‍ നിന്നും കാനഡയിലെത്തിയ ആര്‍ട്ടിക് വാസിയായ ചെന്നായയെ കണ്ട് അതിശയപ്പെട്ടിരിക്കയാണ് ശാസ്ത്രജ്ഞര്‍. ആര്‍ട്ടിക് മേഖലയില്‍ വസിക്കുന്ന ചെന്നായ്ക്കള്‍ സഞ്ചാരികളാണെങ്കിലും ഇത്രയും ദൂരം സഞ്ചരിക്കുന്നത് ആദ്യമായിട്ടായിരിക്കും എന്ന വിലയിരുത്തലിലാണ് അവര്‍. 

നോര്‍വേയിലെ സ്പിറ്റ്‌സ്‌ബെര്‍ഗനില്‍ നിന്നും യാത്ര തുടങ്ങിയ ഈ പെണ്‍ ചെന്നായ 21 ദിവസമെടുത്താണ് ഗ്രീന്‍ലാന്റിലെത്തിയത്. അവിടെനിന്നും മൂന്നുമാസത്തിനുള്ളില്‍ അവള്‍ കാനഡയിലുമെത്തി. ഭൂരിഭാഗം ദിവസങ്ങളിലും 30 കിലോമീറ്ററും ചില ദിവസങ്ങളില്‍ 100 കി.മീ വരെയും പെണ്‍ചെന്നായ യാത്ര ചെയ്തിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 

പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി ട്രാക്കര്‍ ഘടിപ്പിച്ച നോര്‍വേയില്‍ വസിക്കുന്ന അന്‍പതോളം മൃഗങ്ങളില്‍ രാജ്യത്തിന് പുറത്തെത്തിയ ഏക മൃഗവും ബ്ലൂഫോക്‌സ് എന്നും അറിയപ്പെടുന്ന ഈ ചെന്നായയാണ്. ആദ്യഘട്ടത്തില്‍ ഡാറ്റ തെറ്റാണെന്നു കരുതിയെങ്കിലും കാനഡയിലെ എല്ലിസ് മെറെ ദ്വീപില്‍ നിന്നും 2018 ജൂലൈ 1 ന് ചെന്നായയെ കണ്ടെത്തിയതോടെ യാത്ര ശരിയാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുകയായിരുന്നു. 

ഭക്ഷണദൗര്‍ലഭ്യമൂലമായിരിക്കും ചെന്നായ അതിര്‍ത്തികള്‍ താണ്ടിയത് എന്ന നിഗമനത്തിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍.